NewsIndia

2016 ഏപ്രില്‍ മുതലുള്ള ബാങ്കിടപാടുകള്‍ പരിശോധിച്ചു തുടങ്ങി; കള്ളപ്പണക്കാര്‍ കുടുങ്ങുമെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: നോട്ട് നിയന്ത്രണത്തിലൂടെ രാജ്യത്ത് വിപ്ലവകരമായ ഇടപെടല്‍ നടത്തിയ കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണക്കാരെ കുടുക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2016 ഏപ്രില്‍ മുതല്‍ രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്ന ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് പരിശോധിച്ചു തുടങ്ങി. വിവിധ ബാങ്കുകള്‍വഴിയും ധനകാര്യ സ്ഥാപനങ്ങള്‍ വഴിയും പോസ്റ്റ് ഓഫീസുകള്‍വഴിയുമെല്ലാം രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയ വ്യക്തികളെ കര്‍ശനമായി നിരീക്ഷിക്കാനും ഇവരെ വിളിച്ചുവരുത്തി പണത്തിന്റെ സ്രോതസ്സ് തെളിയിക്കാനുമാണ് തീരുമാനം. ഇതോടെ കണക്കില്‍പ്പെടാത്ത പണം കൈവശം വച്ചവരും ഇടപാട് നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പായി. വ്യക്തികളുടെ ഇടപാടിന് രണ്ടരലക്ഷമാണ് ആദായ നികുതി വകുപ്പ് പരിശോധനക്കുള്ള പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കില്‍ കറണ്ട് അക്കൗണ്ടുകള്‍ക്ക് പന്ത്രണ്ടര ലക്ഷമാണ് പരിധി.

ഡിമാന്‍ഡ് ട്രാഫ്ട് മുഖേന പത്തുലക്ഷത്തിനു മുകളില്‍നടന്ന ഇടപാടുകളും പരിശോധനയില്‍ ഉള്‍പ്പെടും. സത്യസന്ധരായ ഇടപാടുകാര്‍ക്കു ആശ്വാസവും വരുമാന സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയുന്നവര്‍ക്കു കനത്ത തിരിച്ചടിയും നല്‍കുന്നതാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന പണത്തിന്റെ ഭൂരിഭാഗവും തിരിച്ചെത്തി എന്ന പ്രചാരണത്തിനു പിന്നാലെയാണ് ഇടപാടുകാരുടെ അക്കൗണ്ടുവിവരങ്ങളും പണത്തിന്റെ സ്രോതസ്സും കണ്ടെത്താനുള്ള നീക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനു മുകളിലായി പാന്‍ കാര്‍ഡ് ഇല്ലാതെ പണമിടപാട് നടത്തിയ അക്കൗണ്ടുകളും നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. രാജ്യത്തെ കള്ളപ്പണക്കാരെ കണ്ടെത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ തീരുമാനമായാണ് ആദായ നികുതി വകുപ്പിന്റെ നീക്കം വിലയിരുത്തപ്പെടുന്നത്. ഡിസംബര്‍ അവസാനം വരെയുള്ള പണമിടപാടുകളുടെ മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ ആദായ നികുതി വകുപ്പ് മുഴുവന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button