KeralaNews

EXCLUSIVE: സ്വച്ഛ് ഭാരത് അടക്കം 16 കേന്ദ്രപദ്ധതികള്‍ക്ക് അനുവദിച്ച പണത്തില്‍ ഒരുരൂപ പോലും ചെലവഴിക്കാതെ പിണറായി സര്‍ക്കാര്‍: കണക്കുകള്‍ പുറത്ത്

പി.ആര്‍ രാജ്

തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു പിന്നാലെ ആവിഷ്‌കരിച്ച ജനകീയ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കേരളം വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ടില്‍നിന്നു ഒരു രൂപപോലും ചെലവഴിക്കാതെ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നടപ്പുസാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടുമാസം മാത്രം അവശേഷിക്കേ പതിനാറ് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി അനുവദിച്ച തുകയില്‍നിന്ന് പണം ചെലവഴിക്കാനോ പദ്ധതികള്‍ നടപ്പാക്കാനോ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയും ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്ത പദ്ധതികളാണ് ഇവയില്‍ ഏറെയും. എന്നാല്‍ പദ്ധതി നടപ്പാക്കിയാല്‍ അതിന്റെ മൈലേജ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കൊണ്ടുപോകുമെന്ന ആശങ്കയാണ് ഇടതുസര്‍ക്കാരിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ രാഷ്ട്രീയം കാണുന്ന ഇടതുസര്‍ക്കാരിന്റെ നടപടി വരുംദിവസങ്ങളില്‍ കനത്ത വിമര്‍ശനത്തിനു വഴിതെളിച്ചേക്കും.

പ്രധാന്‍ മന്ത്രി ആവാസ് യോജന(അര്‍ബന്‍) – അനുവദിച്ചത് 180.20 കോടി, സ്വച്ച് ഭാരത് മിഷന്‍(അര്‍ബന്‍)- അനുവദിച്ചത് 75കോടി, രാഷ്ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍(റൂസ) – അനുവദിച്ചത്- 96.57കോടി, അമൃത് ആന്റ് സ്മാര്‍ട്ട് സിറ്റി മിഷന്‍- അനുവദിച്ചത് 325കോടി, പൊലീസ് സേനയുടെ നവീകരണം-അനുവദിച്ചത് 30കോടി – എന്നീ സുപ്രധാന പദ്ധതികളാണ് നടപ്പിലാക്കാതെ ഉപേക്ഷിച്ചവയില്‍ മുന്നിലുള്ളത്. ഇവക്ക് പുറമേ നിരവധി പ്രാദേശിക വികസന പദ്ധതികള്‍ക്കും അനുവദിച്ച തുകയില്‍നിന്നും ഒരുരൂപപോലും ചെലവഴിച്ചിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാര്‍ 26 പദ്ധതികള്‍ക്കായി അനുവദിച്ച 3,553.90 കോടിയില്‍ 1,127.3 കോടി മാത്രമാണ് ഇതുവരെ സംസ്ഥാനത്തിന് ചെലവഴിക്കാന്‍ കഴിഞ്ഞതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് വെറും 32ശതമാനം മാത്രം.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒന്‍പതുമാസം പിന്നിടുമ്പോള്‍ പ്രതീക്ഷിച്ച മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കഴിയുന്നില്ലെന്ന പൊതുവിലയിരുത്തലിനിടെ അനുവദിച്ച പദ്ധതികള്‍ക്കുള്ള പണം പോലും ചെലവഴിക്കാന്‍ കഴിയുന്നില്ല എന്നത് സര്‍ക്കാരിന്റെ ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button