Kerala

അക്രമങ്ങളിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം : രാഷ്ട്രീയ അക്രമങ്ങളിലെ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കണ്ണൂരില്‍ സന്തോഷിന്റെ കൊലയ്ക്ക് കാരണം കുടുംബവഴക്കാണെന്നാണ് സി.പി.എം.ജില്ലാ – സംസ്ഥാന സെക്രട്ടറിമാര്‍ പറഞ്ഞ് നടന്നത്. എന്നാല്‍ കേസില്‍ പിടിയിലായവരെല്ലാം സി.പി.എമ്മുകാരാണ്. കൊലനടത്തിയ ശേഷം അപവാദപ്രചരണവും നടത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നും അവര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും രമേശ് ആവശ്യപ്പെട്ടു.

മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ ബി.ജെ.പി നേതൃത്വത്തിലുള്ള മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിത്വ ദിനമായ 30ന് ജില്ലാകേന്ദ്രങ്ങളില്‍ സത്യഗ്രഹ സമരം നടത്തും. പൊതുരംഗത്തും സാഹിത്യസാംസ്‌കാരിക മേഖലയിലുമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 1 മുതല്‍ 10 വരെ വീടുവീടാന്തരം കയറിയിറങ്ങി മാര്‍ക്‌സിസ്റ്റ് അക്രമത്തിനെതിരെ പ്രചരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ഭരണ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ നാലുപേര്‍ കൊല്ലപ്പെട്ടു. മുഖ്യമന്ത്രി കണ്ണൂരില്‍ വന്നാല്‍ ഒരു രാഷ്ട്രീയ കൊലപാതകം ഉറപ്പാണെന്ന സ്ഥിതിയാണ്. സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി മുന്നോട്ട് വച്ച വ്യവസ്ഥകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെ ലംഘിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍വകക്ഷിയോഗത്തിലെ വ്യവസ്ഥകള്‍ക്ക് ഇനിയും പ്രാബല്യമില്ലെന്നും ജനങ്ങളുടെ ജീവന്‍ അവര്‍തന്നെ സംരക്ഷിക്കേണ്ട സാഹചര്യമാണെന്നും എം.ടി.രമേശ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button