Prathikarana Vedhi

നാടെങ്ങും യാത്രകളും അതിനായി പൊടിച്ചകോടികളും മാത്രം മിച്ചം: യു.പിയിലും കോൺഗ്രസ് ഒറ്റപ്പെടുന്നു ; എന്ത് ചെയ്യണം എന്നറിയാതെ കോണ്‍ഗ്രസ്‌ നേതൃത്വം ഇങ്ങനെയും ഒരു ഗതികേടോ?

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു  

ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ എന്തുചെയ്യണം എന്നറിയാതെ കോൺഗ്രസ് നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യഘട്ടം തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ജനുവരി 24 ആണെന്നിരിക്കെ എല്ലാവരാലും കൈവിട്ട ദയനീയ അവസ്ഥയിലാണ് രാഹുൽ ഗാന്ധിയുടെ പാർട്ടി. സമാജ്‍വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കാനും മറ്റുമുള്ള ശ്രമങ്ങൾ അവർ നേരത്തെ ഉപേക്ഷിച്ചിരുന്നു. പക്ഷെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അക്ഷരാർഥത്തിൽ കോൺഗ്രസിനെ പറ്റിക്കുകയായിരുന്നു. എന്തെങ്കിലും തരാം, വേണമെങ്കിൽ കൂടെ കൂടിക്കോ എന്നതാണിപ്പോൾ സാമാജിവാദി പാർട്ടി സ്വീകരിക്കുന്ന നിലപാട്. തനിച്ചു മത്സരിച്ചാൽ കഴിഞ്ഞതവണ കിട്ടിയ 28 സീറ്റിന്റെ പകുതിപോലും ഇത്തവണ കിട്ടാനിടയില്ല എന്നതാണ് നിരീക്ഷകർ നൽകുന്ന സൂചന. മാത്രമല്ല ബിജെപി ഇതിനകം തന്നെ വളരെയേറെ മുന്നേറിക്കഴിഞ്ഞു എന്നത് എല്ലാവരും സമ്മതിക്കുകയും ചെയ്യുന്നു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് അപ്രതീക്ഷിത സംഭവമായി. അതിനെ നേരിടാൻ എന്തുവേണം എന്ന് തീരുമാനിക്കാൻ അവർക്കിനാവുന്നില്ല എന്നതാണ് അതിലേറെ പ്രധാനം.

യു. പി തിരിച്ചുപിടിക്കും എന്നതായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ വലിയ പ്രഖ്യാപനം. രാഹുൽ ഗാന്ധി തന്നെ അവിടത്തെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുമെന്നും പ്രഖ്യാപിക്കപ്പെട്ടു. അതിനുപിന്നാലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനെ യുപിയുടെ പ്രഭാരിയായും ഷീല ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായും കോൺഗ്രസ് പ്രഖ്യാപിച്ചു. പിന്നെ കണ്ടത് യുപി പിടിക്കാനുള്ള ഒരു പടപ്പുറപ്പാടായിരുന്നു. എന്തൊക്കെയാണ് നടത്തിയത്. നാടെങ്ങും യാത്രകൾ. അതിനായി കുറെ കോടികൾ പൊടിച്ചു. പിന്നെ കുറെ പൊതുസമ്മേളനങ്ങൾ. അവിടെ ആളെക്കൂട്ടാനായി ചിലവിട്ടതും അനവധി കോടികൾ. ഒരിടത്ത്‌ സമ്മേളനത്തിന്‌വന്നവർ അവർക്കിരിക്കാനായി വിട്ടുകൊടുത്ത കയർ കട്ടിലുകൾ തലയിലിട്ട് കൊണ്ടുപോകുന്നതെല്ലാം നാം ടിവി ചാനലുകളിൽ കണ്ടതാണല്ലോ. പക്ഷെ ആ നീക്കവും ദയനീയപരാജയമായി. യു. പിയുടെ മരുമകൾ എന്നുപറഞ്ഞു അവിടെ അവതരിക്കപ്പെട്ട ഷീല ദീക്ഷിതിന് സ്വന്തം കക്ഷിയിൽ നിന്നുതന്നെ ശക്തമായ എതിർപ്പാണ് നേരിടേണ്ടി വന്നത്. അതുകൊണ്ടുകൂടിയാവണം പൊതുപരിപടികൾ പൊളിഞ്ഞു പാളീസായി. കോൺഗ്രസ് എന്ന സംഘടന എവിടെയും ഇല്ലെന്ന്‌ ഒറ്റനോട്ടത്തിൽ സാമാന്യം ബോധമുള്ള കോൺഗ്രസുകാർക്ക് ബോധ്യമായി. എന്തിനേറെ പറയുന്നു, തനിച്ചു മത്സരിക്കാൻ തീരുമാനിച്ചാൽ 403 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിക്കാൻ പോലും കഴിയുമോ എന്നതായി അവസ്ഥ. അങ്ങിനെയാണ് സഖ്യം എന്ന ചിന്തയിലേക്ക് നേതാക്കൾ കടന്നത്.

കോൺഗ്രസ് ആവശ്യപ്പെട്ടത്ര സീറ്റുകൾ നല്കാൻ എസ്‍പി തയ്യാറല്ല എന്നതാണ് ആദ്യ പ്രശ്നം. നൂറിലേറെ സീറ്റുകളാണ് അവരാവശ്യപ്പെട്ടത് . സമാജ്‌വാദി പാർട്ടി കരുതുന്നത് ഏതാണ്ട് അന്പത് – അറുപതു സീറ്റിലേറെ ചോദിയ്ക്കാൻ സോണിയയുടെ പാർട്ടിക്ക് ധാർമ്മികാവകാശമില്ല എന്നാണ്. അതിലുപരി കോൺഗ്രസ് ചോദിച്ചിരുന്ന എൺപതോളം സീറ്റുകളിൽ സമാജ്‍വാദി പാർട്ടിയുടെ സ്ഥാനാർഥികർ രംഗപ്രവേശം ചെയ്യുകയും ചെയ്തു. അമേത്തി, റായ് ബറേലി തുടങ്ങിയ രാഹുൽ- സോണിയാദികളുടെ മണ്ഡലങ്ങളിൽ പോലും കോൺഗ്രസിന് സീറ്റില്ലാതെവന്നാലോ ; അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്. ഇനി എസ്‌പി നീട്ടുന്നസീറ്റുകൾ വാങ്ങിയാൽ തോൽവി ഉറപ്പ് . കാരണം, തങ്ങൾക്ക് കാര്യമായി ഒരു അടിത്തറയും ഇല്ലാത്ത മണ്ഡലങ്ങളാണ് കോൺഗ്രസിന് വെച്ചുനീട്ടുന്നത് . വേണമെങ്കിൽ തങ്ങൾ തരുന്നത് വാങ്ങി കൂടെ നിന്നോ, ഇല്ലെങ്കിൽ പൊയ്ക്കോ എന്നതാണത്രേ സമാജ്‍വാദി പാർട്ടി നേതാക്കളുടെ നിലപാട്. ഏറ്റവുമൊടുവിൽ കേട്ടത്, അഖിലേഷ് യാദവുമായി അവസാനവട്ടം ചർച്ചക്ക് പ്രിയങ്ക ഗാന്ധി ലൿനൗയിലേക്ക് പോകുന്നു എന്നാണ്. കഷ്ടം. തനിച്ചു മത്സരിക്കും എന്നൊക്കെ രാഹുലും, ഗുലാം നബി ആസാദുമൊക്കെ വീമ്പിളക്കുമ്പോഴാണ് പ്രിയങ്ക മാഡം അവസാനത്തെ ആയുധവുമായി അഖിലേഷ് യാദവിന്റെ അടുക്കലേക്ക്‌ ഇറങ്ങിയത്. എന്തായിരുന്നൊ ആ ആയുധം, അറിയില്ല. ?. എന്തായാലും അതും എവിടെയുമെത്തിയില്ല എന്നത് വ്യക്തമായിക്കഴിഞ്ഞു. ഇനി തനിച്ചു മത്സരിക്കാൻ തീരുമാനിച്ചാൽ 404 നിയമസഭാ മണ്ഡലങ്ങളിലേക്ക്‌ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും ഇനി കോൺഗ്രസിനാവുമോ എന്നത് കണ്ടറിയണം എന്നാണ് ആ പാർട്ടിയിലെ തന്നെ നേതാക്കൾ സ്വകാര്യമായി പറയുന്നത്. ആരെയെങ്കിലും പിടിച്ചു നിർത്തിയിട്ട് കാര്യമില്ലല്ലോ. മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ഷീല ദീക്ഷിതിനോട് വീട്ടിൽ ചെന്നിരുന്നോളാൻ നേരത്തെ പറഞ്ഞു. അതുകൊണ്ട്‌ ആ മേലാപ്പ് ചുമക്കാനും ഇനി പുതിയ ഒരാളെ കണ്ടെത്തണം. ആരെങ്കിലും ആയാൽ പോരല്ലോ; യുപി മുഖ്യമന്ത്രിയാവാൻ പറ്റിയഒരാൾ വേണമല്ലോ. ഗതികേട് തന്നെ, അല്ലെ.

2012- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വെറും 13. 26 ശതമാനം വോട്ടാണ് കോൺഗ്രസിന് കിട്ടിയത്. സീറ്റുകൾ ആകട്ടെ 28. അതിൽ തന്നെ റായ് ബറേലി, അമേത്തി എന്നിവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. അതായതു സോണിയ, രാഹുൽ എന്നിവരുടെ മണ്ഡലങ്ങളിലും കോൺഗ്രസ് അന്ന് വിജയിച്ചില്ല. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പായപ്പോൾ അവരുടെ സ്ഥിതി കൂടുതൽ മോശമായി. ആകെ കിട്ടിയത് രണ്ടു സീറ്റ്; വോട്ടാവട്ടെ വെറും 7. 53 ശതമാനം. 60.61 ലക്ഷം വോട്ടാണ് അവർക്ക് കിട്ടിയത് എന്നതും പറയുന്നതാണ് നല്ലത് . അതൊക്കെയാണ് ഇന്നിപ്പോൾ സമാജ്‍വാദി പാർട്ടി ചൂണ്ടിക്കാണിക്കുന്നത്. അന്ന് അജിത് സിംഗിന്റെ ആർഎൽഡി കോൺഗ്രസിനൊപ്പം ഉണ്ടായിരുന്നു എന്നതും പറയേണ്ടതുണ്ട്. 2014 -ൽ ബിജെപിക്ക് അവിടെ ലഭിച്ചത് 42. 63 വോട്ടാണ്. ബിഎസ്‌പിക്ക് 19. 77 ശതമാനവും എസ്‌പിക്ക് 22.35 ശതമാനവും വോട്ടുകിട്ടി. അജിത് സിങ് നേടിയത് 6. 89 ശതമാനമാണ്. വേണമെങ്കിൽ കോൺഗ്രസും എസ്‌പിയും അജിത് സിങ്ങും ചേർന്നാൽ ബിജെപിയോട് ഒരു കനത്ത പോരാട്ടം കാഴ്ചവെക്കാൻ കഴിയും. അവർക്കെല്ലാം കൂടി ഏതാണ്ട് 32 ശതമാനം വോട്ടുണ്ട്‌ . എന്നാൽ അതൊന്നും നടക്കുന്ന സ്ഥിതിയല്ല ഉള്ളത്.

ഇവിടെയിപ്പോൾ അജിത് സിങ് ആരുമായും കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. കോൺഗ്രസിനൊപ്പം എസ്‌പിയുമായി ചേർന്ന് മുന്നണി ഉണ്ടാക്കാം എന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാൽ അതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായി. അജിത് സിങ്ങിനുള്ള പ്രശ്നം മറ്റൊന്നുകൂടിയാണ്. അദ്ദേഹത്തിൻറെ പ്രഖ്യാപിത പടിഞ്ഞാറൻ യുപിയിലാണ് ആദ്യഘട്ടം നടക്കുന്നത്. ജാട്ടുകൾക്കും മുസ്ലിം വോട്ടര്മാര്ക്കും വലിയ സ്വാധീനമുള്ള മേഖല. പഴയ ചൗധരി ചരൺ സിംഗിന്റെ കൊട്ടകളാണത്. കഴിഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി അവിടം കൈക്കലാക്കി. എല്ലാ സീറ്റുകളും ഇന്ന് ബിജെപിയുടെ കയ്യിലാണ്. അവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഈ മാസം 24 നാണ് , അതായത് അടുത്ത ചൊവ്വാഴ്ച. ഇനി രണ്ടുദിവസമേ ആർഎൽഡി നേതാവിന്റെ മുന്നിലുള്ളൂ. മറ്റു മണ്ഡലങ്ങളിൽ തനിക്ക്‌ വലിയ പ്രതീക്ഷകളും ഇല്ല എന്നത് എല്ലാ കക്ഷികൾക്കും അറിയാം. അതുകൊണ്ട്‌ ഇന്നോ നാളെ രാവിലെയോ തീരുമാനം ഉണ്ടാവണം. 73 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിലേക്ക് നീങ്ങുക. അതേസമയം എസ്‌പി അതിൽ ഏതാണ്ട് 50 -55 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചും കഴിഞ്ഞു. മായാവതി മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. ഞങ്ങൾ പ്രഖ്യാപിക്കാതെ മണ്ഡലങ്ങൾ, ബാക്കിയുള്ളത്‌ , വേണമെങ്കിൽ തരാം എന്നതാണ് മുലയാമിന്റെ കക്ഷിയുടെ നിലപാട്. ഈ സാഹചര്യത്തിൽ അജിത് സിങ്ങിന് ഇനി ഏറെ ആലോചിക്കാനും മറ്റും നേരമില്ല. തനിച്ചു മത്സരിക്കുക എന്നതാവണം അദ്ദേഹത്തിന്റെ മുന്നിലെ മാർഗം. കോൺഗ്രസിനൊപ്പം കൂടിയതുകൊണ്ട്‌ ഇതായി അജിത്‌സിംഗിന്റേയും അനുഭവം.

ബിജെപിയെ തോൽപ്പിക്കാൻ എല്ലാവരും ഒന്നിക്കണം എന്നതായിരുന്നു യുപിയിലും പ്രതിപക്ഷം മുന്നോട്ടുവെച്ച മുദ്രാവാക്യം. അപ്പോഴും മുലായവും മായാവതിയും രണ്ടുതട്ടിലായിരുന്നു. അവർ ബദ്ധ വൈരികളാണ്. എന്നാൽ കോൺഗ്രസ് അജിത് സിങ്, മുലായം തുടങ്ങിയവർ ഒന്നിച്ചുവരും എന്ന് കരുതിയതാണ്. ബീഹാറിൽ നിതീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയ അതെ ഏജൻസിയാണ് യുപിയിൽ രാഹുലിന് ഉപദേശങ്ങൾ നൽകിയിരുന്നത്. അവർ പലവട്ടം പ്രതിപക്ഷവുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഒന്നും എവിടെയുമെത്തിയില്ല . ഇത്തരം പ്രതിപക്ഷ നീക്കങ്ങൾ തകരുന്നത് തീർച്ചയായും ബിജെപിക്ക് സന്തോഷം പകരും. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കുറച്ചെന്തെങ്കിലും പ്രതീക്ഷ ഉണ്ടായിരുന്നത് ഉത്തരാഖണ്ഡും, മണിപ്പൂരുമാണ്. രണ്ടിടത്തും അവരിത്തവണ ഒന്നാം കക്ഷിയാവില്ല എന്നതാണ് സർവേകൾ കാണിക്കുന്നത്. മണിപ്പൂരിൽ പോലും ബിജെപിക്ക് മുൻകൈ കാണുന്നുണ്ടുതാനും. അതൊക്കെകൊണ്ട് ഈ തിരഞ്ഞെടുപ്പിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്. അതുകൊണ്ടൊക്കെ തന്നെയാണ് കോൺഗ്രസിന്റെ ദയനീയാവസ്ഥയും രാഷ്ട്രീയമായ ഒറ്റപ്പെടലും ശ്രദ്ധിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button