KeralaIndiaNews

റിപ്പബ്ലിക്ദിനത്തിൽ പ്രധാനമന്ത്രിയുടെ കൂടെയിരുന്ന് കീർത്തിയും ശ്രേയയും പരേഡ് കാണും; അഭിജിത് പരേഡിൽ പങ്കെടുക്കും

 

ഈ വർഷത്തെ റിപ്പബ്ലിക്ദിനത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാ ശാലയിലെ മൂന്ന് വിദ്യാർത്ഥികൾ സർവകലാശാലയ്ക്കും സംസ്ഥാനത്തിനും അഭിമാനമാകും. കീർത്തിയും ശ്രേയയും റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിലെ പ്രൈംമിനിസ്റ്റേഴ്‌സ് ബോക്‌സിലിരുന്ന് പ്രധാനമന്ത്രി യോടൊപ്പം റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കുമ്പോൾ അഭിജിത് പരഡേിൽ പങ്കെടുക്കും.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് മൂവരും. രണ്ടാം വർഷ സോഷ്യോളജി ബിരുദാനന്തരബിരുദ വിദ്യാർത്ഥിനിയാണ് കീർത്തി എൻ.കെ. നാലുമാക്കൽ കുട്ടൻ- സുഷമ ദമ്പതികളുടെ മകളായ കീർത്തി കൊടുങ്ങല്ലൂരിനടുത്ത് അഞ്ചങ്ങാടി സ്വദേശിനിയാണ്. തിരുവനന്തപുരം ജില്ലയിലെ കൊടങ്ങാവിള, തൊഴുവരത്തല പുത്തൻവീട്ടിൽ ശ്രീകുമാരൻനായർ-പത്മം ദമ്പതികളുടെ മകളായ ശ്രേയ എസ്. പി. രണ്ടാം വർഷ എം.എസ്.ഡബ്ല്യൂ. വിദ്യാർത്ഥിനിയാണ്. 2016 ജൂണിൽ നടത്തിയ നെറ്റ് പരീക്ഷയെഴുതി ആദ്യ അവസരത്തിൽ തന്നെ സോഷ്യൽ വർക്കിൽ ജൂണിയർ റിസർച്ച് ഫെല്ലോഷിപ്പ് ലഭിച്ച ശ്രേയക്ക് ഈ അംഗീകാരം കൂടിയായപ്പോൾ ഇരട്ടി മധുരമായി. പഠനത്തിൽ മികവ് പുലർത്തുന്ന ഇവർ രണ്ട് പേരും 25 ന് ഡൽഹിക്ക് പുറപ്പെടും.

റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട അഭിജിത് ഷിബു ഒരു മാസമായി ഡൽഹിയിൽ റിപ്പബ്ലിക്ദിന പരേഡിന് ഒരുക്കമായുള്ള റിഹേഴ്‌സൽ ക്യാമ്പിലാണ്. നാഷണൽ സർവ്വീസ് സ്‌കീമിലെ പ്രവർത്തനങ്ങളാണ് അഭിജിതിനെ റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുക്കുവാൻ അർഹനാക്കിയത്. സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ രണ്ടാം വർഷ ബി.എ. (സംസ്‌കൃതം ന്യായം) വിദ്യാർത്ഥിയായ അഭിജിത് എറണാകുളം ജില്ലയിലെ മലയാറ്റൂർ ഇല്ലിത്തോട് സ്വദേശിയാണ്.

നാനാമേഖലകളിൽ കഴിവ് തെളിയിച്ച മിടുക്കരായ രാജ്യത്തെ നൂറ് വിദ്യാർത്ഥികളെ പ്രൈം മിനിസ്റ്റേഴ്‌സ് ബോക്‌സിലിരുന്ന് റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കുവാൻ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം എല്ലാ വർഷവും തെരഞ്ഞെടുക്കാറുണ്ട്. സംസ്‌കൃത സർവകലാശാലയുടെ ചരിത്രത്തിലാദ്യമാണ് ഇത്തരമൊരു അവസരം സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. രജതജൂബിലി വർഷത്തിൽ സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നു, വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ പറഞ്ഞു. മൂന്ന് വിദ്യാർത്ഥികളെയും വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ, പ്രോ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് എന്നിവർ അനുമോദിച്ചു.

റിപ്പബ്ലിക് പരേഡ് കാണാനും പങ്കെടുക്കാനും ലഭിച്ച അവസരത്തിൽ സന്തോഷമുണ്ടെന്ന് ശ്രെയയും കീർത്തിയും അഭിജിത്തും ഈസ്റ്റ് കോസ്റ്റിനോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button