NewsIndia

കേന്ദ്രത്തിന്റെ ശുപാര്‍ശ മറികടന്ന് രാഷ്ട്രപതി നാലുപേരുടെ വധശിക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി : കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും ബീഹാര്‍ സര്‍ക്കാരിന്റെയും ശുപാര്‍ശകള്‍ മറികടന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാലുപേരുടെ വധശിക്ഷ റദ്ദാക്കി. 1992-ല്‍  ബിഹാറില്‍ 34 മേല്‍ ജാതിക്കാരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷയാണ് ഇളവുചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ തള്ളി ദയാഹര്‍ജികളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുന്നത് അപൂര്‍വമാണ്.
പുതുവര്‍ഷ ദിനത്തില്‍ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം കൃഷ്ണ മോച്ചി, നന്നേ ലാല്‍ മോച്ചി, ബിര്‍ കുവേര്‍, പാസ്വാര്‍ ധര്‍മേന്ദ്ര സിംഗ് എന്നിവര്‍ ഇനി ജീവപര്യന്തം അനുഭവിച്ചാല്‍ മതി. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ പ്രവര്‍ത്തകരാണിവര്‍
ബീഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം 2016 ഓഗസ്റ്റ് എട്ടിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാലുപേരുടെയും ദയാഹര്‍ജി തള്ളാനായി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കേസിലെ വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ശിക്ഷ കുറയ്ക്കാന്‍ രാഷ്ട്രപതി തീരുമാനിക്കുകയായിരുന്നു. ദയാഹര്‍ജികള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിരീക്ഷണങ്ങളും പ്രധാനമായും പരിഗണിച്ചാണ് രാഷ്ട്രപതി തീരുമാനത്തിലെത്തിയത്.
2004 ജൂലായ് ഏഴിന് പ്രതികള്‍ സമര്‍പ്പിച്ച ദയാഹര്‍ജി സംസ്ഥാനസര്‍ക്കാര്‍ ആഭ്യന്തരമന്ത്രാലയത്തിനോ രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിനോ കൈമാറിയിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലുകളുടെ ഫലമായി 12 വര്‍ഷത്തിനുശേഷമാണ് ഇതയച്ചത്.
തൊണ്ണൂറുകളില്‍ ബിഹാറിലുണ്ടായ ജാതിപ്പോരിന്റെ ഭാഗമായാണ് ഗയ ജില്ലയിലെ ബാരയില്‍ ഭൂമിഹാര്‍ വിഭാഗത്തില്‍പ്പെട്ട 35 പേര്‍ കൊല്ലപ്പെട്ടത്. ശിക്ഷിക്കപ്പെട്ട നാലുപ്രതികളില്‍ മൂന്നുപേരും ദളിത് വിഭാഗത്തില്‍ പ്പെട്ടവരാണ്. 2001-ലാണ് സെഷന്‍സ് കോടതി ഇവക്ക് വധശിക്ഷ വിധിച്ചത്. 2002 ഏപ്രില്‍ 15-ന് സുപ്രീംകോടതി വിധി ശരിവെച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button