Kerala

കേന്ദ്ര ബജറ്റിനെക്കുറിച്ച് മന്ത്രി ഡോ.തോമസ്‌ ഐസക്

തിരുവനന്തപുരം•നോട്ട് നിരോധനം താൽക്കാലിമായ ചില പ്രശ്നങ്ങളേ ഉണ്ടാക്കിയിട്ടൂളളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടു പിടിക്കുന്ന ബജറ്റാണ് ജെയ്റ്റ്‌ലിയുടെതെന്ന് സംസ്ഥാന ധനമന്ത്രി ഡോ.ടി.എം തോമസ്‌ ഐസക്. 2016-17 ലെ സാമ്പത്തിക വളർച്ച 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിന് മുമ്പുള്ള വളർച്ചയാണ്. യഥാർത്ഥത്തിൽ നടപ്പുവർഷത്തെ വളർച്ച 6 നും 6.5 നും ഇടയിലായിരിക്കുമെന്നാണ് യാഥാർത്ഥ്യബോധത്തോടെയുള്ള വിശകലനം കാണിക്കുന്നത്. അടുത്ത വർഷമാകട്ടെ സാമ്പത്തിക വളർച്ച 6.5 ശതമാനം വരെ താഴാമെന്ന് ഇക്കണോമിക് സർവ്വേ തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു മാന്ദ്യകാലത്തെ പ്രതിരോധിക്കുന്ന ബജറ്റല്ല ജെയ്റ്റ്‌ലിയുടേത്. ഇത് സമ്പദ്ഘടനയ്ക്ക് ധനപരമായ ഒരു ഉത്തേജനവും നൽകുന്നില്ല. ധനകമ്മി 3.2 ശതമാനമായി താഴ്ത്തി നിർത്തിയതിലാണ് കേന്ദ്രധനമന്ത്രി ഊറ്റം കൊള്ളുന്നത്. ഈ സമീപനം സാമ്പത്തിക മുരടിപ്പ് രൂക്ഷമാക്കുമെന്നും തോമസ്‌ ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യഥാർത്തിൽ സർക്കാരിന്റെ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ ബജറ്റിൽ അത് 21.5 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചിരിക്കുന്നത്. വർദ്ധന കേവലം 6.5 ശതമാനം മാത്രമാണ്. ഇതുതന്നെ നികുതി വരുമാനം 12.6 ശതമാനം വളരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ജെയ്റ്റ്‌ലിയുടെ ഏറ്റവും പ്രധാന വിഭവസമാഹരണ വർദ്ധന പൊതുമേഖലാ ഓഹരികളുടെ വിൽപ്പനയിലാണ്. പുതുക്കിയ കണക്ക് പ്രകാരം 2016-17 ൽ 45,500 കോടി രുപയാണ് ഇതുവഴി സമാഹരിക്കാൻ കഴിഞ്ഞത്. എന്നാൽ അടുത്ത വർഷം 72,500 കോടി രൂപയാണ് ഓഹരികളും പൊതുസ്വത്തുക്കളും വിറ്റുണ്ടാക്കുവാൻ ഉദ്ദേശിക്കുന്നത്.

ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ ചെലവുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ 48,000 കോടി രൂപയുടെ റിക്കോർഡ് വകയിരുത്തൽ ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2016-17 ലെ പുതുക്കിയ കണക്കു പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് തൊഴിലുറപ്പിൽ കൂടുതലായി വകയിരുത്തിയിരിക്കുന്നത്. ഈ തുകയാകട്ടെ രജിസ്റ്റർ ചെയ്തവർക്ക് ശരാശരി 45 ദിവസത്തെ തൊഴിൽദിനങ്ങൾ നൽകാനേ തികയൂ. 100 ദിവസത്തെ തൊഴിൽ നൽകുമെന്ന കേന്ദ്രധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.

പി.എം.ജി.എസ്.വൈ.യ്ക്ക് പുതുക്കിയ കണക്കിൽ 19,000 കോടി രൂപയാണ് 2016-17 ലെ ചെലവ്. ഈ തുക മാത്രമേ 2017-18 ലും വകയിരുത്തിയിട്ടുള്ളൂ. സർവ്വശിക്ഷാ അഭിയാന് ഇപ്രകാരം 1,300 കോടി രൂപയും ഉച്ചഭക്ഷണത്തിന് 300 കോടി രൂപയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടി രൂപയും മാത്രമേ അധികമായി വകയിരുത്താൻ തയ്യാറായിട്ടുള്ളൂ. സാമൂഹിക പെൻഷനുകൾക്ക് കഴിഞ്ഞ വർഷത്തെ 9,500 കോടി രൂപ മാത്രമേ ഈ വർഷവും ഉള്ളൂ.

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തൽ 48,072 കോടി രൂപയിൽ നിന്ന് 51,026 കോടി രൂപയായി ഉയർത്താനേ തയ്യാറായുള്ളൂ. വെറും 3,000 കോടി രൂപയുടെ വർദ്ധന. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്കുള്ള തുക 13,240 കോടി രൂപയിൽ നിന്ന് 9,000 കോടി രൂപയായി കുറയ്ക്കുകയും ചെയ്തു. ഗ്രാമവികസനത്തിനും 3,000 കോടിയുടെ വർദ്ധനയേ ഉള്ളൂ. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9,559 കോടി രൂപയിൽ നിന്ന് 9,000 കോടി രൂപയായി കുറയ്ക്കുകയാണ് ചെയ്തത്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതത്തിൽ ഗണ്യമായ വർദ്ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയർത്തിയിട്ടുള്ളു – 9,90,311 കോടി രൂപയിൽ നിന്ന് 10,85,074 കോടി രൂപയിലേക്ക്. വർദ്ധന 94,763 കോടി രൂപ മാത്രം. സംസ്ഥാനങ്ങൾക്ക് വായ്പയിൽ 0.5 ശതമാനം വർദ്ധന അനുവദിക്കാനും കേന്ദ്രധനമന്ത്രി തയ്യാറായിട്ടില്ലെന്നും ഐസക് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button