NewsEast Coast Special

മസ്തിഷ്ക മരണം ആശുപത്രികളുടെ തട്ടിപ്പോ? അവയവക്കച്ചവടത്തിന് പിന്നിലെ ഞെട്ടിപ്പിക്കുന്ന കഥകള്‍

“അപകടത്തില്‍പ്പെട്ട് മസ്തിഷ്ക മരണം സംഭവിച്ച യുവാവ്‌ അഞ്ചോളം പേര്‍ക്ക് പുതുജീവന്‍ നല്‍കി” . പത്രത്താളുകളില്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ വായിച്ച് ആ ആത്മാവിനും മകനെയോ ഭര്‍ത്താവിനെയോ നഷ്ടപ്പെട്ട വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ അയാളുടെ കുടുംബത്തിനും വേണ്ടി മനസ്സില്‍ അറിയാതെയെങ്കിലും നമ്മള്‍ പ്രാര്‍ത്ഥിച്ചു പോയിട്ടുമുണ്ടാകും. മരിച്ചയാളുടെ ബന്ധുക്കള്‍ സൗജന്യമായാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നതെങ്കിലും ഇതിന് പിന്നില്‍ കോടികളുടെ കച്ചവടം നടക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.

അവയവങ്ങളെടുക്കാൻ മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ കൊല്ലുന്ന വമ്പൻ മാഫിയ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ? ഈ ചോദ്യം പലകോണില്‍ നിന്ന് ഉയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് 2009 ല്‍ കൊച്ചിയിലെ പ്രമുഖ ആശുപത്രി കേസെടുത്തുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. അത്രയ്ക്കുണ്ട് അവയവ മാഫിയയുടെ ശക്തി.അടുത്തിടെ മസ്തിഷ്ക മരണം സംഭവിച്ച ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ഡോക്ടർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയതോടെയാണ് മസ്തിഷ്ക മരണത്തിന്റെ പേരിലുള്ള അവയവക്കച്ചവടം വീണ്ടും ചര്‍ച്ചയാകുന്നത്. അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ചു എന്ന് പറഞ്ഞു കരുനാഗപ്പള്ളി സ്വദേശിയായ നിഥിൻ എന്ന ചെറുപ്പക്കാരന്റെ അവയവങ്ങൾ കൈമാറ്റം ചെയ്യപ്പെട്ടതും മരണവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊല്ലത്തെ ഡോ.എസ് ഗണപതിയാണ് രംഗത്തെത്തിയത്.

കരുനാഗപ്പള്ളി മാരാരിത്തോട്ടം ആൽത്തറമൂട് പുതുമംഗലത്ത് കിഴക്കതിൽ മോഹനൻ – ലളിത ദമ്പതികളുടെ അകാലത്തിൽ പൊലിഞ്ഞ മകൻ നിഥിൻ (19) മസ്തിഷ്ക മരണത്തിന്റെ പേരിൽ നടക്കുന്ന അവയവ കച്ചവടത്തിന്റെ ഇരയാണെന്നാണ് ഡോ. ഗണപതി പരാതിയിൽ പറയുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നിഥിനെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട നിഥിന്റെ ആരോഗ്യനിലയെക്കുറിച്ച് യാതൊരു വിവരവും പിന്നീട് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പങ്കുവച്ചിരുന്നില്ല. പിറ്റേന്ന് ഉച്ചയ്ക്ക് ഒരാൾ വന്ന് അടുത്ത ബന്ധുക്കളെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. നിഥിൻ ഇനി ജീവിക്കില്ലെന്നും അയാളുടെ അവയവങ്ങൾ ദാനം ചെയ്താൽ 9 പേരിലൂടെ ജീവിക്കുമെന്നും പറഞ്ഞു. പുറത്തെടുത്താൽ 15 മിനിട്ട് പോലും ജീവിക്കില്ലെന്നും അവയവങ്ങൾ ദാനം ചെയ്യണമെന്നും പറഞ്ഞ് അയാൾ സമ്മർദ്ദത്തിലാഴ്ത്തി. സമ്മര്‍ദ്ദത്തിന് വഴങ്ങി നിഥിന്റെ അച്ഛൻ മോഹനൻ സമ്മതപത്രം ഒപ്പിട്ട് നൽകി. വൈകിട്ട് 4.45ന് മരിച്ചതായി സ്ഥിരീകരിച്ചു. അടുത്തദിവസം അവയവങ്ങൾ നീക്കി. ആശുപത്രി ചെലവായി 88,000 രൂപയുടെ ബില്ലും നൽകി.

ഹൃദയം, ശ്വാസകോശം (50 ലക്ഷം), കിഡ്നി- 2 പേർക്ക് (30 ലക്ഷം), കരൾ (60 ലക്ഷം), പാൻക്രിയാസ് (20 ലക്ഷം), ചെറുകുടൽ (20 ലക്ഷം) കോർണിയ (2 പേർക്ക്- ഒരു ലക്ഷം) എന്നിങ്ങനെയാണ് അവയവക്കച്ചവടത്തിന്റെ നിരക്കുകള്‍ എന്ന് ഗണപതി പറയുന്നു.

മസ്തിഷ്ക മരണം സ്ഥിരീകരിക്കാൻ 4 ഡോക്ടർമാരുടെ പാനൽ, ഇതിൽ 2 പേർ സർക്കാർ മെഡി.കോളേജിൽ നിന്നായിരിക്കണം, തലച്ചോറ് ആൻജിയോഗ്രാം ചെയ്യണം, നടപടികൾ വീഡിയോയിൽ റെക്കാഡ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് ഇത് സംബന്ധിച്ച് ഡോ.ഗണപതി കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ അന്യായത്തില്‍ ഉന്നയിച്ചിരുന്നത്. ഡോ. ഗണപതിയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹൻ എം. സന്താനഗൗഡർ, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നവംബർ 4ന് ഉത്തരവിട്ടു. തുടർന്ന് ഡിസംബർ 19ന് ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ ഡോ. ഗണപതിയെ ചർച്ചയ്ക്ക് ക്ഷണിച്ചു. കോടതി ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ ഉത്തരവായി പുറത്തിറക്കുമെന്ന് അറിയിച്ചെങ്കിലും നാളിതുവരെ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.

എന്താണ് മസ്തിഷ്ക മരണം? എന്താണ് മസ്തിഷ്‌കമരണത്തിന് മറ്റ് അപകടങ്ങളില്‍നിന്നുള്ള പ്രത്യേകത?

ശ്വാസോച്ഛാസം, രക്തചംക്രണം, മസ്തിഷ്‌ക പ്രവര്‍ത്തനം എന്നിവയുടെ സമ്മിശ്രമായ നിശ്ചലാവസ്ഥയെയാണ് മരണമെന്ന് നാം വിളിക്കുന്നത്. മസ്തിഷ്‌കത്തിലെ കോശങ്ങളുടെ പ്രവര്‍ത്തനം സ്ഥിരമായി നിലയ്ക്കുന്ന അവസ്ഥയാണ് മസ്തിഷ്‌ക മരണം. മസ്തിഷ്‌കത്തിനേറ്റ ഗുരുതര പരുക്കുകള്‍, മസ്തിഷ്‌കാഘാതം മൂലമോ മസ്തിഷ്‌കത്തെ ബാധിച്ച അസുഖങ്ങള്‍ മൂലമോ മസ്തിഷ്‌കത്തെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാനാകാത്ത അവസ്ഥയും ശ്വസനശേഷി വീണ്ടെടുക്കാനാവാത്ത അവസ്ഥയും സംഭവിക്കുമ്പോഴാണ് മസ്തിഷ്‌ക മരണം നിര്‍ണയിക്കപ്പെടുന്നത്.

ഈ കാര്യം ഏതാണ്ട് എല്ലാ രാജ്യങ്ങളിലും വൈദ്യശാസ്ത്ര നിയമപരമായി ഒരു വ്യക്തിയുടെ മരണമായി കണക്കാക്കുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായി വ്യക്തമായ മാനദണ്ഡം ഇന്നു നിലവിലുണ്ട്.
ശ്വാസകോശം, ഹൃദയം, മസ്തിഷ്‌കം എന്നിവയുടെ നിശ്ചലത മരണത്തിനു കാരണമാകും. ഇവയില്‍ ആദ്യത്തെ രണ്ടു ഘടകങ്ങളുടെ നിശ്ചലത നിശ്ചിതഘട്ടങ്ങള്‍ക്കപ്പുറം നീണ്ടു പോകാതിരുന്നാല്‍ വൈദ്യശാസ്ത്രത്തില്‍ പ്രതിവിധികളുണ്ട്. എന്നാല്‍ ചില മസ്തിഷ്‌കഭാഗത്തിന് അഞ്ചുമിനുട്ടില്‍ കൂടുതല്‍ ഓക്‌സിജന്‍ ലഭിക്കാതെ പോയാല്‍ നിത്യമായ നാശത്തിനുതന്നെ കാരണമാകും.

മസ്തിഷ്‌കത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയും ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. ഒരു വ്യക്തിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിക്കണമെങ്കില്‍ രണ്ട് കാരണങ്ങള്‍ പ്രകടമാകണം.

മസ്തിഷ്‌കത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിക്കുകയും ആശുപത്രി ഉപകരണങ്ങളുടെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയും ചെയ്യുമ്പോഴാണ് മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുന്നത്. മസ്തിഷ്‌ക മരണത്തിന് സാധ്യതയുള്ള കാരണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം. ചികില്‍സകളാല്‍ തിരിച്ചുവരാനുള്ള സാധ്യതകള്‍ മസ്തിഷ്‌കം പ്രകടമാക്കുകയാണെങ്കില്‍ മരണം സ്ഥിരീകരിക്കരുതെന്ന് നിര്‍ദേശിക്കുന്നു.

കുറഞ്ഞ രക്ത സമ്മര്‍ദ്ദം, ശരീരത്തിന്റെ ഊഷ്മാവ് കുറയുക തുടങ്ങിയവ മസ്തിഷ്‌ക മരണത്തിന് കാരണമാകുന്നു. ശ്വസനം കൃത്യമായ രീതിയില്‍ നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ അപ്നിയ പരിശോധന ഉറപ്പ് വരുത്തണം. എന്നാല്‍ പല ആശുപത്രികളും കൃത്യമായ നിഗമനങ്ങളില്‍ എത്താറില്ലെന്ന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യു.എസില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Post Your Comments


Back to top button