IndiaWriters' Corner

ഭാരതത്തിലെ പൂർവികർ മണ്ണുണ്ണികളും ജാതിയിൽ അഭിരമിച്ചും സ്ത്രീകളെ തീയിലിട്ടു ചുട്ടും കഴിഞ്ഞിരുന്നവർ ആയിരുന്നില്ല,നമ്മുടെ പൂർവികരുടെ ധിഷണാ വൈഭവത്തിന്റെ നാലിലൊന്നു പോലും നമുക്കില്ലാതായതെങ്ങനെ?

കൃഷ്ണപ്രിയ  

——————

പ്രകൃതിയിലെ ശക്തിവിശേഷങ്ങളെ ഏറ്റവുമധികം അടുത്തറിഞ്ഞിട്ടുള്ളത് ഭാരതീയരാണ്. ഭാരതത്തിന്റെ പ്രൗഢി വിളിച്ചോതുന്ന, മുൻപ് സൂചിപ്പിച്ച അഭിമാന സ്തംഭങ്ങളായ ക്ഷേത്രങ്ങളിലേക്കു നോക്കിയാൽ പ്രകൃതിയുമായുള്ള ഈ മേളനം കാണാനാകും. ഓരോ ക്ഷേത്രം സന്ദര്ശിക്കുമ്പോഴും ഗർഭഗൃഹ മൂർത്തിയെ സലാം വെച്ച് പോരുന്നതിലുപരിയായി ക്ഷേത്ര പരിസരത്തിലേക്കും കൊത്തുപണികളിലേക്കും കൂടിയൊന്നു കണ്ണോടിക്കൂ.നമ്മെ അത്ഭുത പരതന്ത്രരാക്കുന്ന വിജ്ഞാന ശാസ്ത്ര രഹസ്യങ്ങൾ പലതും അവിട കാണുവാനാകും. പല ശതാബ്ദങ്ങൾ ഇവയെക്കുറിച്ചു ഒന്നും അറിയാതെ നാം കഴിഞ്ഞു.. ഇനിയെങ്കിലും അറിഞ്ഞു കൂടെ?

ഇവയെക്കുറിച്ചു പുറം ലോകം അധികമൊന്നും അറിയരുത് എന്ന നിർബന്ധമുള്ളവരും നമ്മുടെ ചുറ്റും ഉണ്ട്. വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഈകാലത്ത് ഇത്തരത്തിലുള്ള അത്ഭുതങ്ങളെക്കുറിച്ചു ലോകം അറിയുവാൻ തുടങ്ങിയതോടെ ഇപ്പോൾ പുതിയൊരു സിദ്ധാന്തം എവിടെനിന്നോ കെട്ടിയിറക്കിയിട്ടുണ്ട് .. ഇവയൊക്കെ അന്യ ഗ്രഹജീവികൾ നിർമ്മിച്ചു എന്ന ഏലിയൻ സിദ്ധാന്തമാണത് .പൗരാണിക മനുഷ്യന്റെ പ്രയത്നത്തെ ഇത്രയധികം വിലകുറച്ചു കാണുന്ന ഒരു പ്രസ്താവന വേറെ ഇല്ല എന്ന് തന്നെ പറയേണ്ടി വരും .
ഇവിടെ കാണുന്നതെല്ലാം മനുഷ്യൻ അവന്റെ സ്വപ്രയത്നം കൊണ്ടുണ്ടാക്കിയതാണ്ക്ഷേത്രങ്ങളിലെ അത്ഭുതങ്ങളും അത് നിലനിൽക്കുന്നിടങ്ങളിലെ സ്ഥലത്തിന്റെ പ്രത്യേകതയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെന്തെല്ലാമുണ്ടോ അവയെല്ലാം മനുഷ്യൻ അവന്റെ പ്രയത്നം കൊണ്ടും ധിഷണ കൊണ്ടും പാണ്ഡിത്യം കൊണ്ടും അതീന്ദ്രിയ സിദ്ധികൾ കൊണ്ടും കെട്ടിപ്പൊക്കിയതാണ്.

അതിനു അവരെ സഹായിക്കുവാൻ ഒരു ഏലിയനും വന്നിട്ടില്ല.ഇനി, ഇത്തരത്തിലൊരു ഏലിയൻ സിദ്ധാന്തത്തിന്റെ പിന്നിൽ വേരോടുന്നത് മനുഷ്യ പ്രയത്നത്തെ വില കുറച്ചു കാണുകയെന്ന നിഷ്കളങ്കബുദ്ധി മാത്രമാവാൻ വഴിയില്ല എന്ന് തോന്നുന്നു.
വിവരസാങ്കേതിക വിദ്യകൾ ഏതൊരു സാധാരണക്കാരനും ഉപയോഗിക്കാൻ സാധിക്കുന്ന ഈ ലോകത്ത് , തന്റെ പൂർവികരെ വെറും മണ്ടന്മാരായി കരുതാൻ തക്ക വിദ്യാഭ്യാസം നൽകി പരിപോഷിപ്പിച്ചെടുത്ത് , ബ്രോയിലർ കോഴികളെ പോലെ , അബ്രഹാമിക ശാസ്ത്ര ചിന്താരീതികൾക്കൊപ്പിച്ചു വളർത്തി കൊണ്ടുവന്ന ഒരു തലമുറയ്ക്ക് അവരുടെ പാഠ്യപദ്ധതികളനുസരിച്ചു നോക്കുമ്പോൾ അവിശ്വസനീയമായ, മനുഷ്യ സാധ്യമല്ലാത്ത അത്ഭുതങ്ങളുടെ ഒരു മായാലോകമാണ് ക്ഷേത്രങ്ങളുടെ ചുറ്റുപാടുകളിൽ കാണുവാൻ സാധിക്കുക.

ഇവരിൽ ഒരാളെങ്കിലും സ്വതന്ത്ര ചിന്താഗതിക്കാരാണെങ്കിൽ ശതാബ്ദങ്ങൾക്കു മുൻപ് തങ്ങളുടെ പൂർവികരിലുണ്ടായിരുന്ന അറിവുകൾ അവരെ ചിന്താലുക്കളാക്കും. ഈ അറിവുകളെവിടെ നിന്ന് വന്നു എന്നും എവിടേക്കു പോയി എന്നും അവർ ചിന്തിക്കും. അത്കൊണ്ടു തന്നെ അതിലേക്കു നയിക്കുന്ന ശാസ്ത്രങ്ങളുടെയും ചിന്തയുടെയും വാതിലുകൾ ഇന്നുള്ള തലമുറയുടെ മുന്നിൽ കൊട്ടിയടക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമാണ്.
ഉദാഹരണത്തിന് പെരുംതച്ചനെക്കുറിച്ചു ചിന്തിക്കൂ.. കേരളത്തിൽ പെരുംതച്ചൻ പണികഴിപ്പിച്ച അമ്പലങ്ങളിലെ തച്ചുശാസ്ത്രപ്പെരുമ നമ്മെ ആശ്ചര്യഭരിതരാക്കും . പെരുംതച്ചൻ ഒരന്യഗ്രഹ ജീവി ആയിരുന്നില്ലല്ലോ ? വള്ളുവനാട്ടിലും മലബാറിലുമായി ജീവിച്ച പണ്ഡിതനായ ഒരു സാദാ മനുഷ്യൻ ആയിരുന്നു. എന്നാൽ പെരുംതച്ചന് ഈ അറിവ് കിട്ടിയിട്ടുള്ളത് എവിടെ നിന്നായിരിക്കും? അത് സ്വാഭാവികമായും ഭാരതീയ പാഠ്യ പദ്ധതിയിൽ നിന്നുമായിരിക്കും. അതെന്താണ്? അത് വേദങ്ങളും വേദാംഗങ്ങളും അത് വിസ്തരിച്ചെഴുതിയ എണ്ണമറ്റ പുസ്തകങ്ങളും ആകാനെ വഴിയുള്ളൂ അല്ലെ?

സ്വാഭാവികമായും പെരുംതച്ചനെന്ന നല്ല വിദ്യാർത്ഥിക്ക് ആ അറിവുകൾ പകർന്നു നൽകിയ പുസ്തകങ്ങളിലേക്ക് നൂറിൽ ഒരാളുടെയെങ്കിലും ശ്രദ്ധ തിരിയാതിരിക്കില്ല. അത് ഭാരതത്തിന്റെ മേന്മയുയർത്തും. അബ്രഹാമിക ശാസ്ത്രം ഓതിക്കൊടുത്ത പാഠങ്ങൾ പിഴയ്ക്കും .. പൂർവികർ വെറും മണ്ണുണ്ണികൾ ആയിരുന്നില്ല എന്ന് വരും. അതുണ്ടാകരുത്.ഇവയ്ക്കു പിന്നിൽ ഏലിയൻ ആണെങ്കിൽ പിന്നെ കാര്യങ്ങളൊക്കെ എളുപ്പാണ്.. മഹത്തായ പൈതൃകപ്പെരുമയെക്കുറിച്ചും അവയെവിടെപ്പോയെന്നും അറിയണ്ട.. അതിനു പൂർവികനെ സഹായിച്ച ഗ്രന്ഥസമ്പത്തിലെ അറിവിന്റെ ഭണ്ഡരങ്ങളെക്കുറിച്ചു അറിയണ്ട. അന്നുള്ളതെല്ലാം ഇന്നെവിടെപ്പോയി എന്നാലോചിക്കണ്ട. ബഹിരാകാശവാഹനത്തിലേറി ഇവിടെയെത്തി ക്ഷേത്രം നിർമ്മിച്ച് തിരിച്ചു പോയ ഏതോ ഏലിയനെക്കുറിച്ചുള്ള ഭാവനാവിലാസത്തിൽ ജീവിക്കുന്നത് താരതമ്യേനെ വളരെ എളുപ്പവും ആണല്ലോ.

എന്തായാലും നമ്മുടെ മെക്കാളെയുടെ ഭാഗ്യം കൊണ്ടാവാം ഇന്നുള്ള കൊളോണിയൽ വിദ്യാഭ്യാസ സന്തതികളെല്ലാം തന്നെ പെരുംതച്ചനെക്കുറിച്ചു പഠിച്ചു നേരം കളയാത്തവരാണ്. അവർക്കു പെരുംതച്ചൻ ഇതെല്ലാം ഉണ്ടാക്കി എന്നറിഞ്ഞാൽ മതി.. എങ്ങനെ ഉണ്ടാക്കി എന്നോ പെരുംതച്ചന്റെ ആ പാഠ്യപദ്ധതി എവിടേക്കു പോയി എന്നോ അറിയണ്ട. ഏറിപ്പോയാൽ “ശോ എന്താലേ !! ” എന്നൊരാശ്ചര്യ ചിഹ്നത്തിൽ കാര്യങ്ങളെ ഒതുക്കുന്നവരാണ്‌ അവർ. എൻജിനീയറും ഡോക്ടറും ആവാൻ പോണ ഓട്ടത്തിന്റെ എടയ്ക്കാ ഒരു പെരുംതച്ചൻ.. അല്ല പിന്നെ .. !!യഥാർത്ഥത്തിൽ ശാസ്ത്രം പുരോഗമിക്കുകയാണോ ? അതോ അധോഗമിക്കുകയാണോ ? ശാസ്ത്രത്തിന്റെ പുരോഗതി മനുഷ്യന്റെ അധോഗതി അല്ലെ? കാൽക്കുലേറ്റർ മനുഷ്യന്റെ ഗണിത പാടവത്തെയും ബുദ്ധിശക്തിയെയും ഇല്ലാതാക്കിയില്ലേ? ഇതെല്ലാം നന്മയിലേക്ക് നയിക്കുമോ തിന്മയിലേക്ക് നയിക്കുമോ?

ചോദ്യങ്ങൾ ഒരുപാടുണ്ട്.
എന്തായാലും പറഞ്ഞു വന്നത് ഇത്രയും ആണ്.. ഭാരതത്തിലെ പൂർവികർ മണ്ണുണ്ണികളും ജാതിയിൽ അഭിരമിച്ചും സ്ത്രീകളെ തീയിലിട്ടു ചുട്ടും കഴിഞ്ഞിരുന്നവർ ആയിരുന്നില്ല. അങ്ങനെയാണ് എന്ന് നമ്മെ പഠിപ്പിച്ച അബ്രഹാമിക് ശാസ്ത്രചിന്തകർ അവരുടെ പൂർവികരെക്കുറിച്ചുള്ള പാഠങ്ങൾ ഇവിടെയും അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത് .. ഏതോ ദുർഗതിക്ക് അടിമപ്പെട്ടു പോയ കാലത്ത് നമ്മളതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങി.. എന്നാൽ ആ പാഠങ്ങൾക്കടിമപ്പെട്ടതോടെ നമ്മുടെ പൂർവികരുടെ ധിഷണാ വൈഭവത്തിന്റെ നാലിലൊന്നു പോലും നമുക്കില്ലാതായി . വിവരസാങ്കേതിക ലോകം മനുഷ്യന്റെ ബുദ്ധിയെയും ഓർമ്മയേയും വല്ലാതെ ചുരുക്കിക്കളഞ്ഞിരിക്കുന്നു. പാതിയിലേറെ ദൂരം നാം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.. ചെറിയ തിരിച്ചറിവുകളിലൂടെ ഇനിയെങ്കിലും ഒരു തിരിച്ചുപോക്കിനു ബാല്യമുണ്ടാകുമോ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button