പനീര്‍സെല്‍വത്തിന്റെ തീരുമാനം ഒറ്റരാത്രിയിലെ ബോധോദയം അല്ല

89

എന്നും വിനീതവിധേയനായ ഒ.പനീര്‍സെല്‍വം ഒറ്റരാത്രികൊണ്ട് എങ്ങനെ ക്ഷിപ്രകോപിയായി എന്നാണ് തമിഴകം ഇപ്പോള്‍ ചിന്തിക്കുന്നത്. ജയലളിതയുടെ നിഴലായി, അവര്‍ക്കു പകരക്കാരനായി അധികാരത്തിന്റെ ഇടനാഴികളില്‍ ഏറാന്‍മൂളിയായി കഴിഞ്ഞിരുന്ന പനീര്‍സെല്‍വം ജയലളിത മരിച്ച അതേരാത്രി തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അത് എ.ഐ.എ.ഡി.എം.കെ എന്ന ദ്രാവിഡ പാര്‍ട്ടിയുടെ താത്കാലിക നട്ടെല്ലായി മാറുകയായിരുന്നു. ജയലളിതയുടെ വിയോഗം തമിഴ്‌നാട്ടില്‍ തീര്‍ത്ത മൂകതയെ അക്രമത്തിന്റെ സ്വഭാവത്തിലേക്ക് നയിക്കാതെ സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പനീര്‍സെല്‍വത്തിനു കഴിഞ്ഞു. കാലങ്ങളായി തമിഴര്‍ കാത്തിരുന്ന ജെല്ലിക്കെട്ടു നടത്താന്‍ സാഹചര്യം ഒരുക്കിയതോടെ തമിഴ്‌നാട് ഒന്നടങ്കം പനീര്‍സെല്‍വത്തെ പുകഴ്ത്താന്‍ തുടങ്ങി. എന്നാല്‍ ശശികല നടരാജന്‍ എന്ന വീട്ടുജോലിക്കാരി പാര്‍ട്ടിയുടെ അമരത്ത് എത്തിയതോടെ പനീറിന് പിഴച്ചു തുടങ്ങി. ഒടുവില്‍ സ്ഥിരമായി ഉറപ്പിച്ചുവെന്നു കരുതിയ മുഖ്യമന്ത്രി പദം അവര്‍ക്കുവേണ്ടി വീണ്ടും ഒഴിയേണ്ടി വന്നു.

ഒരു രാഷ്ട്രീയ നേതാവിനെ സംബന്ധിച്ച് ഈ നീക്കം കുറച്ചൊന്നുമല്ല മുറിവേല്‍പ്പിച്ചിട്ടുണ്ടാവുക. സ്വാഭാവികമായും മനസ്സില്‍ ഉറഞ്ഞുകൂടിയ ക്ഷോഭം പനീര്‍സെല്‍വം കഴിഞ്ഞ രാത്രി പുറത്തെടുക്കുകയായിരുന്നു. എന്നാല്‍ ആ ക്ഷോഭത്തിന് എരിതീ പകര്‍ന്ന വേറെയും ചില കാരണങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടായിരുന്നുവേണം കരുതാന്‍. അത് ഒരു പക്ഷേ ഡല്‍ഹി വരെ നീണ്ട ചര്‍ച്ചകളാണെന്നും ഉറപ്പിക്കാം. ചൊവ്വാഴ്ച രാത്രി ജയലളിതയുടെ സമാധിയില്‍ പോയിരുന്നതുകൊണ്ട് കിട്ടിയ ബോധോദയമല്ല ഒ.പനീര്‍സെല്‍വത്തിന്റെ തീരുമാനമെന്നു തമിഴക രാഷ്ട്രീയം ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകും. ഒരുപക്ഷേ തമിഴ്‌നാട്ടില്‍ ഇതുവരെ ക്ലച്ച് പിടിക്കാന്‍ കഴിയാത്ത ബി.ജെ.പിയുടെ പിന്തുണയും ആ തുറന്നുപറച്ചിലിനുണ്ടാകുമെന്നു കരുതിയാലും തെറ്റില്ല. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തമിഴ്‌നാട് രാഷ്ട്രീയം ദര്‍ശിക്കുന്ന ചില ഇടപെടലുകള്‍ അതാണ് വ്യക്തമാക്കുന്നത്. സുപ്രീംകോടതിയുടെ ഇടക്കാല പരാമര്‍ശത്തില്‍ തുടങ്ങി സംസ്ഥാനത്തേക്കുള്ള യാത്ര വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി വരെ ഇതുമായി ചേര്‍ത്തുവായിക്കാം. ശശികലയുടെ മുഖ്യമന്ത്രി പദ പ്രഖ്യാപനവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികളും യാദൃശ്ചികമായിട്ടല്ലായെന്നും ഉറപ്പിക്കാം.

ശശികലയെ എഐഎഡിഎംകെ നിയമസഭാ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തതിന്റെ അടുത്ത ദിവസം സുപ്രീംകോടതിക്ക് പൊടുന്നനെ ചുമതലാബോധമുണ്ടാവുകയും അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഒരാഴ്ചയ്ക്കകം വിധി വരുമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നു. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ തിരക്കിനെ തുടര്‍ന്ന് സംസ്ഥാനത്ത് വരാതിരിക്കുന്നു. ജയലളിതയുടെ സഹോദര പുത്രി ദീപ പത്രസമ്മേളനം വിളിക്കുന്നു. ശശികല മുഖ്യമന്ത്രി ആകുന്നതിനെതിരേ ചലച്ചിത്രമേഖലയില്‍നിന്നുപോലും പ്രതിഷേധം ഉയരുന്നു. പിന്നാലെ ജയലളിതയുടെ സമാധിയില്‍ ഒരുമണിക്കൂറോളം പനീര്‍സെല്‍വം പോയിരിക്കുന്നു. ഇതൊന്നും യാദൃശ്ചികയാണെന്നു കരുതാനാകില്ല. സുപ്രീംകോടതി വിധി ശശികലക്ക് എതിരായിരിക്കുമെന്നു ഏറെക്കുറെ ഉറപ്പിച്ചുകൊണ്ടുള്ള നാടകങ്ങള്‍ തന്നെയായിരുന്നു ഇത്. കോടതി വിധി വരുന്നതുവരെ ശശികലക്ക് മുഖ്യമന്ത്രി ആകാന്‍ കഴിയില്ല. വിധി കഴിഞ്ഞു ശശികല ജയിലിലേക്ക് പോയാല്‍ അവര്‍ക്കൊപ്പമുള്ള എം.എല്‍.എമാരും തനിക്കൊപ്പം ചേരുമെന്നു പനീര്‍സെല്‍വം മനസിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും പിന്തുണയോടെ പനീര്‍സെല്‍വം ശേഷിച്ചകാലം തമിഴകം ഭരിക്കും. വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി കൂടി എ.ഐ.എ.ഡി.എം.കെയുടെ സഖ്യകക്ഷിയാകും. കാലക്രമേണ തമിഴ്‌നാട്ടില്‍ ബി.ജെ.പിയുടെ മുഖമായി പനീര്‍സെല്‍വത്തിനു മാറേണ്ടിവരുമെന്നതിലും തര്‍ക്കമില്ല.