KeralaNews

മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍ വാഴ്ത്തിയ പാലക്കാട് സ്വദേശി ഉണ്ണി ദൈവത്തിന് സംഭവിച്ചതെന്ത്?

ഒരിക്കൽ മഹാവിഷ്ണുവിന്റെ അവതാരമെന്ന് നാട്ടുകാര്‍ വാഴ്ത്തിയ പാലക്കാട് സ്വദേശി ഉണ്ണി ദൈവം ഇന്ന് ഒരു ഇരുപതുകാരനായി. സ്‌കൂള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടില്‍ ചുറ്റിത്തിരിയുകയാണ് ഈ യുവാവ്. കിരണ്‍ എന്ന പാലക്കാട്, തത്തമംഗലം സ്വദേശിയുടെ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളാണ് ഇത്. കിരണിനെ പതിനഞ്ച് വര്‍ഷം ദൈവമായി ആരാധിക്കപെട്ടിരുന്നു. കുട്ടി ദൈവത്തെ ഉണ്ണിയെന്നായിരുന്നു നാട്ടുകാരും വീട്ടുകാരും വിളിച്ചിരുന്നത്. ദൈവ പരിവേഷം കൂടിയായപ്പോള്‍ അവന്‍ ഉണ്ണി ദൈവമായി.

1996ലാണ് കര്‍ഷകദമ്പതികളായ കിട്ടുച്ചാമിയുടെയും പാര്‍വതിയുടെയും മകനായി ഉണ്ണി ജനിച്ചത്. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഉണ്ണിക്ക് ദൈവ പരിവേഷം ലഭിക്കുന്നത്. പിതാവിന്റെ കൃഷിയിടത്തില്‍ പണിക്ക് എത്തിയ സ്ത്രീയുടെ നെറ്റിയില്‍ ഉണ്ണി ഭസ്മം പൂശി നല്‍കി. ഉടനടി തന്റെ വയറ് വേദന കുറഞ്ഞതായി ആ സ്ത്രീ വെളിപ്പെടുത്തി.

ഈ വാര്‍ത്ത പ്രചരിച്ചതോടെയാണ് നാട്ടിൽ ഉണ്ണിക്ക് ദൈവപരിവേഷം ലഭിച്ചത്. തുടർന്ന് വാര്‍ത്ത കേട്ടറിഞ്ഞ് ദൂരെ നാടുകളില്‍ നിന്നു പോലും നിരവധി ഭക്തര്‍ ഉണ്ണി ദൈവത്തെ ദര്‍ശിക്കാന്‍ എത്തിയിരുന്നു. വിഷ്ണുവിന്റെ അവതാരമാണെന്നായിരുന്നു ഭക്തര്‍ വിശ്വസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ വീട്ടിലെ പ്രാര്‍ത്ഥനാ മുറിയിലിരുന്ന് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുക മാത്രമായിരുന്നു ഉണ്ണിയുടെ ജോലി. വീട്ടുകാര്‍ തന്നെയാണ് പ്രത്യേക മുറി നിര്‍മ്മിച്ച് ഉണ്ണിയെ ദര്‍ശനം നല്‍കാന്‍ ഇരുത്തിയിരുന്നത്.

ഇതോടെ ഉണ്ണിയെക്കുറിച്ച് നിരവധി കഥകളും നാട്ടില്‍ പ്രചരിച്ചിരുന്നു. വിഷ്ണുവിനെപ്പോലെ ഉണ്ണി പാമ്പിന്റെ പുറത്തിരിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന കഥകളിലൊന്ന്. രാത്രികാലങ്ങളില്‍ ഉണ്ണി ദൈവം അദൃശ്യനാകാറുണ്ടെന്ന് മറ്റൊരു കഥ. ഉണ്ണി ദൈവത്തെ ദര്‍ശിക്കാന്‍ എത്തിയിരുന്ന ഭക്തര്‍ പശുവിനെയും ആടിനെയും മറ്റും സമ്മാനമായി നല്‍കിയിരുന്നു. പണവും നല്‍കിയിരുന്നു. മാത്രമല്ല ഉണ്ണി ദൈവത്തെ കാണാന്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ചപ്പോള്‍ ചിറ്റൂര്‍ എം.എല്‍.എയായിരുന്ന കെ. അച്യുതന്‍ തന്റെ എം.എല്‍.എ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച് ഭക്തര്‍ക്ക് അത്യാവശ്യ സൗകര്യങ്ങള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. ഭക്തരുടെ തിരക്ക് കൂടിയതോടെ ഉണ്ണി സ്‌കുള്‍ പഠനം അവസാനിപ്പിച്ചു. മുഴുവന്‍ സമയവും ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചു. മാതാപിതാക്കളും ഉണ്ണി ദൈവത്തിന്റെ തീരുമാനത്തെ പിന്തുണക്കുകയായിരുന്നു.

പക്ഷെ ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. ഉണ്ണി ദൈവത്തെ കാണാന്‍ ഇപ്പോള്‍ അധികം ഭക്തര്‍ എത്താറില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഭക്ത ജനത്തിരക്ക് കുറഞ്ഞതെന്ന് ഉണ്ണിയുടെ പിതാവ് കിട്ടുച്ചാമി ആരോപിച്ചു. അതുകൊണ്ടു തന്നെ ഉണ്ണിയുടെ ചിത്രം എടുക്കാനും പിതാവ് സമ്മതിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button