സ്വര്‍ണം പണയം വെയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് : ശ്രദ്ധിച്ചില്ലെങ്കില്‍ എട്ടിന്റെ പണി

101

കൊച്ചി : സ്വര്‍ണം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഏറ്റവും കൂടുതല്‍ പണയം വെക്കുന്നതും മലയാളികളാണ്. ഇക്കാരണത്താല്‍ തന്നെ കൂണ്‍ പോലെ മുളച്ചുപൊന്തുകയാണ് പ്രൈവറ്റ് ഗോള്‍ഡ് ലോണ്‍ കമ്പനികള്‍. സ്വകാര്യ പണമിണപാടിനായി ജനങ്ങള്‍ ഏറ്റവും കുടുതലാശ്രയിക്കുന്നതും മണപ്പുറം ഫിനാന്‍സിനെയും മുത്തൂറ്റിനേയുമാണ്. മണപ്പുറം ഫിനാന്‍സില്‍ സ്വര്‍ണ്ണം പണയം വയ്ക്കുന്ന കാലയളവനുസരിച്ച് 14% മുതല്‍ 26% വരെയാണ് പലിശ ഈടാക്കുന്നത്. ലോണെടുത്ത് ഒരു ദിവസം തുടങ്ങി മൂന്ന് മാസം വരെ ഒരേ പലിശനിരക്കില്‍ പണയം തിരിച്ചെടുക്കാവുന്നതാണ്. നിശ്ചിത പ്രോസസ്സിംഗ് ചാര്‍ജായ 10രൂപ ലോണ്‍ അടച്ചുതീര്‍ക്കുന്ന സമയത്തുമാത്രമേ ഈടാക്കൂ. പ്രീ-പേമെന്റ് ചാര്‍ജുകളും മണപ്പുറം ഫിനാന്‍സ് ഒഴിവാക്കിയിട്ടുണ്ട്. കൃത്യസമയത്ത് പലിശയടച്ചില്ലെങ്കില്‍ 0.25 ശതമാനം അധികപ്പലിശ നല്‍കേണ്ടിവരും.

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ലോണെടുക്കുന്ന തുകയ്ക്കനുസരിച്ച് 0.25 മുതല്‍ 1% വരെ പ്രോസസ്സിംഗ് ചാര്‍ജ് മുത്തൂറ്റെടുക്കുന്നുണ്ട്. 12നും 24ശതമാനത്തിനുമിടക്കാണ് പലിശനിരക്ക്. പലിശയടക്കുന്നതില്‍ മുടക്കം വന്നാല്‍ 0.16 ശതമാനം അധികപ്പലിശ ഈടാക്കും. രാജ്യത്തുടനീളം 4200ലധികം ബ്രാന്‍ഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്.

സ്വര്‍ണ്ണപ്പണയത്തില്‍ നാഷണലൈസ്ഡ് ബാങ്കുകളില്‍ ഏറ്റവും മുന്നില്‍ എസ്ബിഐ തന്നെയാണ്. നിശ്ചിതപലിശനിരക്കായ 11.05 ശതമാനത്തിലാണ് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഗോള്‍ഡ് ലോണ്‍ നല്‍കുന്നത്. സ്വര്‍ണ്ണം പണയം വയ്ക്കുന്നതിന് 0.51% മുതല്‍ 1.01% വരെ പ്രോസസ്സിംഗ് ഫീസും സര്‍വ്വീസ് ചാര്‍ജുമുണ്ട്. ആദ്യത്തെ മാസങ്ങളില്‍ പലിശയടക്കാന്‍ വൈകിയാലും അധിക പലിശ ഈടാക്കുന്നില്ലെന്നുള്ളത് എസ്ബിഐയുടെ പ്രത്യേകതയാണ്.

ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐയും സ്വര്‍ണ്ണത്തിനുമേല്‍ പണം കടം കൊടുക്കുന്നുണ്ട്. ലോണ്‍ തുകയുടെ 1 ശതമാനമാണ് പ്രോസസ്സിംഗ് ഫീസായെടുക്കുന്നത്. കൂടാതെ സര്‍വ്വീസ് ചാര്‍ജും ഐസിഐസിഐ ഈടാക്കുന്നുണ്ട്. 10% മുതല്‍ 16.5% വരെയാണ് ഗോള്‍ഡ് ലോണിന് ഇവരെടുക്കുന്ന പലിശ.