Prathikarana Vedhi

വിധി ശശികലക്ക് എതിരെങ്കിലും പനീര്‍സെല്‍വത്തിന്റെ മുഖ്യമന്ത്രി സാധ്യതകളെക്കുറിച്ച് പി.ആര്‍ രാജ് എഴുതുന്നു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടെ തത്കാലത്തേക്കെങ്കിലും മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഒ.പനീര്‍സെല്‍വത്തിന് ആശ്വസിക്കാം. പത്തുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല എന്ന വിധി അങ്ങേയറ്റം തിരിച്ചടിയായ ശശികല എടപ്പാടി പളനിസ്വാമി എന്ന തന്റെ വിശ്വസ്തന നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തശേഷമാണ് ജയിലിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. അതേസമയം ഇപ്പോഴും ഭൂരിപക്ഷം പാര്‍ട്ടി എം.എല്‍.എമാരും ശശികല ക്യാംപില്‍ തന്നെയാണ് എന്നുള്ളത് തീര്‍ച്ചയായും പനീര്‍സെല്‍വത്തിനു നെഞ്ചിടിപ്പുതന്നെയാണ്. ശശികലയെ പരസ്യമായി വെല്ലുവിളിച്ച് പനീര്‍സെല്‍വം രംഗത്തുവന്നതിനു പിന്നാലെ ശശികല ക്യാംപില്‍ ഇളക്കം സംഭവിച്ചിട്ടുണ്ട് എന്നതും കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിക്കുമെന്നതും യാഥാര്‍ഥ്യമാണ്.

സുപ്രീംകോടതി വിധി വന്നതോടെ ശശികലയുടെ ദിവസങ്ങള്‍ മാത്രം നീണ്ടുനിന്ന രാഷ്ട്രീയജീവിതം അവസാനിക്കുമ്പോള്‍ അവര്‍ക്കൊപ്പം നിന്നിട്ട് കാര്യമില്ലെന്നു എം.എല്‍.എമാരും തിരിച്ചറിയും. എന്നാല്‍ ശക്തമായ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം തെളിയിക്കാതെ പനീര്‍സെല്‍വത്തിനു മുഖ്യമന്ത്രിയാകാന്‍ കഴിയില്ല. നിലവില്‍ പത്തില്‍ താഴെ എം.എല്‍.എമാര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. അതേസമയം ശശികല ക്യാംപിലെ എം.എല്‍.എമാര്‍ അസ്വസ്ഥരും അസംതൃപ്തരുമാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതോടെ നിയമസഭയില്‍ മനസാക്ഷി വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്കു തീരുമാനിക്കാവുന്നതാണ്. ഈ സാഹചര്യത്തില്‍ എം.എല്‍.എമാര്‍ക്ക് അവരുടെ ഉചിതംപോലെ രഹസ്യവോട്ടെടുപ്പ് നിര്‍വഹിക്കാം. മനസാക്ഷി വോട്ടെടുപ്പ് എന്ന സാഹചര്യം തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പ്രയോഗിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആ ഒരു സാഹചര്യം ഉണ്ടായാലും കാര്യങ്ങള്‍ പനീര്‍ സെല്‍വത്തിനു തന്നെ അനുകൂലമാകും. മുഖ്യപ്രതിപക്ഷമായ ഡി.എം.കെക്ക് അധികാരത്തോട് വല്യതാല്‍പര്യമില്ലെന്നു നേതാവ് സ്റ്റാലിന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം ശശികലയെ പിന്തുണച്ച കോണ്‍ഗ്രസും ഇപ്പോള്‍ മൗനംപാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ മനസാക്ഷി വോട്ടെടുപ്പാണ് ഗവര്‍ണക്ക് മുന്നിലെ പ്രധാന സാധ്യത. എംഎല്‍എമാര്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്.

എം.എല്‍.എമാരെ റിസോര്‍ട്ടില്‍ തടവില്‍ ഇട്ടിരിക്കുകയാണെന്നും, അവരെ ഭീഷണിപ്പെടുത്തി ശശികല പിന്തുണ നേടിയിരിക്കുകയാണെന്നും പനീര്‍സെല്‍വം ഗവര്‍ണറെ കണ്ട് പരാതിപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ക്ക് പോലും എംഎല്‍എമാരെ കാണുവാനോ സംസാരിക്കുവാനോ സാധിക്കുന്നില്ലെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തു വന്നു. ഇത്തരമൊരു സാഹ്യചര്യത്തില്‍ സത്യസന്ധമായ രീതിയില്‍; മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ മനസാക്ഷി വോട്ടെടുപ്പ് എന്ന സാധ്യത ഗവര്‍ണര്‍ പ്രയോഗിക്കുമെന്നാണ് നിയഗമനം. അതേസമയം പനീര്‍സെല്‍വത്തിനു അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ പിന്തുണ ഇല്ലെങ്കിലും ഡി.എം.കെ പുറത്തുനിന്നും പിന്തുണക്കാനുള്ള സാധ്യത ഏറെയാണ്. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണയും പനീര്‍സെല്‍വത്തിനു ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button