NewsInternational

ചൊവ്വയില്‍ നഗരം പണിയാന്‍ യു.എ.ഇയുടെ ബൃഹദ് പദ്ധതി : പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍

ദുബായ് : ചൊവ്വാഗ്രഹത്തില്‍ 2117 ല്‍ മനുഷ്യരെ എത്തിക്കുകയും ചെറുനഗരം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമെന്ന് യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പ്രഖ്യാപിച്ചു.
രാജ്യാന്തര സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ ഇതിനുള്ള പഠന-ഗവേഷണങ്ങളും കര്‍മപരിപാടികളും ഊര്‍ജിതമാക്കും. അതിനൂതന സാങ്കേതികവിദ്യകള്‍ ആര്‍ജിക്കുകയും സുസജ്ജ സ്വദേശി ശാസ്ത്രനിരയെ വാര്‍ത്തെടുക്കുകയും ചെയ്ത് നൂറുവര്‍ഷംകൊണ്ട് ബഹിരാകാശരംഗത്തെ ഔന്നത്യങ്ങള്‍ കീഴടക്കാനുള്ള ബൃഹദ് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. 2021 ല്‍ ‘അല്‍ അമല്‍’ എന്ന ചൊവ്വാദൗത്യത്തിനു രാജ്യം ഒരുങ്ങുമ്പോഴാണ് രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനം.

ചൊവ്വയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. സ്വയംപര്യാപ്ത നഗരം സൃഷ്ടിക്കാനാണ് യു.എ.ഇയുടെ ശ്രമം. അടുത്ത നൂറു വര്‍ഷത്തിനകം ശാസ്ത്രരംഗത്ത് യു.എ.ഇ കൈവരിക്കേണ്ട നേട്ടങ്ങളുടെ പട്ടികയിലാണ് പദ്ധതിയെ ഉള്‍പ്പെടുത്തിയത്. പദ്ധതിയുടെ ചെലവും മറ്റു വിശദാംശങ്ങളും പുറത്തുവിട്ടിട്ടില്ല. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇതിനായി സര്‍വകലാശാലകളെ ഗവേഷണകേന്ദ്രങ്ങളാക്കി മാറ്റും. ബഹിരാകാശഗവേഷണത്തില്‍ വന്‍നിക്ഷേപം നടത്തുന്ന ഒന്‍പതു രാഷ്ട്രങ്ങളിലൊന്നാണു യുഎഇ. ഗവേഷണപരിപാടികളിലും മുന്നിലാണ്. ശാസ്ത്രലക്ഷ്യങ്ങള്‍ക്കു പരിധികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രമുന്നേറ്റത്തിനുള്ള കണ്ടുപിടിത്തങ്ങളും അതിനെ അടിസ്ഥാനമാക്കിയുള്ള പുതിയ പദ്ധതികളും ലക്ഷ്യമിടുന്ന യുഎഇ ബഹിരാകാശരംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു
ചൊവ്വാപദ്ധതിക്കു സമാന്തരമായി ഇതരമേഖലകളിലും ഗവേഷണം ഊര്‍ജിതമാക്കുകയാണ്. ഊര്‍ജം, ഭക്ഷ്യസുരക്ഷ, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടി. ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഐസ്ആര്‍ഒയുമായുള്ള തന്ത്രപ്രധാന സഹകരണത്തിനു യുഎഇ ഒപ്പുവച്ചുകഴിഞ്ഞു. നിലവില്‍ എഴുപതിലേറെ സ്വദേശിശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും ചൊവ്വാ ദൗത്യത്തിനായി പ്രവര്‍ത്തിക്കുന്നു. 2020 ആകുമ്പോഴേക്കും ഇവരുടെ എണ്ണം 150 ആകും. ചൊവ്വാ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.

ബഹിരാകാശത്തു നിന്നു ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളുടെയും ഉപഗ്രഹങ്ങളുടെയും അവശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനത്തിലും യുഎഇ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അബുദാബി കേന്ദ്രമായുള്ള ഇന്റര്‍നാഷനല്‍ ആസ്ട്രോണമിസെന്ററും നാസയും ഇതില്‍ യുഎഇക്കൊപ്പം പങ്കാളികളാണ്. മറ്റ് രാജ്യാന്തര ഏജന്‍സികളും ഇതില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button