ഐ.എസ്.ആര്‍.ഒ ജൈത്രയാത്ര തുടരുന്നു ഭൗമനിരീക്ഷണത്തിനായി അമേരിക്കയിലെ ടെക്ക് കമ്പനികളുമായി കൈക്കോര്‍ക്കുന്നു

41

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചാണ് ഇത്രയുംകാലം നമ്മള്‍ ഏതെങ്കിലും സ്ഥലം കണ്ടുക്കൊണ്ടിരുന്നത്. അതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലെങ്കിലും അത്യാവശ്യത്തിനു ഉപകാരമായിരുന്നു. എന്നാല്‍ ഗൂഗിള്‍ മാപ്പിനേക്കാള്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ മത്സരിക്കുകയാണ് രാജ്യാന്തര ടെക്ക് കമ്പനികള്‍. ഇപ്പോള്‍ ഭൗമനിരീക്ഷണത്തിനായി ലോകത്തിലെ ഏറ്റവും ബൃഹത്തായ കൃത്രിമോപഗ്രഹ സമൂഹത്തെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി സാന്‍ഫ്രാന്‍സിസ്‌കോ ടെക്ക് കമ്പനി രംഗത്ത് വന്നിരിക്കുകയാണ്. ഭൂമിയിലെ ഓരോ ചലനവും ലൈവായി പകര്‍ത്തുകയാണ് പ്ലാനറ്റ് എന്ന കമ്പനിയുടെ ലക്ഷ്യം. പദ്ധതി വിജയിച്ചാല്‍ 24 മണിക്കൂറും പറക്കുന്ന വിമാനങ്ങള്‍ വരെ പകര്‍ത്താന്‍ സാധിക്കും.

ഭൗമോപരിതലം മുഴുവന്‍ നിരീക്ഷിക്കാനായി പുതിയ 88 ഉപഗ്രഹങ്ങളാണ് പ്ലാനറ്റ് കമ്പനി വിക്ഷേപിക്കുക. ഇവ ഓരോന്നും 50 ട്രില്ല്യന്‍ പിക്‌സല്‍ വ്യക്തതയുള്ള ചിത്രങ്ങളാണ് പകര്‍ത്തുക. ഇപ്പോള്‍ തന്നെ പ്ലാനറ്റ് കമ്പനിക്ക് ഭൗമനിരീക്ഷണത്തിനായി പ്രാവുകള്‍ എന്നറിയപ്പെടുന്ന 60 ഉപഗ്രഹങ്ങളുണ്ട്. ഓരോ കുഞ്ഞു പ്രാവ് ഉപഗ്രഹവും മൂന്നു മുതല്‍ അഞ്ചു വരെ റെസല്യൂഷനുള്ള, ദിനംപ്രതി 50 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചിത്രങ്ങളാണ് ഡൗണ്‍ലോഡ് ചെയ്യുക.

ഐഎസ്ആര്‍ഒയുടെ സഹായത്തോടെ വാലന്റൈന്‍സ് ദിനത്തിലാണ് പുതിയ ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഇതോടെ ഇവയുടെ നിരീക്ഷണത്തിലായിരിക്കും ഭൂമി മുഴുവന്‍. അതിവേഗം ഭൂമിയെ ചുറ്റാന്‍ ശേഷിയുള്ളതാണ് ഈ കുഞ്ഞു ഉപഗ്രഹങ്ങള്‍. കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ അഞ്ഞൂറ് കിലോമീറ്റര്‍ ദൂരത്തേയ്ക്കുള്ള ബഹിരാകാശയാത്ര ആരംഭിച്ചതോടെ ലോകത്താദ്യമായി 143 കൃത്രിമ ഉപഗ്രഹങ്ങള്‍ നിയന്ത്രിക്കുന്ന കമ്പനിയായി പ്ലാനറ്റ് മാറി.

പ്രാവ് ഉപഗ്രഹങ്ങള്‍ വഴി ഇപ്പോള്‍ത്തന്നെ ബഹിരാകാശ ചിത്രങ്ങള്‍ എടുക്കുന്നതില്‍ പ്ലാനറ്റ് വിജയകരമായ പാതയിലൂടെയാണ് മുന്നേറുകയാണ്.
ഭൗമ നിരീക്ഷണത്തിനായി ചെറിയ ഡോവ് സാറ്റലൈറ്റ്, വലിയ ടെറ ബെല്ല സാറ്റലൈറ്റ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ഉപഗ്രഹങ്ങളാണ് ഉള്ളത്. ഗൂഗിളിന്റെ സാറ്റലൈറ്റ് ബിസിനസ് ടെറ ബെല്ല അടുത്തിടെ പ്ലാനറ്റ് ഏറ്റെടുത്തിരുന്നു. എന്നാല്‍ കരാര്‍ പ്രകാരം നിരവധി വര്‍ഷത്തേയ്ക്ക് ഇവരുടെ ബഹിരാകാശ നിരീക്ഷണ സംവിധാനം ഉപയോഗിക്കാന്‍ ഗൂഗിളിനു അനുമതിയുണ്ട്.

സാധാരണ ഭൗമ നിരീക്ഷണത്തിനായി മീഡിയം റസല്യൂഷന്‍ ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുക. വിമാന അപകടമോ വെള്ളപ്പൊക്കം പോലെയുള്ള പ്രകൃതിദുരന്തങ്ങളോ സംഭവിക്കുമ്പോള്‍ അവ നിരീക്ഷിക്കാന്‍ ഹൈ റസല്യൂഷന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗപ്പെടുത്തും.

നിലവില്‍ 60 ഉപഗ്രഹങ്ങളില്‍ നിന്നായി 300,000 ചിത്രങ്ങള്‍ പ്ലാനറ്റ് എടുക്കുന്നുണ്ട്. 2016 ല്‍ മാത്രം ഭൂമിയുടെ മൊത്തം വിസ്തൃതിയുടെ അറുപതു മടങ്ങോളം വരുന്ന ചിത്ര ശേഖരമായിരുന്നു പ്ലാനറ്റിന്റെ ഉപഗ്രഹങ്ങള്‍. ലോകത്താകമാനം നടക്കുന്ന കാര്യങ്ങള്‍ ദൈനംദിന നിരക്കില്‍ രേഖപ്പെടുത്താനാണ് സാറ്റലൈറ്റ് കമ്പനികള്‍ മത്സരിക്കുക. എന്തായാലും ഈ ലക്ഷ്യം ആദ്യം നേടുന്ന കമ്പനി പ്ലാനറ്റ് ആയിരിക്കും.