NewsInternational

താന്‍ ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്‌നൗ: ഉത്തര്‍പ്രദേശ് തന്റെ കര്‍മ്മഭൂമിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തര്‍പ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുവരെ തന്നെ ആര്‍ക്കും തടയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയായ ഹര്‍ദോയ് ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങളിലെ പ്രചരണത്തിനായി ഹര്‍ദോയില്‍ നടത്തിയ റാലിയിലാണ് അഖിലേഷ് യാദവിനെതിരെ മോദി ആഞ്ഞടിച്ചത്.
ഗുജറാത്തിലാണ് ജനിച്ചതെങ്കിലും ഉത്തര്‍പ്രദേശാണ് തന്റെ കര്‍മ്മഭൂമി. ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനാണ് താന്‍. ഭഗവാന്‍ കൃഷ്ണന്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച് ഗുജറാത്ത് കര്‍മഭൂമിയാക്കി, ഞാന്‍ ഗുജറാത്തില്‍ ജനിച്ച് ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രനായി.പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കുന്നതുവരെ തന്നെ ആര്‍ക്കും തടയാനാകില്ലെന്നും മോദി പറഞ്ഞു.

അഖിലേഷ് യാദവ് ഭരിക്കുന്ന യു.പിയില്‍ പെണ്‍കുട്ടികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാവുകയാണ്. പൊലീസ് സ്റ്റേഷനുകള്‍ സമാജ്‌വാദി പാര്‍ട്ടി ഓഫീസായി മാറിക്കഴിഞ്ഞു.
നോട്ട് നിരോധനം യു.പിയിലെ പല നേതാക്കളുടെയും ഉറക്കം കെടുത്തി. കുറച്ചുകൂടി സമയം കിട്ടാത്തതാണ് അവരുടെ പ്രശ്‌നം. കള്ളപ്പണക്കാര്‍ക്ക് മുമ്പിലും അഴിമതിക്കാര്‍ക്ക് മുമ്പിലും മുട്ടുമടക്കില്ല എന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയായ ശേഷം അവശ്യമരുന്നുകളുടെ വില കുറച്ചു, യൂറിയ തട്ടിപ്പ് പൂര്‍ണമായും ഇല്ലാതാക്കി തുടങ്ങി സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചെന്നും മോദി അവകാശപ്പെട്ടു. അതെല്ലാം ഉത്തര്‍പ്രദേശില്‍ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button