പിൻ സുരക്ഷയും കീപാഡുമുള്ള പെൻഡ്രൈവുമായി കിങ്സ്റ്റണ്‍

76

പിൻ സുരക്ഷയും കീപാഡുമുള്ള പെൻഡ്രൈവ് കിങ്സ്റ്റണ്‍ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡേറ്റ സുരക്ഷയ്ക്ക്  ഏറെ പ്രാധാന്യം നല്‍കുന്ന ഡേറ്റട്രാവലര്‍ 2000 എന്ന പേരില്‍ കീപാഡും പിന്‍ (PIN) സംരക്ഷണവുമുള്ള യുഎസ്ബി 3.1 ഡ്രൈവാണ് കമ്പനി പുറത്തിറക്കിയത്.

ഹാര്‍ഡ് വെയര്‍ എന്‍ക്രിപ്ഷനൊപ്പം പിൻ പ്രൊട്ടക്ഷനും ഡേറ്റട്രാവലര്‍ 2000 ഉറപ്പുനല്‍കുന്നു. പെൻഡ്രൈവിൽ നൽകിയിരിക്കുന്ന ആല്‍ഫന്യൂമറിക് കീപാഡ് പെൻഡ്രൈവിനെ എളുപ്പത്തിൽ ലോക്ക് ചെയ്യാന്‍ സഹായിക്കും. അഥവാ ആരെങ്കിലും തെറ്റായ പാസ്സ്‌വേർഡ് ഉപയോഗിച്ച് ഡ്രൈവില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ അത് പരാജയപ്പെടുത്താനുള്ള സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി 10 തവണ ലോഗിന്‍ ശ്രമം വിജയിക്കാതെ വന്നാല്‍, ഡ്രൈവിലെ ഡേറ്റ സ്വയം നശിക്കും അതിനാൽ പാസ്സ്‌വേർഡ് മറന്നു പോകാതെ സൂക്ഷിക്കണം. കംപ്യൂട്ടർ പോലെ ഏതെങ്കിലും ഉപകരണത്തില്‍ നിന്ന് ഡ്രൈവ് വേര്‍പെടുത്തിയാലുടന്‍ ഓട്ടോമാറ്റിക്കായി ലോക്ക് ആകാനുള്ള സംവിധാനവും ഡ്രൈവിലുണ്ട്. ഫുള്‍ഡിസ്ക് എഇഎസ് 256ബിറ്റ് ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിത എന്‍ക്രിപ്ഷനാണ് ഈ ഡ്രൈവിലുള്ളത്.

16ജിബി, 32 ജിബി, 64ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ പെൻഡ്രൈവ് ലഭിക്കും. യഥാക്രമം 10,000 രൂപ, 14,000 രൂപ, 18,000 രൂപ എന്നിങ്ങനെയാണ് വില. ഓണ്‍ലൈന്‍, റീടെയില്‍ ഷോപ്പുകളില്‍ നിന്ന് ഡേറ്റട്രാവലര്‍ 2000 വാങ്ങാം.