Just In

ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന സൂക്തം ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണ്… “ആ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന ഞാന്‍ കഴിഞ്ഞ 29 വര്‍ഷമായി ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനാണ്”

ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന സൂക്തം ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണ്…  “ആ സംസ്കാരത്തെ ഇഷ്ടപ്പെടുന്ന ഞാന്‍ കഴിഞ്ഞ 29 വര്‍ഷമായി ഒരു സംഘപരിവാര്‍ പ്രവര്‍ത്തകനാണ്”
our youtube subscribe
our youtube subscribe

ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അബ്ദുള്‍ ജബ്ബാറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം

ലോകത്തിലെ ഏറ്റവും വലിയ സേവന സംഘടനകളില്‍ ഒന്നായ ആര്‍.എസ്.എസ് ആണ് ഭാരതത്തില്‍ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട പ്രസ്ഥാനവും ! ഹൈന്ദവര്‍ ഒഴികെയുള്ള മറ്റ് മതസ്ഥര്‍ക്ക് സംഘം എതിരാണെന്ന കുപ്രചരണമാണ് ചിലപ്പോഴെങ്കിലും സംഘത്തിന് പേര് ദോഷം ചാര്‍ത്തി കൊടുത്തത്. അതേസമയം , ഏകത്മാ മാനവദര്‍ശനം എന്ന അടിസ്ഥാന തത്വത്തില്‍ ആകൃഷ്ടരായി ലക്ഷക്കണക്കിന് അന്യമതസ്ഥരാണ് സംഘം പ്രവര്‍ത്തകരായി ഭാരതത്തില്‍ അങ്ങോളമിങ്ങോളം ഉള്ളത്. അതില്‍ ഒരാളാണ് തൃശൂര്‍ മണലൂര്‍ സ്വദേശിയായ അബ്ദുള്‍ ജബ്ബാര്‍. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനെന്ന നിലയില്‍ 29 വര്‍ഷങ്ങള്‍ പിന്നിടുകയാണ് സംഘ സഹോദരങ്ങളുടെ സ്വന്തം ”ജബ്ബാര്‍ക്ക”. ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി കൂടിയായ അബ്ദുള്‍ ജബ്ബാറുമായി രഞ്ജിത്ത് ഏബ്രഹാം തോമസ് നടത്തിയ അഭിമുഖം.

? ആര്‍.എസ്.എസ് പ്രവര്‍ത്തകനായി മുപ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ എന്ത് തോന്നുന്നു?

🎤 സന്തോഷം… അതിലുപരി സംതൃപ്തി. എന്നെ ഞാനാക്കിയത് എന്റെ സംഘമാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ക്ളാസ് ലീഡറായി എല്ലാ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്നത് ഞാനായിരുന്നു. അന്ന് മുതലേ ഒരു സംഘടനയും അതിന്റെ നേതൃത്വവും എങ്ങനെയാകണമെന്ന് ഞാന്‍ മനസിലാക്കിയത് സംഘം പ്രവര്‍ത്തകരെ കണ്ടാണ്. ‘ഏകാത്മാ മാനവദര്‍ശനം’ എന്ന ചിന്തയേക്കാള്‍ എന്നെ ആകര്‍ഷിച്ച മറ്റൊന്നും ഇല്ല. എല്ലാ മതസ്ഥരേയും ഒരേപോലെ കാണണമെന്നുള്ള സംഘത്തിന്റെ ദര്‍ശനമാണ് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും.

? ഒരു സംഘപ്രവര്‍ത്തകനായതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടില്ലേ?

🎤 ഇതൊരു തുറന്ന് പറച്ചിലാണ് . ആരെയും അവഹേളിക്കാനോ വേദനിപ്പിക്കുവാനോ അല്ല. ഭാരതത്തിന്റെ പൈതൃകത്തെ കുറിച്ച് അറിയാത്ത ഇസ്ലാം എന്തെന്ന് മനസ്സിലാകാത്ത ചില സുഹൃത്തുക്കളാണ് പലപ്പോഴും വിമര്‍ശിക്കുന്നത്. ഭാരതത്തിന്റെ പൈതൃകം”അതിഥി ദേവോ ഭവ” എന്നാണ്.

അതുകൊണ്ടാണ് ഞാന്‍ കൂടി ഉൾപ്പെടുന്ന ‘അറബി നാട്ടിൽ നിന്ന് വന്ന ഞങ്ങളുടെ പൂർവികർക്ക് ‘ ഇവിടെ പള്ളികൾ സ്ഥാപിക്കാനും മതപ്രബോധനം നടത്തുവാനും സാധിച്ചത് . മതേതരത്വം എന്നത് ഭാരതത്തിന്റെ സൗന്ദര്യമാണ്. നാനാത്വത്തില്‍ ഏകത്വം എന്നത് ഭാരതത്തിന്റെ ദര്‍ശനമാണ്. ‘ലോകാ സമസ്ത സുഖിനോ ഭവന്തു’ എന്ന സൂക്തം ഭാരതത്തിന്റെ പ്രാര്‍ത്ഥനയാണ്. ആര്‍ക്ക് കഴിയും ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍….? ഇതൊക്കെ ഹൈന്ദവ സംസ്കാരത്തിന്റെ പ്രത്യേകതകള്‍ കൂടിയാണ്. ആ സംസ്കാരത്തെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അത്തരം ഇഷ്ടപ്പെടലുകളാണ് എന്നെ സംഘത്തിലേക്ക് നയിച്ചതും. ആര്‍ക്കും വിമര്‍ശിക്കാം. പക്ഷേ, വിമര്‍ശനങ്ങള്‍ക്ക് സത്യത്തിന്റെ ബലം ഉണ്ടാകണം എന്ന് മാത്രം.

? ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം മാറിയിരിക്കുന്നു. കേരളത്തില്‍ നിന്നുള്‍പ്പെടെയാണ് ഇസ്ലാം മത വിശ്വാസികള്‍ ഐഎസില്‍ ചേര്‍ന്നത്…?

🎤 ഒരു യഥാർത്ഥ മുസ്ലീമിന് ഒരിക്കലും ഒരു തീവ്രവാദിയാകാൻ സാധിക്കില്ല. ഈ ലോകത്തുള്ള എല്ലാ ജനങ്ങളും ഒരമ്മയുടെയും അച്ഛന്റെയും മക്കളാണ് എന്ന് വിശ്വാസിക്കുന്നവരാണ് നമ്മെളെല്ലാം. ‘വാളെടുത്തവനും കൊല്ലപ്പെട്ടവനും എന്റെ മുന്നിൽ കുറ്റക്കാർ’ എന്ന് അള്ളാഹു വിശുദ്ധ ഗ്രന്ധത്തിൽ പറഞ്ഞിരിക്കുന്നു . അത് മനസ്സിലാക്കാതെ ഒരു വിഭാഗം നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് നിഷേധിക്കാൻ കഴിയാത്ത സത്യമാണ്. ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരാകുന്ന മുസ്ലീം നാമധാരികള്‍ ഇസ്ലാമിനെ മനസിലാക്കിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

? ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളെ എങ്ങനെ നോക്കിക്കാണുന്നു…?

🎤 ഭാരത്തിലെ ആദ്യ മുസ്ലീം പള്ളിയായ ചേരമാൻ മസ്ജിത് ഇന്നും യാതൊരു തർക്കവുമില്ലാതെ അവിടെ നിലനിൽക്കുന്നു എന്ന വസ്തുത നാം ഇതിനോട് കൂട്ടി വായിക്കണം. കേരളം മുതല്‍ ജമ്മുകാശ്മീര്‍ വരെ ലക്ഷക്കണക്കിന് പള്ളികളുണ്ട്. തർക്കഭൂമിയിൽ നടത്തുന്ന നിസ്ക്കാരം പോലും അള്ളാഹു സ്വീകരിക്കില്ല എന്ന് മുഹമ്മദ് റസൂലുള്ള പറഞ്ഞിരിക്കുന്നു.

? കേരളത്തിലുള്‍പ്പെടെ നടത്തപ്പെട്ട ‘ബീഫ് ഫെസ്റ്റിവലിലെ’ രാഷ്ട്രീയം ശരിക്കും പ്രീണനമല്ലേ?

🎤സംശയമെന്ത്! കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള കപട മതേതരവാദികളുടെ ശ്രമമായി മാത്രമേ അതിനെ കാണാന്‍ കഴിയു. പോത്തിറച്ചി കഴിക്കണ്ട എന്ന് ഒരു രാഷ്ട്രീയ പാർട്ടിയും പറഞ്ഞിട്ടില്ല. പശുവിനെ അറക്കുന്ന കാര്യത്തിൽ മാത്രമാണ് നിരോധനം ഉള്ളത്. അത് നിരോധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് കോൺഗ്രസ് ഗവൺമെന്റാണ്. അല്ലാതെ സിപിഎമ്മും കോണ്‍ഗ്രസും പ്രചരിപ്പിക്കുന്നതു പോലെ ബിജെപി അല്ല. ”ഒരു മതസ്ഥരുടെയും വിശ്വസത്തെ നമ്മൾ നിന്ദിക്കരുത് ” എന്ന് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നു.

? വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

🎤മതേതരത്വവും വര്‍ഗ്ഗീയതയും ഒരു പോലെ കച്ചവടം ചെയ്യപ്പെടുന്ന സ്ഥലമാണ് കേരളം. മതത്തിന്റെ പേരില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ”ഓരോ മതവും എന്ത് പറയുന്നു എന്ന് തിരിച്ചറിഞ്ഞ് ജീവിക്കുക” എന്നാണ്. മറ്റുള്ളവർക്ക് കളിക്കാനുള്ള ചട്ടുകമായി നിന്ന് കൊടുക്കാതിരിക്കുക. ഞാന്‍ ഉള്‍പ്പെടെയുള്ള നിരവധി സത്യവിശ്വാസികള്‍ അള്ളാഹുവിൽ വിശ്വസിച്ച് ജീവിക്കുന്നരാണ്. അള്ളാഹു അവന്റെ വിശുദ്ധ ഗ്രന്ധത്തിൽ പറയുന്നു ”എന്റെ ദീനിന്റെ സംരക്ഷണം ഞാൻ ഏറ്റെടുത്തിരിക്കുന്നു” എന്ന്.

സ്വന്തം രാജ്യത്തിന് വേണ്ടി പടവെട്ടി മരിച്ചാൽ ജിഹാദിന്റെ കൂലി ലഭിക്കും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍ സത്യവിശ്വസികൾ. മൗലാനാ മുഹമ്മദലി ജൗഹറിന്റെ ഒരു വാചകം ഏറെ പ്രസക്തമാണ്, ”ഞാനൊരു മുസ്ളീമാണ്. ഇസ്ലാം എന്റെവിശ്വാസമാണ്. ഞാനൊരു ഭാരതീയനാണ്. ഭാരതം എന്റെ ആവേശമാണ് ”

രാഷ്ട്ര നൻമക്കായി നമുക്ക് കൈകോർക്കാം
ജയ് ഭാരത് മാത
വന്ദേ മാതരം.

അബ്ദുള്‍ ജബ്ബാര്‍ ഒരു പ്രതീകമാണ്. രാഷ്ട്രം എന്ന വികാരത്തിന് മുമ്പില്‍ എല്ലാ ഭാരതീയരും ഒന്നാണെന്ന് അദ്ദേഹം അടിവരയിടുന്നു. അതു തന്നെയാണല്ലോ ഏകാത്മാ മാനവദര്‍ശനം സംവേദനം ചെയ്യുന്ന സന്ദേശവും.

Comments

Related posts

mobapp below content