കസേര കിട്ടിയില്ല ; ബാലകൃഷ്ണപിള്ള എൽ ഡി എഫ് ബന്ധം മതിയാക്കുന്നു

133

തിരുവനന്തപുരം: ആവശ്യപ്പെട്ട സ്ഥാനമാനങ്ങൾ കിട്ടാത്തതിനെ തുടർന്ന് ബാലകൃഷ്ണപിള്ള എൽ ഡി എഫ് ബന്ധം മതിയാക്കുന്നു. ക്യാബിനറ്റ് റാങ്കോടെ മുന്നോക്കസമുദായ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം എന്ന പിള്ളയുടെ ആവശ്യമാണ് ഇടതുമുന്നണി തള്ളിയത്. ഈയാവശ്യവുമായി പിള്ളയുടെ ദൂതന്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും കണ്ടിരുന്നു. എന്നാല്‍, ക്യാബിനറ്റ് റാങ്കോടെ പദവി നല്‍കാനാകില്ലെന്ന് ഇരുനേതാക്കളും അറിയിച്ചു. ക്യാബിനറ്റ് റാങ്കില്ലാതെ പദവി ഏറ്റെടുക്കാന്‍ പിള്ളയ്ക്കു താല്‍പര്യവുമില്ല..
ഇതില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ പാര്‍ട്ടി തയാറെടുക്കുന്നു.
പാര്‍ട്ടിയെ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്താത്തതും പിള്ളയെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അടുത്തമാസം നടക്കുന്ന നേതൃയോഗത്തിനുശേഷം ഇടതുമുന്നണിയുമായുള്ള ബന്ധം ഉപേക്ഷിക്കാനാണു നീക്കം.വീണ്ടും യു.ഡി.എഫില്‍ ചേരാനുള്ള ചില ചര്‍ച്ചകളും പിള്ള നടത്തിയിട്ടുണ്ട്. പിള്ളയ്ക്കു ക്യാബിനറ്റ് റാങ്കുള്ള പദവി ലഭിക്കുമെന്ന് അഞ്ചുമാസം മുമ്ബു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാനസമിതിയില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം ഇടതുമുന്നണി നേതാക്കള്‍ ഉറപ്പുനല്‍കിയെന്നാണു ഗണേഷ്കുമാര്‍ പറഞ്ഞത്.