വടക്കാഞ്ചേരി പീഡനം : സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിക്കെതിരേ കേസെടുത്തു

73
case

തൃശ്ശൂര്‍ : വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പീഡനാരോപണത്തില്‍ ഉള്‍പ്പെട്ട കൗണ്‍സിലര്‍ ജയന്തനെയും ബിനീഷിനെയും സി.പി.എമ്മില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുളള തീരുമാനം മാദ്ധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടക്കാണ് കെ. രാധാകൃഷ്ണന്‍ ഇരയുടെ പേര് പറഞ്ഞത്. പേര് പറയേണ്ടെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ആരോപണവിധേയനായ ജയന്തന്റെ പേര് എപ്പോഴും പറയുമ്പോള്‍ പരാതിക്കാരുടെ പേര് പറയുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228 എ വകുപ്പ് പ്രകാരം ബലാത്സംഗക്കേസിലെ ഇരയെ തിരിച്ചറിയാന്‍ സാധിക്കുന്ന വിവരങ്ങള്‍ അച്ചടിക്കാനോ പ്രസിദ്ധപ്പെടുത്താനോ പാടില്ല. അങ്ങനെ ചെയ്താല്‍ രണ്ടുവര്‍ഷം വരെ ശിക്ഷയാകാമെന്നാണ് നിയമം.