കാറ്റ് വിതച്ചു കൊടുങ്കാറ്റു കൊയ്യുമ്പോൾ ഇനിയും ഭാവനമാർ ആക്രമിക്കപ്പെട്ടുകൊണ്ടേ ഇരിക്കും ഇങ്ങനെ പോയാൽ സിപിഎം വലിയ വില കൊടുക്കേണ്ടി വരും ശോഭാസുരേന്ദ്രൻ

245

 

ശോഭാസുരേന്ദ്രൻ

ബിജെപി സംസ്ഥാന സെക്രട്ടറിയും ബിജെപി കേന്ദ്ര കമ്മറ്റി അംഗവുമായ ശോഭാസുരേന്ദ്രൻ ഈസ്റ് കോസ്റ്റിനു നൽകിയ പ്രത്യേക അഭിമുഖം

**നടിയ്‌ക്കെതിരെയുള്ള ആക്രമണത്തിന്റെ ഞെട്ടലിൽ നിന്ന് താൻ മുക്തയായിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. ഈ ഗവണ്മെന്റിന്റെ കീഴിൽ എന്തും നടക്കുമെന്ന ധൈര്യമാണ് എല്ലാ കുറ്റവാളികൾക്കും ഉള്ളത്. തങ്ങൾ എന്ത് കുറ്റം ചെയ്താലും സംരക്ഷിക്കാൻ ആളുണ്ടെന്ന് കാണുമ്പോഴാണ് ഇത്തരം അക്രമങ്ങൾ ഉണ്ടാവുന്നത്. ഈ നടിയെ പോലെ പ്രശസ്തയായ ഒരാൾക്ക് ഈ ഗതിയെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് ചിന്തിക്കുന്നുണ്ടോ?

**ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം എത്രയെത്ര സംഭവങ്ങളാണ് നാം ദിവസവും കാണുന്നത്. വടക്കാഞ്ചേരി പീഡനക്കേസിലെ പ്രതി സിപിഎം കൗൺസിലർ തന്നെയാണെന്ന് കണ്ടപ്പോൾ ആ കേസ് തന്നെ എങ്ങുമെത്താതെ ഇല്ലാതെയാക്കി. സംസ്ഥാനത്തു സ്ത്രീ സുരക്ഷയ്ക്കായി ഒരുക്കിയ എല്ലാ സംവിധാനങ്ങളും പാടെ തകരുകയോ നിഷ്ക്രിയമാവുകയോ ചെയ്തു. നടിയുടെ സംഭവത്തിൽ ഒരു ഡ്രൈവർ മാത്രം വിചാരിച്ചാൽ ഇങ്ങനെ ഒരു പ്രവൃത്തി ചെയ്യാൻ ധൈര്യപ്പെടുമോ എന്ന് സംശയമുണ്ട്. ഇതിനു പിന്നിൽ ഒരുപക്ഷെ വൻ ഗൂഢാലോചന നടന്നിട്ടുണ്ടാവാം. അതാണ് പുറത്തുകൊണ്ടുവരേണ്ടത്. ധൈര്യവും പിന്തുണയും നൽകാൻ പ്രമുഖരും അധികാരവും ഉണ്ടെങ്കിൽ എന്തും ചെയ്യാൻ ഗുണ്ടകൾക്ക് ധൈര്യമുണ്ടാവും.

**മറ്റൊന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ആക്രമണത്തിൽ ഈ സർക്കാർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണം. ആഭ്യന്തരം സിപിഎമ്മിന്റെ കയ്യിൽ ഇരിക്കുന്നിടത്തോളം കാലം ഇരകൾക്ക് നീതി ലഭിക്കില്ല. പിണറായി വിജയൻ എത്രയും വേഗം ആഭ്യന്തരം ഒഴിയണം. സ്ത്രീകളുടെ പക്ഷത്തു നിന്ന് നീതിപൂർവ്വമായ ഒരു അന്വേഷണമാണ് വേണ്ടത്. ഇതിൽ എത്ര വലിയ ഉന്നതൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും പുറത്തു വരണം.സകീർ ഹുസൈനെ പോലെയുള്ള ഗുണ്ടകൾക്ക് പാർട്ടി ഓഫീസിൽ സുരക്ഷയൊരുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളത്തിൽ ഞാൻ ഉൾപ്പടെയുള്ള സ്ത്രീ സമൂഹത്തിനു ഇന്ന് കേരളത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്. സിനിമ നടിയെ തട്ടിക്കൊണ്ടു പോയ ഗുണ്ടകൾ ഇനിയും പുറത്തിറിങ്ങില്ലേ?

**പാർട്ടിയുടെ ചാനലായ കൈരളി വരെ ഇരയെ വലിച്ചു കീറി ആക്രമിക്കുന്നതുപോലെയുള്ള വാർത്തയാണ് കൊടുത്തത്. സിപിഎം എന്നാൽ സ്ത്രീ സംരക്ഷണത്തിന് ഒരിക്കലും വില കൊടുത്തിട്ടില്ലാത്ത പാർട്ടി എന്ന് തന്നെയാണ്.ഒരു ദൃശ്യ മാധ്യമത്തിൽ വാർത്തകൾ കൊടുക്കുമ്പോൾ അത് കാണുന്നവർ ജന കോടികളാണ്.നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ചാനൽ വാർത്ത നൽകിയത്. അതിനു ഒരു മാപ്പിൽ ഒതുങ്ങേണ്ടതല്ല, പകരം ചാനലിനെതിരെ നാടപടിയെടുക്കുകയാണ് വേണ്ടത്. വസ്തുതാ വിരുദ്ധമായ പല വാർത്തകളും ചാനൽ ഇതിനു മുൻപും നൽകിയിട്ടുണ്ട്.

**ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് നടിയുടേത് ഒറ്റപ്പെട്ട സംഭവം ആണെന്നാണ്. പക്ഷെ ഇങ്ങനെ എത്ര ഒറ്റപ്പെട്ട സംഭവങ്ങൾ ദിവസവും നടക്കുന്നുണ്ടെന്ന് കോടിയേരി എന്താണ് മനസ്സിലാക്കാത്തത്. തിരുവനന്തപുരത്തു സ്‌കൂൾ കുട്ടികൾ പീഡനത്തിനിരയാക്കപ്പെടുന്നു, പിണറായിയുടെ സ്വന്തം മണ്ഡലത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു, സാധാരണ പൗരന്മാരെ ചുട്ടും കല്ലെറിഞ്ഞും കൊല്ലുന്നു, സദാചാര പോലീസിങ്ങും ഗുണ്ടാ വിളയാട്ടവും ആണ് സംസ്ഥാനം ഉടനീളം. ദളിത പീഡനങ്ങൾ, കോളേജ് തലത്തിൽ പല അക്രമങ്ങൾ ഒക്കെയാണ് ഇന്ന് കാണുന്നത്.

**ജിഷ്ണു എന്ന വിദ്യാർത്ഥിയുടെ അച്ഛനും അമ്മയും പാർട്ടി അനുഭാവികളായിട്ടും അവർക്കും നീതി നിഷേധിക്കപ്പെടുകയാണ് . കുട്ടിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതാണെന്നതാണ് അന്വേഷണത്തിൽ തെളിയുന്നതും പുറത്തു വരുന്നതുമായ വിവരങ്ങൾ. തെളിവുകളെല്ലാം കോളേജ് അധികൃതർ നശിപ്പിച്ചു, ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തത്ര തുക വാങ്ങി കോളേജ് നടത്തുന്നവർ വിദ്യാർത്ഥികളോട് എന്ത് ചെയ്യുന്നെന്ന് സർക്കാർ അന്വേഷിക്കുന്നില്ല. അവർക്കു എന്ത് സൗകര്യമാണ് കോളേജ് അധികൃതർ നൽകുന്നതെന്ന് അന്വേഷിക്കുന്നില്ല.

**ഒരു ജിഷ്ണു മാത്രമല്ല പല മിടുക്കന്മാരായ ജിഷ്ണുമാർ ഇന്നും പല കോളേജുകളിലായി ദുരിതം അനുഭവിക്കുന്നു.കേസ് കോളേജ് അധികൃതരുടെ കൂടെ നിന്ന് അട്ടിമറിക്കാനാണ് സർക്കാരിന്റെ ശ്രമം.ലോ കോളേജ് വിഷയത്തിൽ മുഖ്യമന്ത്രി തന്നെ പ്രിൻസിപ്പാളിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് നാം കണ്ടത്. ഏതോ ഒരു പിള്ള എന്ന് പറഞ്ഞ പിണറായിക്ക് പിള്ളയുടെ മകന്റെ കയ്യിൽ നിന്ന് തന്നെ കണക്കിന് കിട്ടിയത് നാം കണ്ടതാണ്.ജാതിപ്പേര് വിളിച്ചപമാനിച്ച പ്രിന്സിപ്പാളിനെതിരെ എന്ത് നടപടിയാണ് പോലീസ് എടുത്തത്?വിദ്യാർഥികൾ വളരെയേറെ ഗുരുതരമായ കുറ്റമാണ് ആരോപിച്ചത്.

**പാലക്കാട് വിമല എന്ന പാവപ്പെട്ട വീട്ടമ്മയുടെ ഭർത്താവും കുടുംബവും ബിജെപി അനുഭാവികൾ ആണെന്ന ഒറ്റ തെറ്റാണ് അവരെ ചുട്ടുകൊല്ലാൻ കാരണമായത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന തമിഴ്‌നാട് പോലീസിനെ വരെ സിപിഎം ഗുണ്ടകൾ എതിർത്തു തിരിച്ചു വിട്ടു.ഈ സർക്കാരിന്റെ കീഴിൽ ഗുണ്ടാരാജ് ആണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് കൊടും കുറ്റവാളികളും ഗുണ്ടകളും ഉൾപ്പെടെയുള്ള ആയിരത്തിനു മേലെയുള്ള പ്രതികളെ ജയിലിൽ നിന്ന് പുറത്തു വിടാൻ ഈ സർക്കാർ ശ്രമിച്ചത്. എന്നാൽ ഗവർണ്ണറുടെ ഇടപെടൽ കാരണം അത് നടക്കാതെ വരികയായിരുന്നു. ഇതൊക്കെ വിരൽ ചൂണ്ടുന്നത് ഭീകരമായ ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിലേക്കാണ്.

**ക്രമസമാധാനം പൂർണ്ണമായി തകർന്നു.പാർട്ടി എതിരാളികളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ തത്വം. ഫാസിസത്തിനെതിരെ എന്ന് പറഞ്ഞു കൊണ്ട് ലോകത്തെങ്ങുമില്ലാത്ത ഫാസിസമാണ് കണ്ണൂരിലും മറ്റു സിപിഎം ശക്തികേന്ദ്രങ്ങളിലും നടക്കുന്നത്.ബിജെപിപി എല്ലായിടങ്ങളിലും ശക്തി പ്രാപിക്കുന്നതിന്റെ ഭയത്തിലാണ് ബിജെപി പ്രവർത്തകരെ തെരഞ്ഞു പിടിച്ചു ആക്രമിക്കുന്നത്. കാണാം രാജേന്ദ്രൻ തന്നെ അത് വ്യക്തമാക്കിക്കഴിഞ്ഞു. കേരളത്തിലെ മുഖ്യപ്രതിപക്ഷമായി ബിജെപി വളർന്നു കഴിഞ്ഞു.എത്രയും വേഗം കേന്ദ്രം കേരളത്തിന്റെ തകർന്ന ക്രമസമാധാന വിഷയത്തിൽ ഇടപെടെണമെന്നാണ് എന്റെ അഭിപ്രായം ശോഭ സുരേന്ദ്രൻ പറഞ്ഞു നിർത്തി.