Prathikarana Vedhi

ഇങ്ങനെ ഒരു ഗവര്‍ണറെ കിട്ടിയതില്‍ നമുക്കഭിമാനിക്കാം: സി.പി.എം സര്‍ക്കാരും 1850 ക്രിമിനലുകളും പിന്നെ നമ്മുടെ ഗവര്‍ണറും: അധ്യാപികയായ അഞ്ജു പാര്‍വതി പ്രഭീഷിന്റെ ശ്രദ്ധേയമായ ലേഖനം

നടിയെ ശാരീരികമായി ആക്രമിച്ചത്‌ പ്രാദേശീക ദേശീയ തലത്തിൽ വലിയ വാർത്തയായി. അതിന്റെ കാരണം അവർ പ്രശസ്തയായ ഒരു നടിയാണു എന്നത് തന്നെയാണ്.. ഭരണകക്ഷിയിലെ ചില നേതാക്കന്മാർക്ക് അതൊരു ഒറ്റപ്പെട്ട സംഭവമാണെങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി പീഡനങ്ങൾ ഈ കൊച്ചു കേരളത്തിൽ നിത്യസംഭവങ്ങളായ തുടർക്കഥകളാണ്. ചലച്ചിത്ര നടി ആക്രമിക്കപ്പെട്ട സംഭവം മലയാള പത്രങ്ങളും ചാനലുകളും ആഘോഷമാക്കിയപ്പോൾ അന്നേ ദിവസം തന്നെ ശ്രദ്ധിക്കപ്പെടേണ്ട ഒരു വാർത്ത ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ മുൻ പേജിൽ വന്നിരുന്നു.എന്നാൽ ആ ആംഗലേയ വാർത്തയെ നമ്മളിൽ പലരും കണ്ടില്ലെന്നു നടിച്ചു.. ആ വാർത്ത ഒരു ചാനലുകളിലും അന്തിചർച്ചയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടില്ല.. ഒരു മലയാള പത്രവും വാർത്താപ്രാധാന്യത്തോടെ മുൻ പേജിൽ കൊടുത്തില്ല.. ഇതാണ് നമ്മുടെ പത്രങ്ങളുടെയും ചാനലുകളുടെയും ഇരട്ടത്താപ്പ് … സ്ത്രീ സുരക്ഷയ്ക്കായി ചാനലുകളിൽ വന്ന് വാ തോരാതെ പ്രസംഗിച്ച ആരും തന്നെ ആ വാർത്തയ്ക്കുള്ളിലെ അപകട കുരുക്കിനെ കുറിച്ച് പറഞ്ഞില്ല..

എന്തായിരുന്നു ആ വാർത്ത എന്നറിയേണ്ടേ?

“കേരളത്തിലെ വിവിധ ജയിലുകളിൽ കിടക്കുന്ന 1850 കുറ്റവാളികളെ വിട്ടയക്കാനുള്ള കേരള ഗവർമെന്ററിന്റെ അപേക്ഷ ബഹുമാനപ്പെട്ട കേരള ഗവർണർ പി.സദാശിവം ഒപ്പു വെക്കാതെ തിരിച്ചയച്ചു.
ബലാൽസംഗം, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ലൈംഗികാതിക്രമങ്ങൾ,
മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട്‌ ശിക്ഷിക്കപ്പെട്ടവർ ,വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ശിക്ഷിക്കപ്പെട്ടവർ കൂടാതെ ഭരിക്കുന്ന പാർട്ടിയിലുള്ളവരും വിവിധകേസുകളിലായി ശിക്ഷിക്കപ്പെട്ട്‌ ഇപ്പോൾ ജയിലിൽ കഴിയുന്നവരുംഈ വിടുതൽ ലിസ്റ്റിൽ ഉണ്ട്.. ഇപ്പോൾ മനസ്സിലായല്ലോ എന്തുകൊണ്ട് ഇവിടെ ഇരകൾ തുടർക്കഥയാകുന്നുവെന്ന്? രക്ഷിക്കേണ്ട കരങ്ങൾ തന്നെ കുറ്റവാളികൾക്ക് സംരക്ഷകരാകുന്ന ഈ നാട്ടിൽ ഓരോ പെണ്ണും മാനത്തിനു വേണ്ടി കെഞ്ചുന്ന കാലം വിദൂരമല്ല തന്നെ.. അപ്പോൾ കൊടിയേരി സഖാവിന്റെ ഭാഷയിൽ പറഞ്ഞാൽ ഇനിയും ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിക്കപ്പെടും.. ക്രിമിനലുകളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ഗവർണറോട് നിവേദനം നടത്തുന്ന പാർട്ടിയുടെ നേതൃത്വത്തിന് കുറ്റകൃത്യങ്ങളെ എങ്ങനെയാണ് തടയാൻ കഴിയുക??

ലിസ്റ്റിലുള്ള പലരെയും വിട്ടയച്ചാൽ അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകും എന്നു കണ്ടാണ് ഒരു മാസം മുബ് കേരള ആഭ്യന്തര വകുപ്പ് തയ്യാറാക്കി കാബിനറ്റ്‌ കൂടി പാസാക്കിയതുമായ ഈ ഫയൽ ഗവർണർ തിരിച്ചയച്ചത് .ഇങ്ങിനെയുള്ള ഒരു ലിസ്റ്റിനു നിയമകാര്യ സെക്രട്ടറിയുടെ അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെയാണ് ഈ ഫയൽ ഗവർണ്ണർക്ക്‌ അയച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ന് കേരളത്തിൽ ഗവർണർ സ്ഥാനത്തിരിക്കുന്നത് വെറുമൊരു ഡമ്മിയല്ല. നീതിബോധവും കാര്യബോധവും ആവോളമുളള പി സദാശിവം എന്ന നിയമജ്ഞൻ കൂടിയായ അദേഹത്തിന്റെ കണ്ണിൽ പൊടിയിടാൻ സർക്കാരിനു കഴിഞ്ഞില്ല.. അതുകൊണ്ട് തന്നെ ഒപ്പിടാതെ ആ ഫയൽ അദ്ദേഹം തിരിച്ചയച്ചു.. അല്ലായിരുന്നുവെങ്കിലോ ജയിലിൽ കിടക്കുന്ന ഒരു പാട് പൾസർ സുനിമാരും കൊടി സുനിമാരും കൂടി യഥേഷ്ടം വിഹരിക്കുമായിരുന്നു.. അപകട സാദ്ധ്യത പൂർണ്ണമായി ഒഴിഞ്ഞുവെന്ന് ആശ്വസിക്കാറായിട്ടില്ല തന്നെ.ഭരണപക്ഷത്തിന്റെ കുറ്റവാളികളോടുളള ഈ മൃദുസമീപനം തന്നെയാണ് ഇവിടെ ക്രിമിനലുകളെ തഴച്ചു വളരാൻ ഇടയാക്കുന്നത്.. ഇത്തരം കാര്യം ചർച്ചിക്കാൻ ബ്രിട്ടാസുമാരില്ല… പോസ്റ്റാൻ മനുഷ്യാവകാശ പ്രവർത്തകരില്ല.. പ്രതിഷേധിക്കാനോ അഭിപ്രായം പ്രകടിപ്പിക്കാനോ സാംസ്കാരിക നായകർ ഇല്ല… സഹിഷ്ണുതാ വാദികളോ ഹാഷ് ടാഗുകളോ ഉണ്ടായില്ല.. ആകെയുളളത് ഒരു ജോയ് തോമസ് മാത്രം.. സമൂഹത്തിലെ കൊളളരുതായ്മകൾക്കെതിരെ പരസ്യമായി പോരാടുന്നവനാണ് യഥാർത്ഥ സഖാവ്.. അല്ലാതെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ആദർശങ്ങളെ അടിയറ വയ്ക്കുന്നവൻ ആകരുത്… ഇത്തരം വാർത്തകൾ കാണുമ്പോഴും കേൾക്കുമ്പോഴുമാണ്

നമ്മുടെ രാഷ്ട്രീയ നേത്രുത്വം നമ്മൾ ജനങ്ങൾക്ക്‌ ഉറപ്പ്‌ തരുന്ന ജീവനും സ്വത്തിനും മാനത്തിനുമുള്ള സുരക്ഷിതത്വം എന്ന വാക്ക് ണ എത്രമേൽ പൊളളയാണെന്ന് മനസ്സിലാവുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ഗുണ്ടകളെ വാഴിക്കില്ലായെന്നും ഭരണകർത്താക്കൾ വാക്കു തരുമ്പോൾ അതേ ഭരണ കർത്താക്കൾ തന്നെ കുറ്റവാളികൾക്കുവേണ്ടി നിലയുറപ്പിക്കുന്ന ഈ സമത്വ സുന്ദര മാവേലി രാജ്യം ആണ് സഖാക്കൾ വാഗ്ദാനം ചെയ്യുന്ന കിനാശേരിയെന്നു ഇപ്പോൾ മനസ്സിലാവുന്നു.. ഇരയ്ക്കും വേട്ടക്കാരനും ഒരേ തരം പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഈ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള ഭരണനേതൃത്വമുളളപ്പോൾ ഇനിയുമിവിടെ സൗമ്യമാരും ജിഷമാരും ഭാവനമാരും യഥേഷ്ടം ഉണ്ടാകുക തന്നെ ചെയ്യും…

ഇനിയുമിവിടെ ഒറ്റപ്പെട്ട സംഭവങ്ങൾ തുടർക്കഥയാകും… എത്ര ലഘുവായിട്ടാണ് കോടിയേരി സഖാവ് പൾസർ സുനിയെന്ന ക്രിമിനലിന്റെ പ്രവൃത്തിയെ വിശകലനം ചെയ്തു കളഞ്ഞത്.. അന്നത്തെ സൂര്യനെല്ലിക്കേസും ഒറ്റപ്പെട്ടതായിരുന്നു… പ്രതികളിൽ ധർമ്മരാജനെന്ന ഗുണ്ട കൊടും ക്രിമിനലായിരുന്നു. പിന്നീടൊരു പതിനാലുകാരി പെൺകുട്ടിയെയും പ്രമുഖ രാഷ്ട്രീയ നേതാവടക്കം നാല്പത്തിനാലു പേർ ഭോഗിച്ചിട്ടില്ലല്ലോ?? കിളിരൂറും ഒറ്റപ്പെട്ടതായിരുന്നു…. ശാരിയെ കൊന്നതു പോലെ വി ഐ പി യുടെ സാന്നിധ്യം പിന്നീട് ആർക്കും ഉണ്ടായില്ലല്ലോ?? അനഘയുടെയും കുടുംബത്തിന്റെയും ആത്മഹത്യയും ഒറ്റപ്പെട്ടതായിരുന്നു… പീഡനത്തിന്റെ പേരിൽ പിണീടൊരു നമ്പൂതിരി കടുംബവും ആത്മഹത്യ ചെയ്തിട്ടില്ലല്ലോ?..സൗമ്യ വധവും ഒറ്റപ്പെട്ടതു തന്നെ. ട്രെയിനിൽ നിന്ന് തള്ളിയിട്ട് ഭിക്ഷക്കാർ പിന്നീട് ആരെയും പീഡിപ്പിച്ച് കൊന്നിട്ടില്ലല്ലോ.. ജിഷ കേസും ഒറ്റപ്പെട്ടതു തന്നെയായിരുന്നു… അസം സ്വദേശികൾ അതിനു മുമ്പോ പിമ്പോ പാവപ്പെട്ട പെൺകുട്ടികളെ കൊന്നിട്ടില്ല.. അഭയ കേസും ഒറ്റപ്പെട്ടതു തന്നെയായിരുന്നു.. ഇപ്പോൾ നടിക്ക് സംഭവിച്ചതും ഒറ്റപ്പെട്ടത് തന്നെ.. കാരണം ഇതിനു മുമ്പ് ഒരു കലാകാരിക്കും ഇങ്ങനൊരു അവസ്ഥയെ നേരിടേണ്ടി വന്നിട്ടിലല്ലോ??.ഇനി എന്നാണാവോ ഇരട്ടപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത്??? ഇരട്ടപ്പെട്ട സംഭവങ്ങൾ കണ്ടുപിടിക്കാൻ ബൈനോക്കുലറുമായി ഉത്തരേന്ത്യ നോക്കിയിരിക്കുന്ന സഖാക്കൾക്ക് നമോവാകം……ഒറ്റപ്പെട്ട സംഭവങ്ങൾ ഏറ്റുവാങ്ങാൻ കേരളത്തിലെ സ്ത്രീ ജന്മങ്ങൾ ഇനിയും ബാക്കി…. കൂടെ കുറ്റവാളികൾക്ക് പരിരക്ഷ നല്‍കാന്‍ രാഷ്ട്രീയ ഭേദമേന്യേ രാഷ്ട്രീയക്കാരും ഒന്നിക്കുമ്പോൾ ദൈവത്തിന്റെ സ്വന്തം രാജ്യം ഗുണ്ടകളുടെ സ്വന്തം രാജ്യമാകുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button