NewsIndia

കാലാവധികഴിഞ്ഞ മരുന്നുകഴിച്ച് കുഞ്ഞ് മരിച്ചു

ബെംഗളൂരു: കാലാവധി കഴിഞ്ഞ മരുന്നുകഴിച്ച രണ്ടുവയസ്സുകാരന്‍ മരിച്ചു. കര്‍ണാടകത്തിലെ മാണ്ഡ്യ ജില്ലയില്‍ കെ.ആര്‍. പേട്ട സ്വദേശിയായ മാനസയുടെ മകന്‍ ദീക്ഷിതാണ് മരിച്ചത്. തുടര്‍ച്ചയായി ചുമയുണ്ടായതിനെ തുടർന്ന് അമ്മ കുട്ടിക്ക് സിറപ്പ് നല്‍കിയിരുന്നു. ഇതു കഴിച്ചയുടന്‍ കുട്ടി അബോധാവസ്ഥയിലാവുകയായിരുന്നു. പരിഭ്രാന്തിയിലായ വീട്ടുകാര്‍ ഉടൻ തന്നെ തൊട്ടടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ യഥാസമയം ചികിത്സ ലഭിച്ചില്ലെന്നു പരാതിയുണ്ട്. തുടര്‍ന്ന് സ്വകാര്യ നഴ്‌സിങ് ഹോമില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചെന്നുപറഞ്ഞ് അവിടുത്തെ ഡോക്ടര്‍ പരിശോധന നടത്താന്‍പോലും തയ്യാറായില്ല. ഇതെ തുടർന്ന് ക്ഷുഭിതരായ വീട്ടുകാര്‍ വീണ്ടും താലൂക്ക് ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ പരിശോധന നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം എത്തിച്ചപ്പോള്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ പരിശോധിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പക്ഷെ ഈ ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിഷേധിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ പഴയ മരുന്നുകഴിച്ചതാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒന്നരവര്‍ഷം മുന്‍പ് കാലാവധിതീര്‍ന്ന മരുന്നാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button