Prathikarana Vedhi

കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ബജറ്റ് ചോര്‍ച്ചാ വിവാദത്തില്‍ വിളറി വെളുത്ത മുഖവുമായി തോമസ്‌ ഐസക്: ഇ.പി ജയരാജനെ രാജി വെയ്പ്പിച്ചവര്‍ക്ക് ഇവിടെ നിശബ്ദരാകാന്‍ കഴിയുമോ?

കേരള ബജറ്റ് ചോർന്നു എന്നതിൽ സംശയമില്ല. അത് ധനമന്ത്രി ഡോ. തോമസ് ഐസക്ക് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ന് പുറത്തിറങ്ങിയ ‘ മെട്രോ വാർത്ത’ പത്രത്തിൽ ബജറ്റിലെ കുറെ നികുതി നിർദ്ദേശങ്ങളുണ്ട്. അതെങ്ങിനെ ഇന്നലെ രാത്രി അച്ചടിച്ച പത്രത്തിന് ലഭിച്ചു. അതെന്തായാലും ഇന്ന് രാവിലെ ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ തന്നെ അതിലെ വിവരങ്ങൾ, പ്രതിപക്ഷ നേതാവ് സഭയിൽ എടുത്തുകാട്ടി. ഡോ. ഐസക്ക് വായിച്ചിട്ടില്ലാത്ത ബജറ്റിലെ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രാവിലെ 1 ൦.15 – ഓടെ തന്നെ നിയമസഭയിൽ പറയാത്ത ബജറ്റിലെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് മുന്പുണ്ടായിട്ടില്ലാത്ത കാര്യാമാണ്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ നിന്നും ഡോ. ഐസക്കിന് തലയൂരാൻ എളുപ്പമാവുമെന്നു തോന്നുന്നില്ല. ബജറ്റ് ചോർന്നാൽ ധന മന്ത്രിക്ക് പിടിച്ചുനിൽക്കാനാവുമോ എന്നത് സാർവത്രികമായി ചർച്ച ചെയ്‌തുതുടങ്ങി.

ഇത് ഒരു ധാർമികതയുടെ പ്രശ്നമാണ്. ബജറ്റ് അത്രമാത്രം രഹസ്യമായ ഒരു രേഖയാണ്. അതിന്റെ പൂർണ്ണ വിവരങ്ങൾ ആകെ അറിയാവുന്നവർ ഒന്നോ രണ്ടോ പേര് മാത്രമാണ്. ധനമന്ത്രി അത് തയ്യാറാക്കുന്നു. അച്ചടിക്കാൻ കൊടുക്കുന്നതിനുമുന്പായി അത് കാണുന്ന മറ്റൊരാൾ മുഖ്യമന്ത്രിയാണ്. പിന്നെ സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനുമുന്പായി അത് കാണുന്ന മറ്റൊരാൾ സ്‌പീക്കറാണ്. അദ്ദേഹത്തിന് ഒരു കോപ്പി കൊടുക്കുന്ന പതിവുണ്ട്. നിയമസഭങ്ങൾക്കും മറ്റും അതിന്റെ വിശദാംശങ്ങൾ ലഭിക്കുന്നത് സഭയിലെ ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനുശേഷമാണ്. ഇവിടെ അത് ലീക്ക് ചെയ്യപ്പെട്ടിരിക്കുന്നു. അത് ചോർന്നത് ധനമന്ത്രിയുടെ ഓഫിസിൽ നിന്നാണ് എന്നതാണ് കേൾക്കുന്നത്. എങ്കിൽ അതിലേറെ പ്രശ്നമാണ്. രഹസ്യമായി സൂക്ഷിക്കേണ്ടുന്ന വിവരങ്ങൾ എന്തിനാണ് തോമസ് ഐസക്ക് സ്വന്തം ഓഫിസിൽ ഏൽപ്പിച്ചത് എന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്. അത് ചെയ്യാൻ ധനകാര്യ മന്ത്രിക്ക്‌ എന്താണ് അവകാശം?. ഇല്ലതന്നെ.

കേരളത്തിലാണെങ്കിൽ ബജറ്റ് തയ്യാറാക്കിയാൽ അത് സഭയിൽ അവതരിപ്പിക്കുന്നതിന് തലേന്നാണ് ഗവർമെന്റ് പ്രസ്സിൽ അച്ചടിക്കായി കൊടുക്കുക. ബജറ്റ് ദിവസമാണ് അത് അച്ചടിച്ചുകൊണ്ടുവരിക. അച്ചടിയാവട്ടെ പോലീസിന്റെ നിരീക്ഷണത്തിൽ അത്രമാത്രം സ്വകാര്യതയോടെ ……………. കേന്ദ്രത്തിൽ ആണെങ്കിൽ ബജറ്റ് അച്ചടിക്കുന്നത് പാർലമെന്റിലെ തന്നെ പ്രസ്സിലാണ്. ബജറ്റ് തയ്യാറാക്കാൻ നിയുക്തരാവുന്നവർ, അത്‌ അച്ചടിക്കാനായി ചുമതലപ്പെട്ടവർ തുടങ്ങിയവർ ബജറ്റ് അവതരിപ്പിക്കുന്നത് വരെ ഏതാണ്ട് തടവിലായിരിക്കും. അതുകഴിഞ്ഞേ അവർക്ക്‌ പുറത്തുപോകാൻ കഴിയൂ. ഇത്തരമൊരു സാഹചര്യത്തിൽ അതിലെ ഒരു വരി ചോർന്നാൽ തീർച്ചയായും ധനമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മറ്റൊരാൾക്കും അതിൽ ഉത്തരവാദിത്തമില്ലതാനും. അവിടെയാണ് തോമസ് ഐസക്കിന്റെ ഉത്തരവാദിത്വവും വീഴ്ചയും കൂടുന്നത്.

ബജറ്റ് അവതരണത്തിനുശേഷമുള്ള തോമസ് ഐസക്കിന്റെ വാർത്ത സമ്മേളനം ശ്രദ്ധിച്ചിരിക്കണം എല്ലാവരും. പാവം മുഖത്തുചോരയില്ലാത്ത അവസ്ഥ. സാധാരണ നിലക്ക് അദ്ദേഹം കത്തികയറേണ്ട നിമിഷങ്ങളാണ് എന്നതോർക്കുക. പക്ഷെ ആ മുഖം കണ്ടപ്പോൾ യഥാർഥത്തിൽ വിഷമം തോന്നി. ബജറ്റ് രേഖകൾ ഒന്നും ചോർന്നിട്ടില്ല എന്ന വാദഗതിയാണ് ധനമന്ത്രി ഉന്നയിച്ചത്. അതെ അദ്ദേഹത്തിന് പറയാൻ കഴിയൂ. പക്ഷെ, അതുകൊണ്ട്‌ തന്റെ വീഴ്ചയെ ന്യായീകരിക്കാൻ ഐസക്കിന് പ്രയാസമാണ്. സിപിഎമ്മിൽ ഇന്നിപ്പോൾ ഉയർന്നുവരുന്ന ചില ഭിന്നതകൾ മറന്നുകൂടാ. അതിൽ ഐസക്കും പിണറായിയും ഒരേ തലത്തിലല്ല എന്നതും എല്ലാവര്ക്കും നന്നായി അറിയാം. അതുകൊണ്ടൊക്കെത്തന്നെ ഇന്നുണ്ടായ വീഴ്ച തനിക്കെതിരെ പിണറായി പ്രയോജനപ്പെടുത്തുമല്ലോ എന്ന ആശങ്ക ധനമന്ത്രിക്കുണ്ടാവണം.

ഇവിടെ ധനമന്ത്രിയുടെ മാത്രം പ്രശ്നമല്ല പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ഈ ബജറ്റ് കണ്ടിട്ടുള്ള മറ്റൊരാൾ മുഖ്യമന്ത്രിയാണല്ലോ. അദ്ദേഹമാണ് അത് ചോർത്തിയത് എന്നാരും പറഞ്ഞിട്ടില്ല. എന്നാൽ ഒരു ധാർമ്മികതയുടെ പ്രശ്നം പിണറായിയുടെ മുന്നിലുണ്ട്. സ്വന്തം ഒരു ബന്ധുവിന് നിയമനോത്തരവ് നൽകിയതിനാണ് ഇപി ജയരാജനോട് മന്ത്രിപദം ഒഴിയാൻ സിപിഎം ആവശ്യപ്പെട്ടത്. സഖാവ് ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റിയംഗമാണ് ; നിയമനം നൽകിയത് മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗവും എംപിയുമായ ശ്രീമതി ടീച്ചറുടെ മകന്. അദ്ദേഹം ജോലിയിൽ പ്രവേശിച്ചില്ല; നിയമനോത്തരവ് നൽകിയതേയുള്ളൂ. അത് വലിയധാർമ്മിക പ്രശ്നമായി പലരും കണ്ടു, പ്രത്യേകിച്ചും മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും. അങ്ങിനെയാണ് ഇപിക്ക് മന്ത്രിക്കസേര തെറിച്ചത്. അത്രയയക്കെ ധാർമികത അന്ന് കണ്ടെത്തുകയും അതിൽ നടപടിവേണമെന്ന് ചിന്തിക്കുകയും ചെയ്ത പിണറായിക്കും സിപിഎമ്മിനും ബജറ്റ് ചോർന്നത് ചെറിയ കാര്യമാണ് എന്ന് കരുത്താനാവുമോ?. ഇല്ലതന്നെ. ഇപി ജയരാജൻ ചെയ്തതിലും എത്രയോ ഭീകരമായ വീഴ്ചയാണ് ഒരർഥത്തിൽ ഡോ. ഐസക്കിൽ നിന്നുമുണ്ടായത്?. അതുകൊണ്ടുതന്നെ, പിണറായി എന്ത് തീരുമാനിക്കുന്നു എന്നതിന് നാട് കാതോർത്തിരിക്കുകയാണ് . കോടിയേരി ബാലകൃഷ്ണൻ എന്താണ് ഉരിയാടുക എന്നതും പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button