NewsIndia

വന്ധ്യംകരണ ശസ്ത്രക്രിയ പരാജയം; സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയത് ഒരു കോടിയിലധികം

ഭുവനേശ്വര്‍: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയശേഷവും സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്ന സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സര്‍ക്കാരിന്റെ ആരോഗ്യവകുപ്പില്‍ വിവാദം പുകയുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ശസ്ത്രക്രിയ പരാജയപ്പെട്ട് വീണ്ടും ഗര്‍ഭിണിയായ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിന് നഷ്ടപരിഹാരമായി നല്‍കേണ്ടിവന്നത് ഒരു കോടിയിലധികം രൂപയാണ്.

ജനസംഖ്യാനിയന്ത്രണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സൗജന്യനിരക്കില്‍ ചെയ്യുന്ന അണ്ഡവാഹിനി കുഴല്‍ മുറിച്ചുള്ള വന്ധ്യംകരണ ശസ്ത്രക്രിയക്ക് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് വിധേയരായവര്‍ ഒരു ലക്ഷത്തിലധികം സ്ത്രീകളാണ്. എന്നാല്‍ ഇതില്‍ 350 ലധികം പേര്‍ വീണ്ടും ഗര്‍ഭിണികളായി. ഇതേതുടര്‍ന്നാണ് സര്‍ക്കാരിന് ഇവര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കേണ്ടിവന്നത്. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിന് സര്‍ക്കാര്‍ അനുവദിച്ചത് ഒരാള്‍ക്ക് 30,000 രൂപ വച്ചാണ്. ഇങ്ങനെയാണ് ഒരു കോടിയിലധികം രൂപ നല്‍കേണ്ടിവന്നത്.

കഴിഞ്ഞ വര്‍ഷം മാത്രമല്ല വന്ധ്യംകരണ ശസ്ത്രക്രിയ പരാജപ്പെടുന്നതിന്റെ എണ്ണം കൂടിയത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയിട്ടും ഗര്‍ഭിണികളാകുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളിലേക്കാള്‍ അധികമാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി വര്‍ഷം തോറും സംസ്ഥാനത്ത് ഏകദേശം ഒന്നേകാല്‍ ലക്ഷം സ്ത്രീകള്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുണ്ട്. ഇതില്‍ ആയിരത്തോളം പേരുടെ ശസ്ത്രക്രിയയാണ് പരാജയപ്പെട്ടത്.

അണ്ഡവാഹിനിക്കുഴല്‍ മുറിച്ചുള്ള വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് 0.01 ശതമാനം പരാജയ സാധ്യതയുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷവും ഇത് വന്‍തോതില്‍ കൂടിയതാണ് ആരോഗ്യരംഗത്ത് വിവാദത്തിന് കാരണമായത്. സംഭവത്തെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മുറിച്ച അണ്ഡവാഹിനക്കുഴല്‍ വീണ്ടും വളരാനുള്ള സാധ്യതയുണ്ട്. ആ സാഹചര്യത്തില്‍ ശസ്ത്രക്രിയ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ഡോക്ടര്‍മാരുടെ പിഴവായിരിക്കും. ഏതായാലും ഒഡീഷ ആരോഗ്യവകുപ്പ് വിഷയത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button