NewsGulf

ഏജന്റിന്റെ ചതിയിൽപ്പെട്ട രണ്ടു വീട്ടുജോലിക്കാരികൾ സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ആശുപത്രിയിൽ ജോലിയ്‌ക്കെന്നും പറഞ്ഞ് പറ്റിച്ച്, വിസ ഏജന്റ് അനധികൃതമായ മാർഗ്ഗങ്ങളിലൂടെ സൗദിയിൽ എത്തിച്ച ശേഷം, വീട്ടുജോലിക്കാരികളാക്കി മാറ്റിയ രണ്ടു ഇന്ത്യൻ വനിതകൾ, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്കാരികവേദിയുടെയും, സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ഉത്തരപ്രദേശ്‌ ലക്‌നൗ സ്വദേശിനികളായ റുബീന ബാനു, അപ്സ്രൂൺ ബാനു എന്നിവരാണ് നാട്ടിലെ വിസ ഏജന്റിന്റെ ചതിയിൽപെട്ട് രണ്ടു മാസങ്ങൾക്ക് മുൻപ് സൗദിയിൽ എത്തപ്പെട്ടത്. സൗദിയിലെ വലിയൊരു ആശുപത്രിയിൽ ജോലിയ്‌ക്കാണ് അയയ്‌ക്കുന്നത്‌ എന്നാണ് ഏജന്റുമാർ പറഞ്ഞിരുന്നത്. ബി.എ പാസ്സായ അപ്സ്രൂൺ ബാനുവിന് ക്ലർക്ക് ജോലിയും, റുബീനയ്ക്ക് അറ്റൻഡർ ജോലിയുമാണ് വാഗ്ദാനം ചെയ്തിരുന്നത്. എഗ്രിമെന്റോ, എമിഗ്രഷൻ ക്ലിയറൻസോ ഇല്ലാതെ, രണ്ടുപേരെയും വിസിറ്റിങ് വിസയിൽ ആദ്യം ദുബായിൽ കൊണ്ടുപോയി, പിന്നെ അവിടെനിന്ന് സൗദി വിസ സ്റ്റാമ്പ് ചെയ്താണ് ദമ്മാമിൽ എത്തിച്ചത്.

എന്നാൽ ദമ്മാമിൽ എത്തിയശേഷം രണ്ടു പേരെയും രണ്ടു സൗദി ഭവനങ്ങളിലേയ്ക്ക് വീട്ടുജോലിയ്ക്ക് അയയ്ക്കുകയായിരുന്നു ചെയ്തത്. അപ്പോൾ മാത്രമാണ് തങ്ങൾ ചതിയ്ക്കപ്പെട്ട വിവരം അവർ മനസ്സിലാക്കിയത്. പറഞ്ഞ ശമ്പളമോ, ജോലിസാഹചര്യങ്ങളോ കിട്ടാതെ രാപകൽ ജോലി ചെയ്യേണ്ടി വന്നപ്പോൾ, സഹികെട്ട അവർ ആ വീടുകളിൽ നിന്നും പുറത്തു ചാടി, സൗദിപോലീസിൽ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തിൽ എത്തിച്ചു.

വനിതഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ രണ്ടുപേരോടും സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കി. താൻ ജോലി നിന്ന വീട്ടിലെ ആളുകൾ ഭക്ഷണം പോലും വല്ലപ്പോഴുമേ തരാറുള്ളൂ എന്ന് റുബീന പരാതി പറഞ്ഞു. ഈ വിവരങ്ങളെല്ലാം മഞ്ജു ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. മഞ്ജുവിന്റെ നിർദ്ദേശപ്രകാരം രണ്ടുപേരുടെയും ബന്ധുക്കൾ നാട്ടിൽ വിസ ഏജന്റിനെതിരെ പരാതി കൊടുത്തു.

തുടർന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും രണ്ടുപേരുടെയും സ്പോണ്സറെയും, നാട്ടിലെ ഏജന്റിനെയും ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചു. രണ്ടുപേരുടെയും പ്രശ്നം പരിഹരിയ്ക്കാത്തപക്ഷം ഇന്ത്യൻ എംബസ്സി വഴി ഏജൻസിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുമെന്ന നവയുഗം പ്രവർത്തകരുടെ ഭീക്ഷണിയ്ക്ക് മുന്നിൽ വിസ ഏജന്റ് വഴങ്ങി. പകരം ആളെ നൽകാമെന്ന ഏജന്റിന്റെ ഉറപ്പിന്മേൽ സ്‌പോൺസർമാർ രണ്ടുപേർക്കും ഫൈനൽ എക്സിറ്റ് നൽകി. ദമ്മാം ഇന്ത്യൻ എംബസ്സി ഹെൽപ്‌ഡെസ്‌ക്ക് കോഓർഡിനേറ്ററും ഹൈദരാബാദ് അസ്സോസ്സിയേഷൻ സെക്രട്ടറിയുമായ മിർസാ ബൈഗ് രണ്ടുപേർക്കും വിമാനടിക്കറ്റ് നൽകി.

എല്ലാവർക്കും നന്ദി പറഞ്ഞ് റുബീന ബാനുവും അപ്സ്രൂൺ ബാനുവും നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button