India

മലയാളികളെ ലക്ഷ്യമിട്ട് ഹണി ട്രാപ്പ്

ബെംഗളൂരു: മലയാളികളടക്കം ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ലക്ഷ്യമിട്ട് സ്ത്രീകളെ ഉപയോഗിച്ച് കബളിപ്പിക്കല്‍ നടത്തി പണംതട്ടുന്ന (ഹണി ട്രാപ്പ്) സംഘങ്ങള്‍ ബെംഗളൂരു, മൈസൂരു നഗരങ്ങളില്‍ വ്യാപകമാകുന്നു. ബിസിനസ് ആവശ്യത്തിനും മറ്റുമായി എത്തുന്നവരെയാണ് ഇത്തരം സംഘങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.  ഇതിനായി ചില പോലീസുകാരുടെയും ഹോട്ടല്‍ ജീവനക്കാരുടെയും സഹായം  ഇവർക്ക് ലഭിക്കുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടുമാസങ്ങളിലായി ഹണി ട്രാപ്പുമായി ബന്ധപ്പെട്ട് മൈസൂരുവിലും ബെംഗളൂരുവിലുമായി ആറ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മാനഹാനി ഭയന്ന്, പലരും പണം നൽകി നഗരം വിടുന്നു. പോലീസിൽ പരാതി നൽകിയാൽത്തന്നെ പേരുവിവരം വെളിപ്പെടുത്തരുതെന്ന് അപേക്ഷിക്കും. അതിനാല്‍ നിയമനടപടികളും മുന്നോട്ടുപോകാറില്ല.

മലയാളിയടക്കം അഞ്ചുപേരടങ്ങിയ തട്ടിപ്പുസംഘമാണ് കഴിഞ്ഞദിവസം മൈസൂരുവില്‍ പിടിയിലായത്. സംഘത്തില്‍ രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. ഒരു ബിസിനസുകാരനില്‍നിന്ന് രണ്ടരക്കോടി രൂപ സംഘം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇയാള്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്. എന്നാൽ ഉന്നത ഇടപ്പെടലിനെത്തുടര്‍ന്ന് ഇവര്‍ക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കേരളത്തില്‍നിന്നുള്ള പണക്കാരെ ലക്ഷ്യംവെച്ചാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

കഴിഞ്ഞ ദിവസം രണ്ടുമലയാളികള്‍ ബെംഗളൂരുവില്‍ ചതിക്കപ്പെട്ടിരുന്നു. വിനോദയാത്രയ്ക്കായി നഗരത്തിലെത്തിയ രണ്ടുപേരാണ് കെണിയിൽപെട്ടത്. ടാക്‌സി ഡ്രൈവർ ഹോട്ടല്‍മുറിയില്‍ സ്ത്രീകളെ എത്തിക്കാമെന്ന് വാഗ്ദാനംനല്‍കിയിരുന്നു. തുടർന്ന് ഹോട്ടല്‍മുറിയിലേക്ക് തള്ളിക്കയറിയ സംഘം സ്ത്രീകളെ കൂടെനിര്‍ത്തി നഗ്നചിത്രങ്ങളെടുത്തു. പണവും വിലപ്പിടിപ്പുള്ള സാധനങ്ങളും കവര്‍ന്ന ശേഷം സംഘം കടന്നു കളഞ്ഞു. ഇവരെപ്പോലെ നഗരത്തിലെത്തുന്ന നിരവധിപേരാണ് ഇത്തരത്തിലുള്ള കെണികളില്‍  അകപ്പെടുന്നത്.

നഗരത്തിലെ ഐ.ടി. മേഖലയിലുള്ളവരെ ലക്ഷ്യംവെച്ച് ഓണ്‍ലൈന്‍ പരസ്യം നല്‍കി തട്ടിപ്പുനടത്തുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞമാസം വിജയനഗര പോലീസ് മൂന്നുയുവതികളടങ്ങുന്ന എട്ടംഗസംഘത്തെയാണ് അറസ്റ്റുചെയ്തത്. നിരവധി പേര്‍ ഇവരുടെ കെണിയില്‍പ്പെട്ടതായി ചോദ്യംചെയ്യലില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button