NewsIndia

ഓണ്‍ലൈന്‍ വഴിയുള്ള മരുന്ന് വില്‍പ്പനയ്ക്ക് കേന്ദ്രത്തിന്റെ നിയന്ത്രണം

മരുന്ന് വ്യാപാരത്തിന് തിരിച്ചടി . ഓണ്‍ലൈന്‍ വ്യാപാരത്തിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവരുന്നു. ഓണ്‍ലൈന്‍ വഴി മരുന്നു വില്‍ക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്രം നടപടികള്‍ ആരംഭിച്ചു. രാജ്യത്തെ മുഴുവന്‍ മരുന്നു വ്യാപാരവും നിയന്ത്രിക്കാനാണ് ആരോഗ്യമന്ത്രാലയം ഉദ്ദേശിക്കുന്നത്.

ആന്റിബയോട്ടിക് മരുന്നുകളുടെ വില്‍പനയും ഓണ്‍ലൈന്‍ ഓര്‍ഡര്‍ വഴിയുള്ള കയറ്റുമതിയും ഇതോടെ നിയന്ത്രണത്തിലാകും. ലഹരിക്കു പകരം ഉപയോഗിക്കാന്‍ സാധ്യതയുള്ള ഹാബിറ്റ് ഫോമിങ് മരുന്നുകളുടെ ഓണ്‍ലൈന്‍ വ്യാപാരം പൂര്‍ണമായും നിരോധിക്കും.

നിലവിലുള്ള ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് ഭേദഗതി ചെയ്ത് രാജ്യത്തെ മുഴുവന്‍ മരുന്നു വ്യാപാരവും നിയന്ത്രിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ആഭ്യന്തരവിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകള്‍ക്ക് ബാര്‍കോഡ് ഏര്‍പ്പെടുത്തുകയും ഇ-ഫാര്‍മസികളും റീട്ടെയില്‍ വ്യാപാരകേന്ദ്രങ്ങളുമടക്കം വിപണനരംഗത്തെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്യും.

മരുന്നുവ്യാപാരം നിരീക്ഷിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ സ്വതന്ത്ര സംവിധാനം കൊണ്ടുവരും. ഇലക്ട്രോണിക് സംവിധാനത്തിലൂടെയായിരിക്കും ഇവ നിയന്ത്രിക്കുക. വ്യാപാരികളുടെ റജിസ്ട്രേഷനും മരുന്നുവില്‍പ്പനയും രേഖപ്പെടുത്താന്‍ വിപുലമായ കമ്പ്യൂട്ടര്‍ നിയന്ത്രിത ശൃംഖല കൊണ്ടുവരികയും വ്യാപാരികളില്‍ നിന്നും ഒരു ശതമാനം ഇടപാടുചാര്‍ജ് ഈടാക്കുകയും ചെയ്യും.

ഇതോടൊപ്പം ഫാര്‍മസികള്‍, ഇ ഫാര്‍മസികള്‍, മൊത്തചില്ലറ വ്യാപാരികള്‍ എന്നിവരില്‍നിന്ന് ഒരു കുറിപ്പടിക്ക് ഒരുശതമാനം എന്ന നിരക്കില്‍ 200 രൂപ വരെ ഈടാക്കുന്നതായിരിക്കും.

ഷെഡ്യൂള്‍ എച്ച്, എച്ച് വണ്‍, എക്സ് മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കുകയും ഇത്തരം മരുന്നുകള്‍ നല്‍കുമ്പോള്‍ ഡോക്ടറുടെ റജിസ്ട്രേഷന്‍ നമ്പറും മരുന്നു വിറ്റ ഫാര്‍മസിസ്റ്റിന്റെ വിവരവും പോര്‍ട്ടലില്‍ നല്‍കുവാനുളള നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

കൂടാതെ നിര്‍മാതാക്കള്‍ മരുന്നിന്റെ ബാച്ച് നമ്പര്‍ മുതല്‍ ഉപയോഗ കാലാവധിവരെയുള്ള വിവരങ്ങള്‍ ഏകീകൃത പോര്‍ട്ടലില്‍ നല്‍കേണ്ടതാണ്. സ്റ്റോക്കിസ്റ്റുകളും മൊത്ത വ്യാപാരികളും വാങ്ങിയ സ്റ്റോക്ക് വിവരവും ചില്ലറ വ്യാപാരികളും ആശുപത്രികളും മരുന്ന് വിറ്റഴിച്ച വിവരവും ഇതേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും അത്യാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button