KeralaNews

സംസ്ഥാനത്ത് 5% മരുന്നുകൾ നിലവാരമില്ലാത്തത്

തിരുവനന്തപുരം: കേരളത്തിൽ വിതരണം ചെയ്യുന്നതിൽ ഏതാണ്ട് 5% മരുന്നുകളും ഗുണനിലവാരം ഇല്ലാത്തവയെന്നു കണ്ടെത്തൽ. ദേശീയ ശരാശരി ഇക്കാര്യത്തിൽ 3.16% മാത്രമായിരിക്കുമ്പോഴാണ് ആരോഗ്യമേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഈ ദുരവസ്ഥ. നോയിഡ ആസ്ഥാനമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നു ശേഖരിച്ചു പരിശോധിച്ച 2469 സാംപിളുകളിൽ 124 എണ്ണവും ഗുണനിലവാരത്തിൽ പരാജയപ്പെട്ടു.

ഗവ. ആശുപത്രികളിൽ എത്തുന്നതിൽ 9.9% മരുന്നുകളും സ്വകാര്യ മേഖലയിൽ വിൽക്കുന്നതിൽ 2% മരുന്നുകളും നിലവാരമില്ലാത്തതാണ് എന്നും കണ്ടെത്തി. വ്യാജമരുന്നുകൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 47,954 സാംപിളുകൾ ശേഖരിച്ചു. എൻഎബിഎൽ അക്രഡിറ്റേഷനുള്ള ഏഴു കേന്ദ്ര ലാബുകളിലും മൂന്നു സംസ്ഥാന ലാബുകളിലുമാണ് പരിശോധന നടത്തിയത് .

കേരളത്തിലെ ഗവ. ആശുപത്രികളിൽ നിന്നു 946 സാംപിൾ ശേഖരിച്ചു. അതിൽ 94 എണ്ണം നിലവാരമില്ലാത്തവയാണെന്നു കണ്ടെത്തി. ശരാശരി 9.9%. ദേശീയതലത്തിൽ, സർക്കാർ മേഖലയിൽ 10% നിലവാരമില്ലാത്ത മരുന്നുകൾ നൽകുന്നുണ്ട്. ഒരു വർഷം 300 കോടിയുടെ മരുന്നാണു ഗവ. ആശുപത്രികൾ വഴി സംസ്ഥാനത്തു സൗജന്യമായി വിതരണം ചെയ്യുന്നത്. സ്വകാര്യ മേഖലയിൽ നിന്നു പരിശോധിച്ച 1523 സാംപിളുകളിൽ 30 എണ്ണം നിലവാരമില്ലാത്തതാണെന്നും തെളിഞ്ഞു.

2.60 ലക്ഷം ബാച്ച് മരുന്നുകൾ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനത്ത് 2469 സാംപിളുകൾ മാത്രമാണു സ്വകാര്യ സർക്കാർ മേഖലകളിൽ നിന്നായി പരിശോധിച്ചത്. സർക്കാർ മേഖലയിൽ മരുന്നുകൾ വാങ്ങുന്നതും വിതരണം ചെയ്യുന്നതും കേരള മെഡിക്കൽ സർവീസസ് കോർപറേഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button