Kerala

കാവിപ്പടയുടെ പരീക്ഷണശാലയായി കേരളം മാറാത്തതിലുള്ള അരിശമാണ് ആര്‍എസ്എസ് പ്രമേയത്തിനുപിന്നിലെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിനുനേരെയുള്ള ആര്‍എസ്എസ് പ്രമേയത്തിനെതിരെ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ പരീക്ഷണശാല ആക്കാനാവാത്തതിന്റെ അരിശമാണ് ആര്‍എസ്എസിന്റെ പ്രമേയത്തിന്റെ പിന്നിലെന്ന് കോടിയേരി പറഞ്ഞു.

രക്തം ഇറ്റുവീഴുന്ന കൊലക്കത്തി ഒളിപ്പിച്ച് കൊലയാളികള്‍ തന്നെ അക്രമവിരുദ്ധ സുഭാഷിതം നടത്തുന്ന കാപട്യമാണ് കോയമ്പത്തൂരിലെ ആര്‍എസ്എസ് വേദിയില്‍ കണ്ടത്. മാസങ്ങള്‍ക്കുള്ളില്‍ ഒന്‍പത് കൊലപാതകങ്ങള്‍ ആര്‍എസ്എസ് നടത്തി. സിപിഐഎമ്മിന്റെ മാത്രം 209 പ്രവര്‍ത്തകരെ ആര്‍എസ്എസ് കൊന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റേയും മുസ്‌ളീം ലീഗിന്റേയും എസ്ഡിപിഐയുടേയും, ജനതദാള്‍ (യു)വിന്റേയും പ്രവര്‍ത്തകരേയും സംഘപരിവാര്‍ കശാപ്പ് ചെയ്തിട്ടുണ്ടെന്നും കോടിയേരി ആരോപിക്കുന്നു. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ആരേയും ഇല്ലാതാക്കുന്ന കൊലയാളി സംഘമാണ് ആര്‍എസ്എസ്.

ഇത് മറച്ചുവെച്ചാണ് കേരളത്തില്‍ സിപിഐ എം അക്രമം അഴിച്ചുവിടുന്നുവെന്ന കല്ലുവെച്ച നുണ ആര്‍എസ്എസ്സിന്റെ ദേശീയ പ്രതിനിധി സഭ ഉന്നയിച്ചിരിക്കുന്നത്. ആര്‍എസ്എസ് തലശ്ശേരിയില്‍ നടത്തിയ വര്‍ഗ്ഗീയ കലാപത്തെ പ്രതിരോധിക്കാനും മാനവ ഐക്യം സംരക്ഷിക്കാനും മുന്‍ നിന്ന് പ്രവര്‍ത്തിച്ചത് സിപിഐഎം ആണ്. മാറാട് കലാപം, തിരുവനന്തപുരത്തെ പൂന്തുറ കാലപം, പാലക്കാട് കലാപം തുടങ്ങിയ വര്‍ഗ്ഗീയ സംഭവങ്ങളിലെല്ലാം ആര്‍എസ്എസ്സിന് പങ്കുണ്ടായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമാധാനം തകര്‍ക്കാനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും വ്യാപകമായ ആക്രമണങ്ങളാണ് നടത്തിയത്. എന്നാല്‍, ഭരണ സംവിധാനം പല രീതിയിലുള്ള സുരക്ഷയൊരുക്കി. തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് കണ്ടപ്പോള്‍ ആര്‍എസ്എസ് സിപിഎമ്മിനെതിരെ ഇല്ലാക്കഥകള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

സമാധാന ജീവിതം സംരക്ഷിക്കുന്നതിനു വേണ്ടിയും സംഘര്‍ഷം ഒഴിവാക്കുന്നതിനു വേണ്ടിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ഥമായ ഇടപെടലാണ് നടത്തിയത്. അക്രമങ്ങള്‍ അഴിച്ചുവിട്ട് സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കുന്ന രീതി ആര്‍എസ്എസ് ഉപേക്ഷിക്കണമെന്നും കോടിയേരി ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button