KeralaNews

അയോദ്ധ്യപ്രശ്‌നം കോടതിയ്ക്ക് പുറത്ത് തീർക്കണമെന്ന സുപ്രീംകോടതി നിർദേശം അംഗീകരിക്കേണ്ടതും അഭിനന്ദിക്കേണ്ടതും, കുബുദ്ധിയോടെ സീതാറാം യെച്ചൂരി എതിർക്കുന്നതിന് മുൻപ് ഇഎംഎസിന്റെ 1987ലെ പ്രസ്‌താവന ഓർക്കണമായിരുന്നു :മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസിന്റെ ശ്രദ്ധേയമായ വിലയിരുത്തലുകൾ

അയോദ്ധ്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കോടതിക്ക് പുറത്തു ശ്രമം വേണമെന്ന സുപ്രീം കോടതിയുടെ അഭിപ്രായം രാജ്യം ശ്രദ്ധിക്കേണ്ടുന്ന ഒന്നാണ് എന്നതിൽ തർക്കമില്ല. ദശാബ്ദങ്ങളായി നിലനിൽക്കുന്ന തർക്കമാണിത്. കോടതികൾ എത്രയോ മാസങ്ങൾ, വർഷങ്ങൾ അതിനായി ചിലവിട്ടുകഴിഞ്ഞു. അലഹബാദ് ഹൈക്കോടതി ഇക്കാര്യത്തിൽ ആറ് വര്ഷം മുൻപേ ഒരു വിധിയും പ്രസ്താവിച്ചതാണ്. താൻ വേണമെങ്കിൽ മധ്യസ്ഥനാവാം എന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ജെഎസ് കെഹാർ പറഞ്ഞതും പ്രധാനപ്പെട്ടതാണ്. അതല്ലെങ്കിൽ സുപ്രീംകോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജിയെ മധ്യസ്ഥനായി നിയോഗിക്കാൻ തയ്യാറാണ് എന്നും അദ്ദേഹം തുറന്ന കോടതിയിൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരിക്കുന്നു. ദേശീയ പ്രസ്ഥാനങ്ങൾ കോടതി നിർദ്ദേശത്തെ സ്വാഗതം ചെയ്തപ്പോൾ ഇടതു കക്ഷികളും മുസ്‌ലിം സംഘടനകളും അതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഇത് തികച്ചും ദൗർഭാഗ്യകരമാണ്. കോടതിക്ക് പുറത്തുള്ള പ്രശ്ന പരിഹാരത്തെ എതിർക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 1987 -ൽ ബാബ്‌റി മസ്‌ജിദ്‌ പൊളിച്ചുമാറ്റി പ്രശ്നം പരിഹരിക്കണം എന്ന് ഇഎംഎസ് നമ്പൂതിരിപ്പാട് പ്രസ്താവിച്ചത് മറന്നുകൂടായിരുന്നു.

തർക്കമുള്ള 2. 27 ഏക്കർ സ്ഥലം വിഭജിക്കണം എന്നതാണ് അലഹബാദ് ഹൈക്കോടതി വിധിച്ചത്. ആ ഉത്തരവ് 2011 മെയിൽ സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. അതിന്മേൽ ബന്ധപ്പെട്ട എല്ലാവരും സമർപ്പിച്ച അപ്പീൽ ഹർജികൾ സംബന്ധിച്ചാണ് ആ ഉത്തരവ്. അതിനോട് ചേർന്നുള്ള , കേന്ദ്രസർക്കാർ ഏറ്റെടുത്തിട്ടുള്ള 67 ഏക്കർ സ്ഥലത്ത്‌ മതപരമായ ചടങ്ങുകൾ പാടില്ലെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. അതായത്‌ ഇന്നിപ്പോൾ കാര്യങ്ങൾ തുടങ്ങിയടത്തുതന്നെ നിൽക്കുന്നു എന്നുവേണം പറയാൻ.

ഇവിടെ വേണ്ടതിലധികം പിടിവാശി മുസ്‌ലിം സമൂഹം വെച്ചുപുലർത്തുന്നുണ്ട് എന്ന്‌ കരുതുന്നവരാണ് ഹിന്ദുക്കളിൽ ഏറെയും. സാധാരണ മുസ്ലിമിന് ഇല്ലാത്ത വാശിയും താല്പര്യവും അവരുടെ പ്രതിനിധികൾ എന്നമട്ടിൽ നടക്കുന്ന രാഷ്ട്രീയക്കാർ സ്വീകരിക്കുന്നു എന്നതാണ് സ്ഥിതി. ശ്രീരാമൻ ജനിച്ചു എന്ന് കോടാനുകോടി വിശ്വാസികൾ കറുത്തിപ്പോരുന്ന സരയൂ നദീ തീരത്തെ ഒരു പുണ്യഭൂമി അവർക്ക് വിട്ടുകൊടുത്തുകൊണ്ട് ഒരു പ്രശ്നപരിഹാരം ആണ് നടത്തേണ്ടിയിരുന്നത് എന്നതാണ് പൊതുവെ എല്ലാ ഹിന്ദു വിശ്വാസികളും നിഷ്പക്ഷരും കരുതുന്നത് . അതാണ് യഥാർഥത്തിൽ മത സൗഹാർദ്ദം നിലനിർത്താനും സ്നേഹം വളർത്താനും പ്രയോജനകരമാവുക എന്നും അവരെല്ലാം ചിന്തിക്കുന്നു, വിശ്വസിക്കുന്നു. തകർക്കപ്പെട്ടത്, എന്തൊക്കെയായാലും ബാബർ എന്ന വിദേശ അക്രമിയായ ഒരാളുടെ പേരിലുള്ള കെട്ടിടമായിരുന്നു, അല്ലെങ്കിൽ പള്ളിയായിരുന്നു. അതിനേക്കാൾ എത്രയോ പ്രാധാന്യം ശ്രീരാമചന്ദ്രന്റെ ജന്മസ്ഥാനത്തിനുണ്ട്. പക്ഷെ ഈ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ആദ്യമേ ശ്രമം നടത്തി. ബാബ്‌റി മസ്ജിദ് ആക്ഷൻ കമ്മിറ്റിയുടെ രൂപീകരണവും മറ്റും അതാണല്ലോ കാണിച്ചുതന്നത്. മുസ്ലിം സുഹൃത്തുക്കളെ മുന്നിൽ നിർത്തി വോട്ടുനേടാൻ ചില രാഷ്ട്രീയകക്ഷികൾ നടത്തിയ ശ്രമമാണ് അതിനൊരു കാരണം. സ്വാഭാവികമായും അതിന്റെ പ്രതികരണം മറുപുറത്തുമുണ്ടായി. അതിലേക്കൊന്നും ഇറങ്ങിച്ചെല്ലുകയല്ല ഉദ്ദേശം. പ്രശ്നം പരിഹരിക്കാൻ എന്താണ് മാർഗമെന്ന് ചോദിച്ചവർക്ക് മുന്നിൽ നല്ലൊരു മാർഗം ഉണ്ടായിരിക്കുന്നു എന്നത് ഓർമ്മപ്പെടുത്തുകയാണ്.

മധ്യസ്ഥതയിലൂടെ കേസുകൾ തീർപ്പാക്കുന്ന സമ്പ്രദായം ഇന്നിപ്പോൾ നമ്മുടെ രാജ്യത്ത് മറ്റെന്നത്തെക്കാൾ വ്യാപകമാണ്. വര്ഷങ്ങളായി നടന്നുവരുന്ന എത്രയോ തർക്കങ്ങൾ, കേസുകൾ അങ്ങിനെ പരിഹൃതമാവുന്നുമുണ്ട്. സുപ്രീം കോടതിയും നിയമവും ഭരണഘടനയും അംഗീകരിച്ചിട്ടുള്ള മാർഗമാണ് അതെന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. കോടതിക്കുപുറത്തുവെച്ചു ചർച്ചകൾ നടത്തി ഒരു സമവായം ഉണ്ടാക്കുന്ന സമ്പ്രദായമാണിത്. അതിനായി രാജ്യമെമ്പാടും പരിശീലനം ലഭിച്ച അഭിഭാഷകരുണ്ട്. വിരമിച്ച ന്യായാധിപരും ആ കൃത്യത്തിൽ ഇന്നിപ്പോൾ വ്യാപൃതരാണ് . അതിന് നിയമസാധുതയുമുണ്ട് എന്നത് മറന്നുകൂടാ. പരസ്പരം അംഗീകരിച്ച ധാരണ എഴുതിയുണ്ടാക്കി, ബന്ധപ്പെട്ടവരുടെ ഒപ്പു സഹിതം അത് കോടതിക്ക് സമർപ്പിക്കുകയാണ് ചെയ്യുക. അതിന്റെ വെളിച്ചത്തിൽ കോടതി ഒരു ഉത്തരവായി അത് പുറത്തിറക്കും. ഒരു കോടതിവിധി തന്നെയാണ് അതെന്നർഥം. അയോദ്ധ്യ പ്ര്ശനത്തിൽ തീർച്ചയായും അതൊരു മികച്ച മാർഗം തന്നെയാണ്.

സുപ്രീം കോടതിയുടെ നിർദ്ദേശത്തെ അനവധി പ്രമുഖർ സ്വാഗതം ചെയ്തിട്ടുണ്ട്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി, വിഎച്ച്പി, ആർഎസ്എസ് , കോൺഗ്രസ് തുടങ്ങിയവർ ഈ കോടതി നിർദ്ദേശത്തെ ഭാവാത്മകമായി കാണുന്നു. എന്നാൽ ദൗർഭാഗ്യമെന്ന് പറയട്ടെ, സിപിഎം പോലുള്ള ഒരു കക്ഷി അതിന്റെ വക്രീകരിക്കാനാണ് ശ്രമിച്ചത്. ഇതൊരു ഭൂമി തർക്കമാണ് എന്നും കോടതിതന്നെ വിധി പറയട്ടെ എന്നുമാണ് സീതാറാം യെച്ചൂരി പ്രസ്താവിച്ചത്. കടലാസ് കമ്മിറ്റിയായ, അല്ലെങ്കിൽ ബഹുഭൂരിപക്ഷം പേരും അങ്ങിനെ കരുതുന്ന, ബാബ്‌റി ആക്‌ക്ഷൻ കമ്മിറ്റി അത് പറയുന്നത് മനസിലാക്കാം. മുസ്ലിം ലീഗ് അങ്ങിനെ ഒരു നിലപാട് എടുക്കുന്നതും തിരിച്ചറിയാനാവും. പക്ഷെ യെച്ചൂരി എടുക്കുന്ന നിലപാട് സമാജത്തിൽ ശാന്തിയും സമാധാനവും ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നതാവണം എന്നല്ലേ കരുതേണ്ടത്. ഹിന്ദു വിരുദ്ധ നിലപാടാണോ സിപിഎം സ്വീകരിക്കേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ നിന്നൊന്നും യെച്ചൂരിയും അവരുടെ പാർട്ടിയും ഇനിയും പാഠം പഠിച്ചില്ല എന്നതാണ് അത് കാണിക്കുന്നത്. യു.പിയിൽ മത്സരിക്കാൻ അനവധി സ്ഥാനാർഥികളെ നിർത്തിയിട്ട് സിപിഎമ്മിന് ആകെ ആയിരം വോട്ടു തികച്ചു നേടാൻ കഴിയാതിരുന്നത് ഇനിയും തിരിച്ചറിയുന്നില്ല. ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തുടക്കമിട്ട കാൺപൂർ ഉൾക്കൊള്ളുന്ന സംസ്ഥാനത്തെ ദുരവസ്ഥയാണിത്. ഇവിടെ സീതാറാം യെച്ചൂരിയെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. അദ്ദേഹത്തിൻറെ നേതാവ് അന്തരിച്ച ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയാണത്. 1987 ജനുവരി 14 ബുധനാഴ്ചയിലെ ‘മാതൃഭൂമി’ പത്രത്തിൽ അത് അച്ചടിച്ചുവന്നിരുന്നു. അത് ഇതൊന്നിച് ചേർത്തിട്ടുണ്ട്. അതിൽ നമ്പൂതിരിപ്പാട് പറയുന്നത് ഇങ്ങനെയാണ് : ” തർക്കസ്ഥലത്ത് നിലകൊള്ളുന്ന ബാബ്‌റി മസ്‌ജിദ്‌ അവിടെനിന്ന്‌ പൊളിച്ചുമാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് തിരൂരിൽ ചേർന്ന പൊതുയോഗത്തിൽ മാർക്സിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ഇഎംഎസ് നമ്പൂതിരിപ്പാട് നിർദ്ദേശിച്ചു. അതിന് സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു “. ഇഎംഎസ് എടുത്ത നിലപാട് പോകട്ടെ. ഒരു പ്രശ്നം എങ്ങിനെയെങ്കിലും പരിഹൃതമാവണം എന്നല്ലേ അവർ കരുതേണ്ടത്. വസ്തുസംബന്ധിച്ച തർക്കമാണിത് എന്നും അത് കോടതിവിധിയിലൂടെയേ പരിഹൃതമാവുള്ളൂ എന്നും സിപിഎം പറയുന്നത് നാട്ടിലെ നിയമസംവിധാനത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടല്ലേ. അത് നല്ല ഉദ്ദേശത്തോടെയല്ല പകരം സമൂഹത്തെ അലട്ടുന്ന ഒരു പ്രശ്നം പരിഹൃതമാവരുത് എന്ന് കരുതുന്നതിനാലാണ് എന്നുവേണം കരുതാൻ. ആ നയം സിപിഎമ്മിന് ഒരുതരത്തിലും ഗുണകരമാവില്ല എന്നതിൽ സംശയമില്ല. കോൺഗ്രസ് പോലും ഇക്കാര്യത്തിൽ ഒരു സംവായശ്രമം ആവാം എന്ന് ചിന്തിച്ചതും ഇവിടെ ഓർമ്മിക്കേണ്ടതുണ്ട്.
തർക്ക പരിഹാരത്തിന് കോടതി മുന്നോട്ടുവെച്ച നിർദ്ദേശം അട്ടിമറിക്കേണ്ടത് ചിലരുടെ താല്പര്യമാണ്. അത് ആ വഴി നടക്കട്ടെ. എന്നാലും ചീഫ് ജസ്റ്റിസായാലും ആരായാലും അത്തരമൊരു ശ്രമം നടത്തേണ്ടതുണ്ടതന്നെ. രാജ്യം കാണട്ടെ ആരെല്ലാം എന്തെല്ലാം നിലപാടാണ് ഇപ്പോൾ ഇക്കാര്യത്തിൽ സ്വീകരിക്കുക എന്ന്. അതിനും രാജ്യത്ത് വലിയ പ്രാധാന്യമുണ്ടല്ലോ.

ems on babri masjid

shortlink

Related Articles

Post Your Comments

Related Articles


Back to top button