മരുത്വാമല കയറിയ മനസ്സുകൾക്കൊപ്പം

306

ജ്യോതിർമയി ശങ്കരൻ

അദ്ധ്യായം -5

പ്രീതയും പ്രദീപും സുജാത ഏടത്തിയമ്മയും ചേർന്നൊരുക്കിയ വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും, തലേ ദിവസത്തെ ഉറക്കക്കുറവും ശുചീന്ദ്രം ക്ഷേത്രത്തിനകത്തുള്ള ഏറെ നേരത്തെ നടത്തവും നിദ്രാദേവിയുടെ കടാക്ഷത്തിനു കാരണമായി. അൽ‌പ്പനേരത്തെ ഉച്ചയുറക്കത്തിനുശേഷം വൈകീട്ടെങ്ങോട്ടു പോകണമെന്ന ചിന്ത കന്യാകുമാരിയെന്നതിൽ ഭൂരിപക്ഷം നേടിയപ്പോൾ പ്രദീപ് ഓർമ്മിപ്പിച്ചു:
“ വിവേകാനന്ദപ്പാറയിലേയ്ക്കുള്ള ലാസ്റ്റ് ബോട്ട് പോകുന്നത് 4 മണിയ്ക്കാണ്. അതിനു മുൻപായെത്തിയില്ലെങ്കിൽ പിന്നെ പോകാനാകില്ല. “
ഓ ..അതും ശരിയാണല്ലോ? പക്ഷേ ഉടൻ തന്നെ പോകാനുള്ള മൂഡിലായിരുന്നില്ല ആരും. മാത്രമല്ല, ഗ്രൂപ്പിൽ ഒരാളൊഴികെ എല്ലാവരും തന്നെ അവിടെ പോയിട്ടുള്ളതുമാണ്. ചായ കുടിച്ച ശേഷം പുറപ്പെടാമെന്നും കന്യാകുമാരി ബീച്ചിൽ പോകുന്നതിനു മുൻപായി വിവേകാനന്ദപുരത്തെ വിവേകാനന്ദ കേന്ദ്രം, രാമായണം ഗ്രാഫിക് എക്ഷ്സിബിഷൻ ഭാരത് മാതാ ടെമ്പിൾ എന്നിവ കാണാമെന്നും തീരുമാനമായി.

നാലുമണിയോടെ കന്യാകുമാരിയ്ക്കു തിരിച്ചപ്പോഴും നല്ല വെയിൽ തന്നെ. പക്ഷേ യാത്രയുടെ ആസ്വാദ്യതയാലാണോ എന്തോ ചൂടിന്റെ ശക്തി അറിഞ്ഞില്ല. കന്യാകുമാരി എത്തുന്നതിനു നാലഞ്ചു കിലോമീറ്റർ മുൻപായി ഇടതു ഭാഗത്തായി കരിമ്പാറകൾ കിരീടമണിയിച്ച മല ഞങ്ങളുടെ ശ്രദ്ധയെ പെട്ടെന്നാകർഷിച്ചു. നിർത്താതെയുള്ള സംസാരം ദൂരെക്കണ്ട മലയെ ചൂണ്ടിക്കാട്ടി സുജാത എന്തോ പറഞ്ഞപ്പോൾ പെട്ടെന്നു നിന്നു.
“ ആഹാ! ഇതാണൊ മരുത്വാമല? “
ചോദിയ്ക്കാതിരിയ്ക്കാനായില്ല. ഹനുമാൻ സ്വാമി ഹിമാലയസാനുക്കളിൽ നിന്നും അടർത്തിയെടുത്ത ഋഷഭാദ്രിയുടെ വഴിയിൽ വീണുപോയ കഷ്ണം. ജാംബവാന്റെ നിർദ്ദേശിച്ചതനുസരിച്ച്, നാഗാസ്ത്രമേറ്റ് ബോധം നഷ്ടപ്പെട്ട രാമലക്ഷ്മണന്മാരേയും അനുയായികളേയും രക്ഷിയ്ക്കാനായി സഞ്ജീവനി തേടിയ ഹനുമാൻ, അവയെ തിരിച്ചറിയാനാകാഞ്ഞ് ഋഷഭാദ്രിമല ഒന്നോടെ അടർത്തിയെടുത്ത് ലങ്കയിലെത്തിച്ചതും ആവശ്യത്തിനുശേഷം അതുപോലെ തന്നെ തിരികെ കൊണ്ടുവച്ചതും രാമായണശീലുകളിലെ ഏറ്റവും ഭക്തിഭാവമിയന്ന ഭാഗങ്ങൾ തന്നെയാണല്ലോ? അതിൽ നിന്നും ഒരു കഷ്ണം വഴിയിലെവിടെയോ വീണെന്ന ഭാവനയും, അതു മരുത്വാമലയാണെന്ന തിരിച്ചറിവും ഒരു കാരണവും കൂടാതെയാവില്ലല്ലോ? പാടിക്കേട്ട ശീലുകളിലൂടെ തലമുറ കൈമാറിയ ചരിത്ര സത്യങ്ങൾ ഭാരതീയനെ എന്നും കോൾമയിർക്കൊള്ളിയ്ക്കുന്നവ തന്നെ. അവയ്ക്കു ഭക്തിയുടെ ആവരണം കൂടി കൂട്ടിനുണ്ടാവുമെങ്കിൽ അത് കൂടുതൽ തിളങ്ങുകയും ചെയ്യും. മൃതസഞ്ജീവനിയും, വിശല്യകരണിയും, സന്താനകരണിയും, സുവര്‍ണകരണിയും ഇപ്പോഴും അവിടെ കണ്ടേയ്ക്കാം. പക്ഷേ അവയെ തിരിച്ചറിയാൻ ഇനിയുമൊരു ജാംബവാൻ നമുക്കെവിടെയുണ്ടാവാൻ?

“ ഇല്ല, ഇത്തവണ നമുക്കവിടെ പോകാൻ സമയമുണ്ടാവില്ല. അടുത്ത വരവിലാകട്ടെ!“
ആരോ പറഞ്ഞു.
“ മുകളിലേയ്ക്കു കയറാനാകുമോ? “ വീണ്ടും ചോദ്യം. മൂന്നു മലകൾ കൂടിച്ചേർന്ന വിധം നിൽക്കുന്ന മരുത്വാമലാ കൈ മാടി വിളിയ്ക്കുന്നുവോ?
“ കുത്തനെയുള്ള കയറ്റമാണെന്നു മാത്രം. മുകളിൽ രണ്ടു പാറക്കെട്ടുകൾക്കിടയിലായുള്ള ഗുഹയിലിറങ്ങാം.പല മുനിമാരും തപസ്സുചെയ്ത സ്ഥലൺഗൾ കാണാം. ഏറ്റ്വും മുകളിലായി ഹനുമാൻ സ്വാമിയുടെ അമ്പലം. വഴി ഏറെ ദുർഘടമാണെന്നു മാത്രം. എന്നാലും പലരും പോകാറുണ്ട്.“
“ അവിടെ നിന്നാൽ കന്യാകുമാരിയും വിവേകാനന്ദപ്പാറയും തിരുവള്ളുവർ പ്രതിമയുമെല്ലാം ദൂരക്കാഴ്ച്ചയായി നമുക്കു കിട്ടും”
പക്ഷേ അതിന് മുകളിൽ കയറണമല്ലോ .അഗസ്ത്യമുനിയുടേ തപോവനം ഇവിടമാ‍ണല്ലോ, ഓർത്തു. പിൽക്കാലത്തും ഒട്ടേറേ യോഗിവര്യന്മാർ ഏകാന്തതയും ആത്മീയതയും തേടി വന്നയിടം. ഇന്ന് കൌതുകം കൊണ്ടു മാത്രം വന്നെത്തുന്ന മനുഷ്യരുടെ തിരക്കിനാൽ മലിനമാക്കിക്കൊണ്ടിയ്ക്കുന്നയിടം.
ശുചീന്ദ്രത്തു കണ്ട പടുകൂറ്റൻ ഹനുമാന്റെ വിഗ്രഹത്തിന്റെ ഉയർത്തിപ്പിടിച്ച കൈകളിൽ ഈ മല ഇരിയ്ക്കുന്നതായി സങ്കൽ‌പ്പിച്ചപ്പോൾ എവിടെയൊക്കെയോ മുൻപു കണ്ട ചിത്രങ്ങൾക്ക് ജീവൻ വച്ചതായുള്ള തോന്നൽ. ഞങ്ങളുടെ ഗ്രൂപ്പിൽ എല്ലാവരും തന്നെ നിശ്ശബ്ദരായി മരുത്വാമലയെത്തന്നെ നോക്കിയിരിയ്ക്കുന്നതു മനസ്സിലാക്കാനായി. മനസ്സുകൊണ്ടെങ്കിലും ഞങ്ങളും മൃതസജ്ജീവനി തേടിയെത്തുന്നു, ഹനുമാൻ സ്വാമീ….. വർത്തമാന കാലത്തിന്റെ അറിവില്ലായ്മകളിൽ ബോധം കെട്ടു കിടക്കുന്ന അഹങ്കാരിയായ മനുഷ്യനു മൃതസജ്ജീവനിയുമായി ഇനിയും ആരെത്തും?
കന്യാകുമാരിയിലെ കാഴ്ച്ചകൾക്കായി തുടിയ്ക്കുന്ന മനസ്സോടെ കാറിലിരിയ്ക്കുമ്പോഴും മനസ്സിന്നുള്ളിലെ ഹനുമാനും മരുത്വാമലയും അനു നിമിഷം വളർന്നുകൊണ്ടേയിരിയ്ക്കുന്നുവല്ലോ!
പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തലവെച്ചും കന്യാകുമാരിയുടെ മണൽത്തിട്ടിൽ പാദങ്ങൾ വെച്ചും പള്ളികൊള്ളുന്ന ഭാരതാംബയെക്കുറിച്ചുള്ള കവിഭാവനയ്ക്കപ്പുറം ചിന്തിയ്ക്കാനാവില്ലെങ്കിലും ഭാരതത്തിന്റെ ആത്മചൈതന്യമുണർത്താൻ എത്രയോ യോഗിവര്യന്മാർ എത്രയോ വർഷങ്ങൾക്കു മുൻപായി തപസ്സു ചെയ്യാൻ തിരഞ്ഞെടുത്ത ഇത്തരം ഭൂവിഭാഗങ്ങൾ സത്യങ്ങളായി മുന്നിലെത്തുമ്പോൾ ഉള്ളിലൊരൽ‌പ്പം അഭിമാനവും ഉണ്ടാകുന്നതിൽ തെറ്റില്ലല്ലോ.