KeralaNews

സമരം ചെയ്ത ഹൈബി ഈഡന് നേര്‍ക്ക് മൂത്രം ഒഴിച്ച് പ്രതിഷേധം

കൊച്ചി: കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ഹൈബി ഈഡന് ഇന്ന് നേരിടേണ്ടിവന്നത് വ്യത്യസ്തമായ ഒരു പ്രതിഷേധം. മദ്യശാലയ്‌ക്കെതിരേ സമരം നടത്താനെത്തിയ എംഎല്‍എയ്ക്കാണ് പ്രതിഷേധം നേരിടേണ്ടിവന്നത്. അതും അല്‍പം നാറുന്ന പ്രതിഷേധം.

എംഎല്‍എയെ ഒരു സംഘം നേരിട്ടത് ദേഹത്തേക്ക് മൂത്രം കോരിയൊഴിച്ച്. പ്രതിഷേധിച്ചത് സമരക്കാരല്ല, സമരക്കാരെ എതിര്‍ക്കുന്നവരായിരുന്നു. സമരക്കാര്‍ക്കൊപ്പം നിന്നതിന് സമരത്തെ എതിര്‍ക്കുന്നവരാണ് എംഎല്‍എക്ക് പണികൊടുത്തത്.

സംഭവം ഇങ്ങനെയാണ്. വൈറ്റിലയിലെ ഏറെ തിരക്കുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശമദ്യവില്‍പ്പനശാല പൊന്നുരുന്നിയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനത്തോടെയാണ് പ്രതിഷേധം തുടങ്ങിയത്. ദേശീയ -സംസ്ഥാന പാതകളുടെ സമീപത്തുള്ള മദ്യവില്‍പ്പനശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വില്‍പ്പനശാല പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

എന്നാല്‍ ജനവാസ കേന്ദ്രത്തില്‍ ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതരേ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ മുതല്‍ ഉപരോധ സമരം നടന്നുവരികയായിരുന്നു. ഔട്ട്‌ലെറ്റിന്റെ ഷട്ടറിടാന്‍ സമരക്കാര്‍ തുടങ്ങിയതോടെ കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാര്‍ തടയാന്‍ രംഗത്തുവന്നു. ഇതിനിടെ എംഎല്‍എയ്ക്കും സമരക്കാര്‍ക്കും എതിരേ ജീവനക്കാര്‍ മൂത്രം കുപ്പിയിലാക്കി തളിക്കുകയായിരുന്നു. മൂത്രം തളിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. നാട്ടുകാരും കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംഘര്‍ഷം രൂക്ഷമായതാടെ പോലീസ് ഇടപെട്ട് സമരക്കാരെ കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. മൂത്രം ഒഴിച്ച ജീവനക്കാരെ പുറത്താക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ജനവാസകേന്ദ്രത്തില്‍ അങ്കണ്‍വാടിയുടെ സമീപത്തായി തുടങ്ങാന്‍ പോകുന്ന ഔട്ട്‌ലെറ്റ് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button