NewsIndia

വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു

ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങുന്നു. കൗമാരക്കാരില്‍ ലൈംഗിക അവബോധം ഉളവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാകും സംശയങ്ങള്‍ക്കും മറ്റും മറുപടി നല്‍കുക. ഇതിലൂടെ കൗമാരക്കാര്‍ക്ക് എന്തും തുറന്ന് സംസാരിക്കാനും പറയാനുമുളള അവസരമുണ്ടാകുമെന്നും അധികൃതര്‍ കരുതുന്നു.

സഥീയ എന്ന് പേരിട്ടുളള പദ്ധതിയുടെ പഠന സാമഗ്രി കി്റ്റ് വിതരണത്തിന് കഴിഞ്ഞ മാസം ആരോഗ്യ സെക്രട്ടറി സി.കെ.മിശ്ര തുടക്കം കുറിച്ചു. സഹപാഠി എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് സാഥീയ എന്ന പേര് നല്‍കിയിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോര്‍ സ്വസ്തിയ കാര്യക്രമിന്റെ കീഴിലാണ് സഥീയ നടപ്പാക്കുന്നത്. കൗമാരക്കാരില്‍ ഈ പ്രായത്തിലുണ്ടാകാവുന്ന ഉത്കണ്ഠ, വിഷാദരോഗം മാനസിക വൈകല്യങ്ങള്‍, എന്നിവയ്ക്കും ഇത് പരിഹാരമാകും.

കൗമാരക്കാരുടെ ചിന്തകള്‍ നല്ല രീതിയിലേക്ക് വഴി തിരിച്ച് വിടാനും പുതിയ പദ്ധതി സഹായകാകുമെന്നാണ് പ്രതീക്ഷ.

യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൂന്നിലൊരു പെണ്‍കുട്ടിയും ശാരീരിക, വൈകാരിക, ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. പതിമൂന്ന് ശതമാനം പേര്‍ പങ്കാളികളില്‍ നിന്ന് തന്നെ ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നു. 26ലക്ഷം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ലൈംഗിക വേഴ്ചയ്ക്ക് വിധേയരാകുന്നു. 77 ശതമാനം പേര്‍ ഭര്‍ത്താവില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു.

അതേസമയം അപരിചിതരില്‍ നിന്നുളള ലൈംഗിക ചൂഷണം മൂന്ന് ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുളളൂ. ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന കണക്കില്‍ കൗമാരത്തില്‍ തന്നെ അമ്മയാകേണ്ടിയും വരുന്നു.

ഭാര്യയെ തല്ലുന്നത് 45 ശതമാനം പെണ്‍കുട്ടികളും 48ശതമാനം ആണ്‍കുട്ടികളും നീതീകരിക്കുന്നു. മുപ്പത്തി മൂന്ന് ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്നോ പങ്കാളിയില്‍ നിന്നോ മര്‍ദ്ദനം ഏറ്റുവാങ്ങുന്നവരുമാണ്.
നേരത്തെ ലൈംഗിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുളള നീക്കം വിവിധ കോണുകളില്‍ നിന്നുയര്‍ന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വേണ്ടെന്ന് വച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button