NewsIndia

ആസിഡ് വില്‍പനയ്ക്ക് മൂക്കുകയറുമായി സബ് കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍

തിരുവനന്തപുരം•ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതിന്റെ വില്‍പനയ്ക്ക് മൂക്കുകയറിടാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ തിരുവനന്തപുരം സബ്കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍ കര്‍ശന നടപടികള്‍ക്ക് രൂപം നല്‍കി. സുപ്രീം കോടതി വിധിയുടെയുടെയും കോടതി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി.

ആസിഡ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍, ആസിഡ് ഉപയോഗിച്ച് ഗവേഷണ-പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍, പ്രഫഷണല്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ 15 ദിവസത്തിനുള്ളില്‍ ലോഗ്,രജിസ്റ്റര്‍ വിവരങ്ങള്‍, ആസിഡ് വാങ്ങിയ വ്യക്തി, സ്ഥാപനം എന്നിവരുടെ പേര്, മേല്‍വിലാസം, ആസിഡ് വാങ്ങുന്നതിന്റെ ആവശ്യം, ഉദ്യേശം, വില്‍പന നടത്തിയ ആസിഡിന്റെ അളവ് എന്നിവ സബ് ഡിവിഷണല്‍ മജിസ്ട്രറ്റിന് സമര്‍പ്പിക്കണം.ഇതോടൊപ്പം ഇതേ വിവരങ്ങളടങ്ങിയ ലോഗ്,രജിസ്റ്റര്‍ ബുക്ക് ബന്ധപ്പെട്ട സ്ഥാപനത്തില്‍ സൂക്ഷിക്കുകയും പരിശോധനയ്‌ക്കെത്തുമ്പോള്‍ ഹാജരാക്കുകയും വേണം. വില്‍പ്പനക്കാര്‍ ഇതു കര്‍ശനമായി പാലിക്കണം.

എല്ലാ സ്ഥാപനത്തിലും ആസിഡുകള്‍ കൈവശം വയ്ക്കുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ഉത്തരവാദിത്തപ്പെടുത്തി ഒരുദ്യോഗസ്ഥനെ നിയമിക്കണം.ഈ ഉദ്യോഗസ്ഥന്‍ ആസിഡ് സൂക്ഷിക്കുന്ന സ്ഥലം, ലബോറട്ടറി മുതലായ ഇടങ്ങളില്‍ നിന്നും പുറത്തേക്ക് പോകുന്ന ആളുകളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണം.

ആസിഡ് വാങ്ങുന്ന വ്യക്തി ഹാജരാക്കുന്ന സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ, മേല്‍വിലാസം എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തുകയും ആസിഡ് വാങ്ങുന്നതിന്റെ ആവശ്യം ഉറപ്പാക്കുകയും ചെയ്യേണ്ടത് വില്‍പ്പനക്കാരന്റെ ഉത്തരവാദിത്തമാണ്.ഇവ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വ്യാപാരിക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡോ.ദിവ്യാ എസ്.അയ്യര്‍ പറഞ്ഞു. 18 വയസില്‍ താഴെ പ്രായമുള്ള വ്യക്തികള്‍ക്ക് എന്തു സാഹചര്യത്തിലും ആസിഡ് വില്‍ക്കാന്‍ പാടില്ല.
സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിനെയും തയാറാക്കുമെന്ന് സബ് കളക്ടര്‍ പറഞ്ഞു. പോലീസിന്റെയും റവന്യുഉദ്യോഗസ്ഥരുടെയും സംയുക്ത സംഘത്തെ ഇതിനായി നിയോഗിക്കും. സ്‌റ്റോക്ക് രജിസ്റ്ററില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ അളവ് ആസിഡ് ആരെങ്കിലും സൂക്ഷിക്കുന്നതായി കണ്ടെത്തിയാല്‍ പിടിച്ചെടുക്കും. ബന്ധപ്പെട്ടവര്‍ക്ക് അരലക്ഷത്തോളം രൂപ പിഴ ചുമത്തുമെന്നും ഡോ.ദിവ്യാ എസ്.അയ്യര്‍ പറഞ്ഞു.

ആസിഡ് മുഖേനയുള്ള അക്രമണങ്ങള്‍ക്ക് വിധേയരാകുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കണമെന്നും വിവരം പോലീസിനെ അറിയിക്കണമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരകള്‍ക്ക് നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്നും മൂന്നുലക്ഷം രൂപയില്‍ കുറയാത്ത തുകയ്ക്ക് അര്‍ഹതയുണ്ടാകും. ഇതില്‍ അക്രമണം നടന്ന് 15 ദിവസത്തിലുള്ളില്‍ ഒരുലക്ഷം രൂപ നല്‍കണം. ബാക്കി തുക അതുകഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലും നല്‍കണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെന്നും സബ് കളക്ടര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button