NewsGulf

സ്പോൺസർ ഹുറൂബാക്കിയ മലയാളി യുവതി ഇന്ത്യൻ എംബസ്സിയുടെയും, നവയുഗത്തിന്റെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം•ശമ്പളമില്ലാതെ വന്നപ്പോൾ വീടുവിട്ടിറങ്ങി വനിതാഅഭയകേന്ദ്രത്തിൽ ആശ്രയം തേടിയതിന്റെ പേരിൽ സ്പോൺസർ ഹുറൂബാക്കിയ മലയാളിയായ വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗവും സാംസ്കാരികവേദിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആലപ്പുഴ സ്വദേശിനിയായ അംബിക ദേവി ഏഴുമാസങ്ങൾക്ക് മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ജോലിയ്ക്കു വന്നത്. രാവന്തിയോളം നീളുന്ന വിശ്രമമില്ലാത്ത ജോലി ആ വലിയ വീട്ടിൽ അംബികയ്ക്ക് ചെയ്യേണ്ടി വന്നു. എന്നാൽ മാസം നാല് കഴിഞ്ഞിട്ടും, ഒരു റിയാൽ പോലും ശമ്പളം കിട്ടിയില്ല. ഇതിന്റെ പേരിൽ സ്പോൺസറുമായി വഴക്കിട്ടെങ്കിലും, ഒരു പ്രയോജനവും ഉണ്ടായില്ല. തുടർന്ന് ഒരു ദിവസം ആരുമറിയാതെ ആ വീട്ടിൽ നിന്നും പുറത്തു കടന്ന അംബിക, ദമ്മാമിലെ ഇന്ത്യൻ എംബസ്സി സേവനകേന്ദ്രം ഹെൽപ്പ്ഡെസ്ക്കിൽ പോയി പരാതി പറഞ്ഞു. എംബസ്സി വോളന്റീർമാർ സൗദി പോലീസിന്റെ സഹായത്തോടെ അവരെ ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു.

വനിതഅഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സ്വന്തം അവസ്ഥ വിവരിച്ച് അംബിക സഹായം അഭ്യർത്ഥിച്ചു. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും അംബികയുടെ സ്‌പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, അയാൾ ഫോൺ എടുക്കാൻ പോലും തയ്യാറായില്ല. തുടർന്ന് മഞ്ജു പോലീസ് അധികാരികളെക്കൊണ്ട് സ്‌പോൺസറെ വിളിപ്പിച്ചു സംസാരിച്ചു. അംബികയെ താൻ ഹുറൂബ് ആക്കിയെന്നും, ഇനി അവരുടെ ഒരു കാര്യത്തിലും താൻ ഇടപെടില്ല എന്നും സ്പോൺസർ പറഞ്ഞു. അംബികയുടെ ഹുറൂബ് മാറ്റി മറ്റൊരു സ്‌പോൺസറെ കണ്ടെത്തി ജോലി തുടരാനുള്ള ശ്രമങ്ങൾ നടത്താൻ നോക്കിയെങ്കിലും, നാട്ടിലെ അംബികയുടെ ബന്ധുക്കളുടെ നിർദ്ദേശപ്രകാരം അംബികയെ തിരികെ അയയ്ക്കാൻ ശ്രമം തുടങ്ങി.

മഞ്ജു മണിക്കുട്ടൻ വനിതഅഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ അംബികയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ച്, സാമൂഹ്യപ്രവർത്തകനായ വിത്സൺ ഷാജി അംബികയ്ക്ക് വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ പൂർത്തിയായപ്പോൾ, എല്ലാവർക്കും നന്ദി പറഞ്ഞ് അംബിക ദേവി നാട്ടിലേയ്ക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button