NewsIndia

ജി.എസ്.ടി വിഷയത്തിൽ കടുംപിടിത്തവുമായി വീണ്ടും കോൺഗ്രസ്സ് രംഗത്ത്

ന്യൂഡല്‍ഹി: ബുധനാഴ്ച ചരക്ക്-സേവന നികുതി ബില്‍ ലോക്‌സഭ ചര്‍ച്ചയ്‌ക്കെടുക്കും. പ്രതിപക്ഷ സഹകരണത്തോടെ ഇരുസഭയിലും ബില്‍ പാസാക്കിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബില്‍ നിലവിലുള്ള രൂപത്തില്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച വ്യക്തമാക്കി. ബില്ലില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം. പണബില്‍ ആയതിനാല്‍ സര്‍ക്കാരിന് ബില്‍ പാസാക്കല്‍ കടമ്പയല്ല.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന മൂന്ന് ഉന്നതതല യോഗങ്ങളില്‍ ജി.എസ്.ടി.യായിരുന്നു പ്രധാന ചര്‍ച്ചാവിഷയം. രാവിലെ ചേര്‍ന്ന ബി.ജെ.പി. പാര്‍ലമെന്ററിപാര്‍ട്ടി യോഗം, ഉച്ചയ്ക്കുശേഷം ലോക്‌സഭാ എം.പി.മാര്‍ക്കായി സ്​പീക്കര്‍ സംഘടിപ്പിച്ച ജി.എസ്.ടി. ശില്പശാല, രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് എം.പി.മാരുടെ യോഗം എന്നിവയില്‍ ജി.എസ്.ടി.യാണ് ചര്‍ച്ചയായത്.

സമവായത്തിലൂടെ ബില്‍ പാസാക്കുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ശില്പശാലയിലും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ജി.എസ്.ടി.യിലൂടെ ഒരു രാജ്യം, ഒരൊറ്റ നികുതി എന്ന സങ്കല്‍പം നടപ്പാകും. സാധാരണക്കാര്‍ക്ക് ഗുണമുണ്ടാക്കുന്ന നിയമനിര്‍മാണമാണിതെന്നും ജെയ്റ്റ്‌ലി പറഞ്ഞു. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തു. ബി.ജെ.പി.യില്‍ ചേര്‍ന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയും യോഗത്തിനെത്തി. നോട്ട് പിന്‍വലിക്കലിനെ പുകഴ്ത്തി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.വി.രാജശേഖരന്‍ എഴുതിയ കത്ത് യോഗത്തില്‍ വായിച്ചു.

നിലവിലെ രൂപത്തില്‍ ജി.എസ്.ടി. ബില്‍ പാസാക്കാനാവില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് കൈക്കൊണ്ടത്. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ചുചേര്‍ത്ത, ലോക്‌സഭയിലെ കോണ്‍ഗ്രസ് എം.പി.മാരുടെ യോഗത്തിലാണ് വിഷയം ചര്‍ച്ചചെയ്തത്. ജി.എസ്.ടി. ബില്ലിനെ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ പാര്‍ട്ടി ഉന്നയിക്കും. ഭേദഗതി ആവശ്യപ്പെടും. ബില്ലിന്റെ ഉള്ളടക്കത്തെ മുഴുവന്‍ എതിര്‍ക്കുന്ന സമീപനം സ്വീകരിക്കേണ്ടെന്നും യോഗം തീരുമാനിച്ചു.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബില്‍ ചര്‍ച്ചചെയ്ത് പാസാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പണബില്ലായതിനാല്‍ രാജ്യസഭയിലെ പ്രതിപക്ഷഭൂരിപക്ഷം സര്‍ക്കാരിന് പ്രതിസന്ധിയാകില്ല. ബില്ലിലെ പ്രധാന തര്‍ക്കങ്ങളില്‍ നേരത്തേ ജി.എസ്.ടി. കൗണ്‍സില്‍ പരിഹാരമുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button