South IndiaPilgrimageIndia Tourism SpotsTravel

വിവേകാനന്ദ കേന്ദ്രത്തിലെ രാമായണ കഥാ എക്സിബിഷനും ഭാരതമാതാ മന്ദിരവും

ജ്യോതിർമയി ശങ്കരൻ

വിവേകാനന്ദ കേന്ദ്രത്തിലെ രാമായണ കഥാ എക്സിബിഷൻ.

കന്യാകുമാരിയിലെ വിവേകാനന്ദ നഗറിലെ വിവേകാനന്ദ കേന്ദ്രത്തിൽ കോടിക്കണക്കിനു രൂപ ചിലവാക്കി നിർമ്മിച്ച രാമായണ ആർട്ട് ഗാലറിയും ഭാരതമാതാക്ഷേത്രവും ഈ ജനുവരിയിലാണല്ലോ വിവേകാനന്ദസ്വാമികളുടെ 154 -മത്തെ ജന്മദിനത്തിൽ പ്രധാനമന്ത്രി മോദി ഉത്ഘാടനം ചെയ്തത്. ഇത്ര വേഗത്തിൽ ഇതു കാണാനാകുമെന്നു വിചാരിച്ചിരുന്നതേയില്ല.
മൂന്നേക്കറോളം സ്ഥലത്ത് 27 കോടി രൂപ ചെലവാക്കി നിർമ്മിച്ച ഈ ആർട്ട് ഗാലറിയും ഭാരതമാതാ മന്ദിരവും സ്ഥിതിചെയ്യുന്ന മണ്ഡപത്തിനു മുന്നിലെത്തിയപ്പോൾ ആദ്യം കണ്ണിൽ‌പ്പെട്ടത് പടുകൂറ്റനായ ഒരു ആഞ്ജനേയപ്രതിമയാണ്. ഒറ്റക്കല്ലിൽ തീർക്കപ്പെട്ടിരിയ്ക്കുന്ന ഈ വീരഹനുമാൻ വിഗ്രഹത്തിനു 27 അടി ഉയരവും പന്ത്രണ്ടര ടൺ ഭാരവുമുണ്ടെന്നറിയാനായി. ഇതിന്റെ പീഠത്തിനു മാത്രം ഒമ്പതടി ഉയരമുണ്ട്. മുന്നിലെത്തി ഹനുമാനെ തൊഴുത് പടവുകൾ കയറി താഴത്തെ നിലയിലെ രാമായണ കഥ ചിത്രകലാ പ്രദർശനത്തിന്നായി ഉള്ളിൽക്കടന്നു. ഇതിന്റെ മുകൾ നിലയിലാണു ഭാരത് മാതാ മന്ദിർ എന്നറിയാനായി.

“WELCOME TO SREE RAMAYANA DARSHANAM A PICTORIAL EXHIBITION” എന്നെഴുതിയ ഫലകമാണ് ആദ്യം തന്നെ ശ്രദ്ധയിൽ‌പ്പെട്ടത്. വാത്മീകീ രാമായണത്തിലെ പ്രധാനപ്പെട്ടതായ 108 സന്ദർഭങ്ങൾ കഥയുടെ ഗതിയ്ക്കനുസരിച്ച് ഉടനീളം വലുതായി മിഴിവാർന്നവിധം മരഫലകങ്ങളിൽ മ്യൂറലുകളിലോ എണ്ണച്ചായങ്ങളിലോ വരച്ച് സ്വർണ്ണ വർണ്ണാങ്കിതമായ കൊത്തുപണികളോടുകൂടിയ ഫ്രെയിമുകളിൽ ചുമരിൽ പ്രദർശിപ്പിച്ചിരിയ്ക്കുന്നു. കഥാസാരവും സന്ദർഭവും ഓരോ ചിത്രത്തിനും അടുത്തു തന്നെയുണ്ട്. മാർബിളിൽ നിർമ്മിച്ച വിഗ്രഹങ്ങളും കാണാനായി. ശ്രദ്ധയോടെ വായിച്ചു നോക്കി ചിത്രങ്ങൾ നോക്കിയാൽ രാമായണ കഥ മുഴുവനും ഇവിടെ നിന്നും ഗ്രഹിയ്ക്കാം. മനസ്സിൽ നന്നായി പതിയുകയും ചെയ്യും. കുട്ടികളിലും യുവാക്കളിലും രാമായണത്തിലെ സന്ദേശങ്ങൾ എത്തിച്ചേരണമെന്ന വിചാരം കൂടി ഈ സംരംഭത്തിനു പുറകിലായുണ്ട്.
എന്തായാലും കേരളവും കന്യാകുമാരിയും കാണാനായെത്തുന്ന ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെയും വിദേശികളുടെയും ഒരു ആകർഷണമായി ഈ സ്ഥലം മാറുമെന്നതിൽ സംശയമില്ല.

ഭാരത് മാതാ മന്ദിർ

അവിടെ നിന്നും ഞങ്ങൾ പിന്നീട് പോയത് മുകളിലെ നിലയിലെ ഭാരത് മാതാ മന്ദിറിലേയ്ക്കായിരുന്നു. വിശാലമായ ഹാളിൽ കറുത്ത ടൈലിട്ടിരിയ്ക്കുന്നു . ഒരറ്റത്തായി കരിങ്കല്ലിൽ പണി കഴിപ്പിച്ച പ്രത്യേക കോവിലിൽ സ്വർണ്ണവർണ്ണ നിറത്തിൽ ലോഹനിർമ്മിതമായ ഭാരതാംബയുടെരൂപം. പഞ്ചലോഹത്തിൽ നിർമ്മിതമായ ഈ വിഗ്രഹത്തിനു പന്ത്രണ്ട് അടി ഉയരമുണ്ട്. പിന്നിൽ തുറന്ന വായയുമായി സടയുയർത്തി നിൽക്കുന്ന സിംഹം. ഒരു കൈയ്യിൽ സ്വർണ്ണ നിറത്തിൽ തന്നെ കൊടി. മറ്റേ കൈ അഭയ മുദ്രയിൽ. സ്വർണ്ണനിറം പൂണ്ടു വിളങ്ങുന്ന ഭാരതമാതയുടെ രൂപം താഴെ നിലത്ത് പ്രതിഫലിയ്ക്കുന്നതു കാണാൻ നല്ല ഭംഗി!. രണ്ടുഭാഗത്തും വിളക്കുകൾ കത്തിച്ചു വച്ചിട്ടുണ്ട്.മുകൾത്തട്ടിലായി അതിമനോഹരമായി ചെയ്തുവച്ചിരിയ്ക്കുന്ന സുവർണ്ണ നിറത്തിലെ ശിൽ‌പ്പവേലകളും അതിനു താഴെയായി തൂങ്ങുന്ന സ്ഫടികത്തിലെ ഷാൻഡലിയറുകളും ഈ വിഗ്രഹത്തെ കൂടുതൽ മനോഹരമാക്കുന്നതായി കാണാം.
തപസ്വിയായ സ്വാമി വിവേകാനന്ദൻ, ഒരുങ്ങി നിൽക്കുന്ന ദേവി കന്യാകുമാരി,ത്രിമാനരൂപത്തിൽ കാണപ്പെടുന്ന അനന്ത ശയനം,അതിമനോഹരമായ നടരാജ വിഗ്രഹം തുടങ്ങി മനസ്സിനെ ആകർഷിയ്ക്കുന്ന ഒട്ടേറെ രൂപങ്ങൾ ഇവിടെക്കാണാനായി.ഭാരതമാതാക്ഷേത്രമായതിനാലാകാം അമ്മമാരുടെ പ്രാധാന്യം എടുത്തുകാട്ടാനെന്നോണം പ്രദർശിപ്പിച്ചിരിയ്ക്കുന്ന അഞ്ച് അമ്മരൂപങ്ങളിൽ ശ്രീ മുരുകന്റെ അമ്മയായ പാർവ്വതി ദേവി,ഭാരതമെന്ന പേരിനു കാരണക്കാരനായ ഭരതന്റെ അമ്മ ശകുന്തള, ഛത്രപതി ശിവജിയുടെ അമ്മയായ ജീജ ബായി, സ്വാമി വിവേകാനന്ദന്റെ ആത്മീയ മാതാവായി കണക്കാക്കപ്പെട്ടിരിയ്ക്കുന്ന ശാരദാദേവി, എന്നിവർക്കൊപ്പം വർത്തമാനകാലത്തിൽ അമ്മയെന്നപേരിലറിയപ്പെടുന്ന മാതാ അമൃതാനന്ദമയിയുടെ ചിത്രവും കാണാനായി.അമ്മമാരൂടെ അഞ്ചു വ്യത്യസ്തങ്ങളായ മുഖങ്ങൾ കൂടിച്ചേർന്ന ഭാരതാംബയുടെ മുഖം നമ്മിലേയ്ക്കു കൊണ്ടുവരാനുള്ള ഒരു ശ്രമമായിരിയ്ക്കാമിതെന്നു തോന്നിപ്പോയി. അഖണ്ഡഭാരതത്തിന്റെ എംബോസ് ചെയ്ത ഭൂപടം മനസ്സിൽ രാഷ്ട്രബോധമുയർത്താനായിരിയ്ക്കാം.

ഔറംഗാബാദിൽ ഉള്ള ഭാരതമാതാമന്ദിറിൽ ഇതിനു മുൻപ് പോയിട്ടുണ്ട്. അതുപക്ഷേ വളരെ ചെറിയ ഒന്നാണ്. അവിടെ ഭാരതമാതാ ദേവിയേക്കാൾ ശ്രദ്ധയാകർഷിച്ചത് അതു നിന്നിരുന്ന ഇടമായിരുന്നു. എന്നിട്ടും പിറന്ന മണ്ണിനെ ദേവിയായിക്കാണുന്ന സങ്കൽ‌പ്പം വളരെ ഇഷ്ടപ്പെട്ടിരുന്നു. നമ്മുടെ രാജ്യത്തിന്റെ പലകോണുകളിലും ഇത്തരം ഭാരതമാതാക്ഷേത്രങ്ങൾ ഉണ്ടെന്ന തിരിച്ചറിവ് വളരെ വൈകിയാണ് എനിയ്ക്കുണ്ടായതെന്നു മാത്രം.

ഭാരത് മാതാകീ ജയ്!

shortlink

Related Articles

Post Your Comments

Related Articles


Back to top button