NewsIndia

ജി.എസ്.ടി ബിൽ യാഥാർഥ്യത്തിലേക്ക്; ലോക്‌സഭ ബില്ലുകള്‍ പാസാക്കി

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ബില്ലുകള്‍ ലോക്‌സഭ പാസാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല് അനുബന്ധ ബില്ലുകലാണ് ലോക്സഭ പാസാക്കിയത്. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ബില്ലുകള്‍ സഭ പാസാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ടു തള്ളി. ജൂലൈ ഒന്നു മുതൽ ജിഎസ്ടി ബിൽ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ജിഎസ്ടി കൗൺസിലിന്റെ നീക്കത്തിനു ബലം പകരുന്നതാണ് ഈ നീക്കം.

കേന്ദ്ര ഉൽപന്ന സേവന നികുതി (സിജിഎസ്ടി) ബിൽ, സമഗ്ര ഉൽപന്ന സേവന നികുതി (ഐജിഎസ്ടി) ബിൽ, കേന്ദ്രഭരണ പ്രദേശ ഉൽപന്ന സേവന നികുതി (യുടിജിഎസ്ടി) ബിൽ, ഉൽപന്ന സേവന നികുതി (സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം) ബിൽ എന്നിവയാണു ലോക്സഭ പാസാക്കിയത്. ഇതോടെ നികുതി ഭീകരത ഇല്ലാതാകുമെന്ന് ബില്ലുകള്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നികുതിയിലെ സങ്കീര്‍ണത ഒഴിവാകുന്നതോടെ ഉല്‍പന്നങ്ങളുടെ വിലകുറയും.

ജിഎസ്ടിയില്‍ മദ്യത്തെയും പെട്രോളിയം ഉല്‍പന്നങ്ങളെയും ഉള്‍പ്പെടുത്തണമോയെന്ന് ജിഎസ്ടി കൗണ്‍സില്‍ തീരുമാനിക്കുമെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. രാജ്യസഭയില്‍ പാസാക്കേണ്ടാത്ത പണബില്ലായാണ് ജിഎസ്ടി ബില്ലുകള്‍ അവതരിപ്പിച്ചത്. സിജിഎസ്ടി ബില്ലിൽ സംസ്ഥാനങ്ങൾക്കകത്തുള്ള ഉൽപന്ന സേവന നികുതിയും ഐജിഎസ്ടി ബില്ലിൽ സംസ്ഥാനാന്തര ഉൽപന്ന സേവന നികുതിയും പിരിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥകളാണ്. കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉൽപന്ന സേവന നികുതി പിരിവിനു കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നതാണ് യുടിജിഎസ്ടി ബിൽ. ജിഎസ്ടി ബിൽ നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം അഞ്ചു വർഷം പരിഹരിക്കാൻ കേന്ദ്ര സർക്കാരിനു ബാധ്യത നൽകുന്നതാണ് നഷ്ടപരിഹാര ബിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button