NewsGulf

സൗദി പൊതുമാപ്പ്; നിർദ്ധനരായ മലയാളി പ്രവാസികൾക്ക് സൗജന്യമായി വിമാനടിക്കറ്റ് നൽകാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുക: നവയുഗം

ദമ്മാം: സൗദി അറേബ്യയിലെ മൂന്നുമാസത്തെ പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തി, ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങിയിട്ടും വിമാനടിക്കറ്റ് എടുക്കാൻ പണമില്ലാത്തതിനാൽ നാട്ടിലേയ്ക്ക് മടങ്ങാൻ കഴിയാത്ത നിർദ്ധനരായ മലയാളി പ്രവാസികൾക്ക്, സൗജന്യമായി വിമാനടിക്കറ്റ് നൽകി മടക്കിക്കൊണ്ടുവരാൻ കേരള സർക്കാരും, പ്രവാസിവകുപ്പിന്റെ ചുമതലയുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇക്കാമ പുതുക്കാനോ, സ്പോൺസറിന് നഷ്ടപരിഹാരം നൽകാനോ, ഫൈൻ അടച്ച് ഫൈനൽ എക്സിറ്റ് എടുക്കാനോ, വിമാനടിക്കറ്റ് വാങ്ങനോ പണമില്ലാത്ത സാഹചര്യം കൊണ്ടാണ്, നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹമുള്ള ധാരാളം പ്രവാസികൾക്ക് ഇപ്പോഴും സൗദി അറേബ്യയിൽ നിയമവിരുദ്ധമായി കഴിയേണ്ടി വന്നിട്ടുള്ളത്. പൊതുമാപ്പ് പ്രഖ്യാപനം വഴി മറ്റെല്ലാ കാര്യങ്ങൾക്കും ഇളവ് ലഭിച്ചെങ്കിലും, വിമാനടിക്കറ്റ് സ്വന്തം പണം കൊണ്ട് വാങ്ങണം എന്ന കടമ്പ നിർദ്ധനരായ പ്രവാസികൾ നേരിടുന്നുണ്ട്. അത്തരം പ്രവാസികളിൽ മലയാളികളായവരെ സഹായിയ്ക്കേണ്ടത് കേരളസർക്കാരിന്റെ കടമയാണ്. സൗദി അറേബ്യയിൽ പ്രവർത്തിയ്ക്കുന്ന അംഗീകൃതമലയാളി പ്രവാസി സംഘടനകളുടെ സഹായത്തോടെ അത്തരം നിർദ്ധനരായ പ്രവാസികളെ കണ്ടെത്തി, നോർക്കയുടെ നേതൃത്വത്തിൽ അവർക്ക് വിമാനടിക്കറ്റ് നൽകാനുള്ള സംവിധാനം കേരളസർക്കാർ അടിയന്തരമായി നടപ്പാക്കണമെന്ന് നവയുഗം സാംസ്കാരികവേദി ആവശ്യപ്പെട്ടു.

പൊതുമാപ്പിന്റെ സാഹചര്യങ്ങൾ വിലയിരുത്താനും, മലയാളി പ്രവാസികളെ സഹായിയ്ക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാനുമായി, കേരളത്തിലെ ഇടതുപക്ഷസർക്കാരിലെ ഏതെങ്കിലും മന്ത്രി, നേരിട്ട് സൗദി അറേബ്യ സന്ദർശിയ്ക്കുന്നത് നന്നായിരിയ്ക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി വിലയിരുത്തി.

പൊതുമാപ്പിൽ പ്രവാസികളെ നാട്ടിലേയ്ക്ക് അയയ്ക്കാൻ ഇന്ത്യൻ എംബസ്സി തയ്യാറാക്കിയ പദ്ധതികളെക്കുറിച്ച് ഇപ്പോഴും പ്രവാസി സമൂഹത്തിൽ ചില അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. വെറും 90 ദിവസത്തിന്റെ സമയം മാത്രമാണ് മുന്നിലുള്ളതെന്നതിനാൽ, നടപടിക്രമങ്ങളിൽ വ്യക്തത വരുത്തി അത് പ്രവാസി സമൂഹത്തെ ബോധ്യപ്പെടുത്തുകയും, പ്രവാസി സംഘടനകളുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്ന എല്ലാവരെയും അതിന് സഹായിയ്ക്കാനും എംബസ്സി തയ്യാറാകണമെന്നും നവയുഗം ആവശ്യപ്പെട്ടു.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്ന കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്കായി ദമ്മാം, അൽകോബാർ, അൽഹസ്സ എന്നീ മൂന്ന് സ്ഥലങ്ങളിൽ നവയുഗം ഹെൽപ്പ്ഡെസ്ക്ക് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബന്ധപ്പടേണ്ട ഫോൺ നമ്പറുകൾ ചുവടെ കൊടുക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button