KeralaNews

ലീഗ് എം.എല്‍.എയ്‌ക്കെതിരെ യു.ഡി.എഫില്‍ പടയൊരുക്കം

കൊച്ചി : ലീഗ് എംഎല്‍എയ്ക്ക് എതിരെ യുഡിഎഫില്‍ കലാപം. കഴിഞ്ഞ പത്തു വര്‍ഷമായി കളമശേരിയെ പ്രതിനിധീകരിക്കുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയാണ് സ്വന്തം മുന്നണിയില്‍ നിന്നുതന്നെ പ്രതിഷേധം ശക്തമായിരിക്കുന്നത്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് മരണങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്വന്തം നിയോജക മണ്ഡലമായ കളമശേരിയിലെ മെഡിക്കല്‍ കോളജില്‍ നടക്കുന്നത് താനൊന്നുമറിഞ്ഞില്ലെ എന്ന ഭാവത്തിലിരിക്കുന്ന എം എല്‍ എ യെ ഇനിയെന്തിന് വച്ച് പൊറുപ്പിക്കണമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 25ന് സൗണ്ട് എഞ്ചിനീയര്‍ വിദ്യാര്‍ത്ഥിയുടെ മരണമാണ് ഏറ്റവും പുതിയതായി നടന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലാബ് റിപ്പോര്‍ട്ടും വരാന്‍ വൈകിയതിനാല്‍ അന്വേഷണം തത്ക്കാലം മരവിച്ചിരിക്കുകയാണ്. എന്നാല്‍ 2016 ജൂലൈ 18 ന് ഇതേ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയായ ഷംന തസ്നീം മരിച്ച വിഷയത്തിലും പ്രതികരിക്കാന്‍ ലീഗ് എംഎല്‍എ തയ്യാറായിട്ടില്ല.

സി പി എമ്മിന്റെ ഒരു വിഭാഗത്തിനിഷ്ടമല്ലാത്തതൊന്നും ചെയ്യരുതെന്നാണ് കളമശേരിയിലെ കോണ്‍ഗ്രസുകാരുടേയും ലീഗുകാരുടേയും പൊതു ധാരണ. ഇത് വരെ എംഎല്‍എയോ എംപിയോ സി പി എം ജില്ലാ സെക്രട്ടറിയോ ഈ വിഷയങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. ഷംന കേസ് പോലീസ് സംഘം അന്വേഷിക്കുന്നുണ്ടെങ്കിലും സഹകരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരത്ത് നിന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഡോക്ടര്‍മാരുടെ പേരടക്കം ഔദ്യോഗിക വിവരങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ തയ്യാറാകുന്നില്ലെന്ന് അന്വേഷണ സംഘം പരാതിപ്പെടാനും കാരണമിതാണ്.

മരിച്ച ഷംനയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതില്‍ വലിയ ഗൂഢാലോചന നടന്നതായും ആരോപണമുണ്ട്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സുഹൃത്തുക്കളായ ഡോക്ടര്‍മാരാണ് ഇതിന് കൂട്ടുനിന്നത്. ഇതിന് ഷംനയുടെ പിതാവ് അബൂട്ടിയില്‍ നിന്ന് 9000 രൂപ വാങ്ങി. എന്നാല്‍ മരിച്ച വിവരം അറിഞ്ഞ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ദില്‍ഷാദ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബാബു എന്നിവരാണ് പോസ്റ്റ് മാര്‍ട്ടം ചെയ്യണമെന്ന് നിര്‍ബന്ധം ചെലുത്തിയത്.

അടുത്ത ബന്ധുക്കളുടെ എതിര്‍പ്പും രാഷ്ട്രീയ നേതാക്കന്മാരുടെ ഭീഷണിയും മറികടന്നാണ് പോസ്റ്റ് മോര്‍ട്ടം നടന്നത്. അതുകൊണ്ടു മാത്രമാണ് വലിയൊരു മെഡിക്കല്‍ കുറ്റകൃത്യം പുറത്തുവന്നത്.

shortlink

Post Your Comments


Back to top button