Prathikarana Vedhi

കാണേണ്ടത് കാണാത്തവര്‍ എങ്ങനെ സാംസ്‌കാരിക നായകരാകും: ജിഷ്ണുവിന്റെ അമ്മയുടെ വേദന കാണാത്തവരേയും മംഗളം ചെയ്ത് കണ്ടവരേയും കുറിച്ച് കെ.വി.എസ് ഹരിദാസ്‌ ഉയര്‍ത്തുന്ന സംശയങ്ങള്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുണ്ടായ രണ്ട് സംഭവങ്ങൾ മലയാളികളെ ഇരുത്തിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് എന്നതിൽ സംശയമില്ല. മംഗളം ടിവി ചാനലിലെ മുതിർന്ന കുറെ മാധ്യമ പ്രവർത്തകരുടെ അറസ്റ്റ് ആണ് അതിലൊന്ന്. രണ്ടാമത്തേത് ജിഷ്ണു പ്രണോയ് എന്ന മരണമടഞ്ഞ ( കൊല്ലപ്പെട്ട) വിദ്യാർഥിയുടെ മാതാവിന് നേരെ തലസ്ഥാന നഗരിയിൽ നടന്ന പോലീസ് അതിക്രമം. രണ്ടും രണ്ടു തരത്തിലുള്ളതാണ്. എന്നാൽ ഇവ രണ്ടിലും ഒരു സമാനതയുണ്ടുതാനും. യഥാർഥത്തിൽ ഇത് രണ്ടും കൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയെ കുറച്ചൊന്നുമല്ല ബാധിച്ചത്. അത് മാത്രമല്ല, കേരളത്തിന് പൊതുവെയുള്ള ഒരു സാംസ്‌കാരിക തനിമയുണ്ട് , ഒരു ചിന്ത പദ്ധതിയുണ്ട് ; അതിനുനേരെയും തുറിച്ചുനോക്കുന്നതായി ഈ സംഭവങ്ങൾ.

പോലീസ് നടപടികൾ എല്ലാം അതിന്റെ രാഷ്ട്രീയ നേതൃത്വം അറിഞ്ഞുകൊണ്ടാവണം എന്ന് പറഞ്ഞുകൂടാ. എന്നാൽ ചിലതിന്റെ കാര്യത്തിൽ അതങ്ങിനെത്തന്നെയാണ് എന്ന് പറയാൻ ഏറെ ബുദ്ധിമുട്ടേണ്ടതുമില്ല. അതാണ് പലരെയും പോലെ എന്നെയും വിഷമിപ്പിക്കുന്നത്. മാധ്യമ പ്രവർത്തനത്തിൽ പൊലീസിന് എത്രമാത്രം എളുപ്പത്തിൽ എത്രത്തോളം കടന്നുകയറാൻ കഴിയുമെന്നതാണ് മംഗളം സംഭവം കാണിക്കുന്നത്. തന്റെ മകൻ കൊല്ലപ്പെട്ടു എന്ന് കരുതുന്ന അമ്മ. അതുമായി ബന്ധപ്പെട്ട കേസ് മാസങ്ങളായിട്ടും എവിടെയെത്താത്ത അവസ്ഥ. അത് സൂചിപ്പിക്കാൻ ഡിജിപിയെ കാണാൻ വരുമ്പോൾ വഴിയിലിട്ട്‌ ആക്രമിച്ചാലോ?. അത് നിസാരമായിട്ടല്ല കേരളം കണ്ടത്. അതിന്റെ പ്രതിഫലനം സമൂഹ മാധ്യമങ്ങളിൽ കാണാമല്ലോ. ജനങ്ങൾ ഒറ്റക്കെട്ടായി എന്നവിധം പ്രതികരിക്കുകയായിരുന്നില്ലേ, രണ്ടുദിവസമായി. മലപ്പുറത്ത് ലോകസഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതൊക്കെയുണ്ടാക്കുന്ന രാഷ്ട്രീയ ചലനങ്ങൾ അക്ഷരാർഥത്തിൽ പ്രതിപക്ഷത്തിന് സന്തോഷമാണ് പകരുന്നത് എന്നതും പറയാതെ വയ്യ.

അതിനിടയിൽ സമൂഹ മാധ്യമങ്ങളിൽ കണ്ട ഒരു പ്രത്യേകത സൂചിപ്പിക്കാതെ വയ്യതാനും. ജിഷ്ണു പ്രണോയിയുടെ അമ്മക്കെതിരായ പോലിസ് നടപടിയുടെ പശ്ചാത്തലത്തിലാണിത്. ഇടതുപക്ഷക്കാരോ ഇടതു സഹയാത്രികരോ ആയ പലരും, അല്ലെങ്കിൽ ഇടതു പക്ഷ നിലപാടുകളെ സാധാരണയായി പരസ്യമായി ന്യായീകരിക്കാറുള്ള പലരും, കാര്യങ്ങളുടെ പോക്ക്തിരിച്ചറിയുന്നു. സർക്കാരിനെ പരസ്യമായി പിന്തുണക്കാതിരിക്കാം അവർക്ക് ; മിണ്ടാതെയിരിക്കാം. പക്ഷെ പലരും സമൂഹ മാധ്യമങ്ങളിൽ കയറിവന്ന്‌ മിണ്ടുന്നു; നീരസം പരസ്യമായി പ്രകടിപ്പിക്കുന്നു……….. ഒരൊറ്റ ദിനം കൊണ്ട് കാര്യങ്ങൾ അത്രയ്ക്കെത്തി. ടിഎൻ സീമയുടെ പ്രതികരണവും ടിവിയിൽ കണ്ടു. ഇത് തിരിച്ചറിയേണ്ടത് ഭരണകൂടമാണ്. എനിക്ക് തോന്നിയത്, ഇന്ന് ഉണ്ടായ പോലീസ് നടപടിയിൽ മുഖ്യമന്ത്രി വിഷമമെങ്കിലും പ്രകടിപ്പിച്ചിരുന്നുവെങ്കിൽ ഇത്രത്തോളം കാര്യങ്ങൾ എത്തുമായിരുന്നില്ല എന്ന് ഒരുപക്ഷെ സിപിഎമ്മുകാർ ചിന്തിക്കുന്നുണ്ടാവണം. അഭിമാനപ്രശ്നമായി അദ്ദേഹം അതിനെ എടുക്കരുതായിരുന്നു എന്നും അവർ നിരീക്ഷിക്കുന്നുണ്ടാവണം . വീഴ്ചകൾ ആർക്കും സംഭവിക്കാം. താൻ നേരിട്ട് കാട്ടിക്കൂട്ടിയതല്ലല്ലോ അത് എന്ന് മുഖ്യമന്ത്രി ചിന്തിച്ചാൽ മതിയല്ലോ. ഒരു ചെറു വിഷമം ആ മുഖത്ത് പതിഞ്ഞിരുന്നുവെങ്കിൽ കേരളത്തിന്റെ മനസ്സ് ഇന്ന് ഇത്രമാത്രം കഠിനമാവില്ലായിരുന്നു എന്ന് സിപിഎം നേതൃത്വം കരുതുന്നുണ്ടാവും, തീർച്ച. ഒരു മാധ്യമ നിരീക്ഷകന്റെ വിലയിരുത്തലാണ് . പക്ഷെ, പോലീസ് നടപടിയെ സർക്കാരും പോലീസും ന്യായീകരിക്കുന്നു എന്നുള്ള വാർത്തകളും അതിനിടെ പുറത്തുവന്നു. അതാണ് വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയാൻ പ്രേരിപ്പിക്കുന്നത്.

അതിനൊക്കെയൊപ്പമാണ് നമ്മുടെ സാംസ്‌കാരിക നായകന്മാരുടെ നിലപാടും ചർച്ചചെയ്യപ്പെടുന്നത് . ഇന്ന് കുറെ പത്രങ്ങൾ നോക്കി. ഈയൊരു കൂട്ടരുടെ ശബ്ദം മാത്രം കേട്ടില്ല, കണ്ടില്ല. നമ്മുടെ നാട്ടിൽ സർവ്വ വിധ സ്വാതന്ത്ര്യങ്ങൾക്കും വേണ്ടി, സംസ്കാരത്തിന് വേണി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി, എഴുത്തിനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, മാധ്യമ സ്വാതന്ത്ര്യത്തിനായി ഒക്കെയെന്നു പറഞ്ഞു നിലകൊള്ളുന്ന അതെ കൂട്ടരുടേത് . അതൊരു വലിയ വിവിഐപി കൂട്ടമാണല്ലോ . അതിൽ സാംസ്‌കാരിക നായകന്മാർ എന്ന് മാധ്യമങ്ങൾ വിളിക്കുന്നവരുണ്ട് ; എഴുത്തുകാരും ഉണ്ട്. പിന്നെ കുറെ പതിവ് മനുഷ്യാവകാശക്കാരുണ്ട്. പലപ്പോഴും പാലത്തിന്റെ പേരിലും അമിതാവേശവുമായി തെരുവിലിറങ്ങിയവരും സംയുക്ത പ്രസ്താവന ഇറക്കിയവരും, ഉദ്‌ബോധിപ്പിച്ചവരും ഒക്കെ ………… അവരെയൊന്നും ഇപ്പോൾ കാണുന്നില്ല. അവർ ഇന്ന് മിണ്ടുന്നില്ല.

ദൽഹിയിലെ കേരള സർക്കാരിന്റെ ആസ്ഥാനത്തെ ക്യാന്റീനിൽ ദൽഹി പോലിസ് ഒന്നുകയറി ഒരു പരാതിയെക്കുറിച്ചു ആരാഞ്ഞതിന്റെ പേരിൽ പോലും ( ബീഫ് വിവാദം) രോഷം കൊണ്ടവരും രൂക്ഷമായി പ്രതിഷേധിച്ചവരുമുണ്ട്. ഇന്ത്യ വിരുദ്ധ പ്രകടനവും മുദ്രാവാക്യവും വിളിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കായി ബഹളം വെച്ചവരും അതെ കൂട്ടത്തിലുണ്ട് . കള്ളപ്പണക്കാരെയും കള്ളപ്പണം സൂക്ഷിച്ചവരെയും ഹവാലക്കാരെയും ഒക്കെ നേരിടാൻ കേന്ദ്രം ശക്തമായ നടപടി എടുത്തപ്പോൾ രോഷാകുലരായവരാണിവർ …………. കള്ളപ്പണത്തിന്റെ സംരക്ഷകരെപ്പോലും ലജ്ജിപ്പിക്കുന്നവിധത്തിൽ. ‘അസഹിഷ്ണുത’ എന്ന്‌ പറഞ്ഞുകൊണ്ട്‌ അല്ലെങ്കിൽ നടിച്ചുകൊണ്ട് , അവാർഡ് തിരിച്ചുകൊടുക്കാൻ പോയവരാണിവർ . പക്ഷെ, ജിഷ്ണുവിന്റെ ആ അമ്മയുടെവേദന ഇക്കൂട്ടർ കാണാതെ പോയി. ആ അമ്മയെ തെരുവിലിട്ട് വലിച്ചത് ഇക്കൂട്ടർ ശ്രദ്ധിക്കാതെ പോയി.

മാധ്യമ സ്വാതന്ത്ര്യം എന്ന് നാമൊക്കെ സങ്കൽപ്പിക്കുന്നത് കടുത്ത വെല്ലുവിളി നേരിടുന്നതു പോലും അവർക്കാർക്കും ബോധിച്ചിട്ടില്ല. നാളെ ഒരു പത്രത്തിന് അല്ലെങ്കിൽ ചാനലിന് ഭരണകൂടത്തെ വിഷമിപ്പിക്കുന്ന ഒരു വാർത്ത കൊടുക്കാൻ കഴിയാത്ത അവസ്ഥയാണ് സംജാതമാവുന്നത്‌ എന്നത് പലരും ഓർക്കാതെ പോകുന്നു. മംഗളം ചാനൽ വിവാദ വാർത്ത നൽകിയ രീതിയെക്കുറിച് എനിക്കും അഭിപ്രായ ഭിന്നതയുണ്ട്. പക്ഷെ അവർ പുറത്തുകൊണ്ടുവന്നത് ഒരു മന്ത്രിയുടെ വഴിവിട്ട ജീവിതമാണ്. ആ ഭരണകൂട വക്താവിന്റെ തലതിരിഞ്ഞ പോക്കാണ്. അതൊരു സാമൂഹ്യ പ്രശ്നമാണല്ലോ, അതൊരു പൊതു പ്രശ്നമാണല്ലോ. അതിനെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണത്തിന് ആദ്യം തീരുമാനിക്കുന്നു. പിന്നെ ക്രൈം ബ്രാഞ്ച് അന്വേഷണം വരുന്നു. മാധ്യമ പ്രവർത്തകരെ ജയിലിലടക്കുന്നു………. അടിയന്തരാവസ്ഥയുടെ ഓർമ്മകളാണ് അതൊക്കെ സമ്മാനിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കാൻ സാംസ്‌കാരിക നായകന്മാർക്ക് ഉത്തരവാദിത്വമില്ലേ?. അതൊക്കെ കാണാത്ത ഇവരെന്ത് സാംസ്‌കാരിക നായകർ. അവരുടെ പേരൊന്നും ഇവിടെ കുറിക്കുന്നില്ല, അതൊക്കെ മലയാളിക്കറിയാം. സാംസ്‌കാരിക സമ്പന്നമായ കേരളത്തിന് ഇക്കൂട്ടർ അപമാനമല്ലേ എന്നതാണ് പ്രശ്നം. അവരെക്കുറിച്ചൊക്കെയുള്ള സങ്കൽപ്പങ്ങൾ എത്രയോ ഉയർന്നതായിരുന്നു, ഇതുവരെ. ദല്ലാളന്മാരെപ്പോലെ ഇക്കൂട്ടർ മാറാമോ ?. കേരളം സമൂഹം ചർച്ച ചെയ്യേണ്ടുന്ന വിഷയമാണിത് എന്ന് തോന്നുന്നു. കുറെ കള്ളനാണയങ്ങളെ തിരിച്ചറിയാൻ അത് സഹായകരമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button