തൃപ്പരപ്പ് മഹാദേവർ ക്ഷേത്രവും വെള്ളച്ചാട്ടവും

415

ജ്യോതിർമയി ശങ്കരൻ

“നാളെ രാവിലെ നേരത്തെ ബ്രേക്ഫാസ്റ്റ് കഴിച്ച ശേഷം നമുക്ക് തൃപ്പരപ്പിൽ പോകാം. അമ്പലത്തിൽ തൊഴുതശേഷം വെളളച്ചാട്ടവും കണ്ടു തിരികെ വരാം. വൈകീട്ട് നമുക്ക് നാഗർകോവിലിലെ പ്രസിദ്ധമായ നാഗരാജക്ഷേത്രത്തിൽ പോകാം. അൽ‌പ്പം ഷോപ്പിംഗ് വേണ്ടവർക്കായി പോത്തീസിൽ പോകാം.”
പ്രീത പറഞ്ഞു. ഏറെ സ്വാദിഷ്ടമായ രാത്രി ഭക്ഷണത്തിനുശേഷം അൽ‌പ്പനേരം ഇരുന്നു വർത്തമാനം പറഞ്ഞശേഷം ഉറങ്ങാൻ കിടക്കുമ്പോൾ മനസ്സിൽ നാളെ പോകുന്ന തൃപ്പരപ്പിലെ ക്ഷേത്രത്തെക്കുറിച്ചും വെള്ളച്ചാട്ടത്തെക്കുറിച്ചും ഓർത്ത് .ഉദ്വേഗം നിറഞ്ഞു നിന്നിരുന്നു.
സത്യം പറയുകയാണെങ്കിൽ തൃപ്പരപ്പ് സന്ദർശിയ്ക്കുന്നതിനുള്ള ക്ഷണം കിട്ടിയിട്ട് ദശാബ്ദങ്ങളായിരിയ്ക്കുന്നു. ഇപ്പോൾ അവിടെ താമസിയ്ക്കുന്ന ഒരു അടുത്ത ബന്ധു, ക്ഷണിയ്ക്കുന്നത് നിർത്തിയിരിയ്ക്കുന്ന സമയത്ത് അവിടെ ആകസ്മികമായി ചെല്ലുന്നെന്ന വിളിച്ചു പറയൽ വിചാരിയ്ക്കുന്നതിലധികം സന്തോഷം തന്നു.തൃപ്പരപ്പ് ശിവക്ഷേത്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടെന്നല്ലാതെ കൂടുതലൊന്നും അറിയില്ലെന്നതായിരുന്നു സത്യം. വെള്ളച്ചാട്ടത്തെക്കുറിച്ചും ഇത്രയെല്ലാം ഇവിടെ വന്ന ശേഷമാണ് അറിയാനായത്.
ബ്രേക്ഫാസ്റ്റിനു പ്രീതയും പ്രദീപും ചേർന്നൊരുക്കിയ ചൂടും സ്വാദുമേറിയ പൊങ്കൽ കഴിച്ച ശേഷം ഞങ്ങൾ തൃപ്പരപ്പിലേയ്ക്കു പുറപ്പെട്ടു. തൃപ്പരപ്പിലെ ശിവക്ഷേത്രത്തിനു തൊട്ടുമുന്നിൽ ബന്ധുവിന്റെ ഷോപ്പിൽ എത്തിച്ചേരാനായിരുന്നു തീരുമാനം. അന്ന് ആ അനുജത്തിയുടെ പിറന്നാൾകൂടി ആയിരുന്നതിനാൽ വഴിയിൽ ബേക്കറിയുടെ മുന്നിൽ കാർ നിർത്തി അൽ‌പ്പം മധുരപലഹാരങ്ങളും മറ്റും വാങ്ങിക്കൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര.
തൃപ്പരപ്പിൽ ശിവക്ഷേത്രം ശിവാലയ ഓട്ടങ്ങളിൽ ഉൾപ്പെടുന്ന ഒന്നാണ്. ശിവരാത്രിയോടടുത്ത് നിശ്ചിതസമയത്തിന്നകം ഓടിക്കൊണ്ട് 12 ശിവക്ഷേത്രങ്ങൾ സന്ദർശിയ്ക്കുകയെന്ന ഭക്തിപൂർവ്വമായ ആചാരമാണീ ഓട്ടം. രണ്ടു രാത്രിയും ഒരു പകലുമാണ് സാധാരണയായി ഇതിനായെടുക്കുന്ന സമയം. മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഇങ്ങനെ ഓടുന്ന ശിവഭക്തന്മാർ ശൈവനാമത്തിന്നു പകരമായി “ഗോവിന്ദാ… ഗോപാലാ..” എന്നിങ്ങനെ വൈഷ്ണവമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടായിരിയ്ക്കും ഓടുന്നത്. ശൈവ വൈഷ്ണവ സമന്വയമായ ശങ്കരനാരായണനെ അനുസ്മരിയ്ക്കൽ. താമ്രവർണ്ണീ നദീ തീരത്തു തപസ്സു ചെയ്യുകയായിരുന്ന ശൈവഭക്തനായ വ്യാഘ്രപാദമുനിയെ കുരുക്ഷേത്രയുദ്ധാനന്തരം ശ്രീകൃഷ്ണന്റെ നിർദ്ദേശാനുസാരണം യജ്ഞത്തിനു ക്ഷണിയ്ക്കാനെത്തിയ ഭീമസേനൻ, ”ഗോവിന്ദാ..ഗോപാലാ..” എന്നു ചൊല്ലി വിളിച്ചെന്നും കുപിതനായ മുനി പിന്തുടർന്നപ്പോൾ ശ്രീകൃഷ്ണൻ സമ്മാനമായി കൊടുത്തയച്ചിരുന്ന 12 രുദ്രാക്ഷങ്ങൾ ഓരോന്നു വീതം 12 ഇടങ്ങളിലായി ഭീമൻ താഴെ വെച്ചെന്നും അവിടെയൊക്കെ ശിവഭക്തനായ മാമുനി പൂജകൾ ചെയ്തെന്നുമാണു സങ്കൽ‌പ്പം. മുനിയുടെ കോപം തീരാൻ അദ്ദേഹത്തിന്റെ മുന്നിൽ ശിവനായും ഭീമനു മുന്നിൽ വിഷ്ണുവായും ഭഗവാൻ ദർശനം കൊടുത്തുവത്രെ! ശങ്കരനാരായണപ്രതിഷ്ഠകൾ ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തഭാവങ്ങളിൽ ദർശിയ്ക്കാനാകും. എന്തായാലും മുനി സമ്പ്രീതനായി യജ്ഞത്തിൽ പങ്കെടുത്തെന്നാണ് കഥ.
പലതും പറഞ്ഞിരിയ്ക്കേ തൃപ്പരപ്പിലെത്തിയതറിഞ്ഞില്ല. നാഗർ കോവിലിൽ നിന്നും സഞ്ചരിയ്ക്കുമ്പോൾ കുലശേഖരം ഗ്രാമത്തിനടുത്താണീ സ്ഥലം. ക്ഷേതത്തിനു മുന്നിൽത്തന്നെയുള്ള തന്റെ കടയിൽ ശ്രീജ കാത്തു നിൽക്കുന്നതു കണ്ടു . കാർ തണലിലേയ്ക്കു നീക്കി പാർക്ക് ചെയ്തു. ശ്രീജയെ ആശംസിച്ച് , ഫ്രെഷ് ആയ ശേഷം ഞങ്ങൾ മകൾ ഹരിതയോടൊപ്പം അമ്പലത്തിലേയ്ക്കു കടന്നു. അകത്ത് പലതരം അറ്റ കുറ്റപ്പണികൾ നടന്നു വരുന്നു. നാളത്തെ ശിവരാത്രിയ്ക്കുള്ള ഒരുക്കങ്ങളും. ശിവരാത്രി ദിവസം ജനബാഹുല്യത്താൽ കാർ പാർക്കു ചെയ്യുന്നതിനോ തിരിച്ചു കൊണ്ടുപോകുന്നതിനോ കഴിയാതെ പലപ്പോഴും കടയിൽത്തന്നെ കഴിയുകയോ നടന്നു പോകുകയോ വേണ്ടി വരാറുണ്ടെന്ന് ശ്രീജ പറഞ്ഞപ്പോൾ ഉണ്ടാകുന്ന ജനബാഹുല്യത്തെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടാകാതിരുന്നില്ല.

തൃപ്പരപ്പ് മഹാദേവർ ക്ഷേത്രം

കരിങ്കല്ലിൽ കൊത്തുപണികളാൽ നിർമ്മിയ്ക്കപ്പെട്ട ഈ ക്ഷേത്രം പടിഞ്ഞാട്ട് ദർശനമായാണ് സ്ഥിതിചെയ്യുന്നത്. പുതിയതായി മിനുക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്ന കൊത്തുപണികളോടു കൂടിയ പടുകൂറ്റൻ വാതിലുള്ള ഗോപുരത്തിലൂടെ ഞങ്ങൾ ഉള്ളിൽക്കടന്നു.സാക്ഷാൽ മാർത്തണ്ഡവർമ്മയാൽ ഉണ്ടാക്കപ്പെട്ട അമ്പലം പിന്നീടു വന്ന രാജാക്കന്മാരാലും പുതുക്കപ്പെട്ടു. ക്ഷേത്രത്തിന് പ്രൌഢിയും ഗാംഭീര്യവുമേകുന്ന പുറമതിലിനു 20 അടി ഉയരമുണ്ട്. കർണ്ണാടകയിലെ ചില അമ്പലങ്ങളാണിതു കണ്ടപ്പോൾ ഓർമ്മ വന്നത് മഹാദേവർ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിന്റെ മൂല സ്ഥാനം വൃത്താകൃതിയിൽത്തന്നെ. ചതുരത്തിലുള്ള പൂജാമണ്ഡപവും, പിരമിഡാകൃതിയിലുള്ള മേൽക്കൂരയും ക്ഷേത്രത്തിനെ മനോഹരമാക്കുന്നു. അദൃശ്യമായ ഒരു ഗുഹാക്ഷേത്രവും ഇവിടെ ഉണ്ടത്രെ! മഹാദേവദർശനത്തിന്നെത്തിയ തന്ത്രിയും കുടുംബവുമായി സംസാരിച്ചശേഷം പ്രസാദവും വാങ്ങി ദർശനം നടത്തുമ്പോൾ വെളുത്തമുണ്ടും ചുവന്ന കച്ചയും കൈകളിൽ വിശറിയുമായെത്തിയ ഒട്ടേറെ ഗോവിന്ദന്മാരെന്നു വിളിയ്ക്കപ്പെടുന്ന ശൈവഭക്തരെ കാണാനിടയായി.. കൈകളിലെ വിശറികൾ, പോകുന്ന പന്ത്രണ്ടു ക്ഷേത്രങ്ങളിലേയും പ്രതിഷ്ഠകളെ വീശിത്തണുപ്പിയ്ക്കാനാണ് എന്നറിയാനായി. തിരുനടയിൽ നിന്നു തൊഴുന്ന ഗോവിന്ദന്മാർ വിശറി വീശുന്ന കാഴ്ച്ച ശരിയ്ക്കും അപൂർവ്വമായ ഒന്നു തന്നെ. ഇതവരുടെ ഓട്ടത്തിലെ മൂന്നാമത്തെ ക്ഷേതമാണ്. തിരുമല ,മുനിമാർതോട്ടം, തിക്കുറിശ്ശി, തൃപ്പരപ്പ്, തിരുനന്തിക്കര, പൊന്മന, പന്നിപ്പാകം, കൽക്കുളം, മേലാങ്കോട്, തിരുവിടക്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് പന്ത്രണ്ട് ശിവാലയങ്ങൾ.ഓട്ടത്തിനും ദർശനത്തിനും ചില പ്രത്യേക രീതികളും ഉണ്ട്. വ്രതസമാനമായ ഭക്ഷണത്തിനും വസ്ത്രധാരണത്തിനും സമയത്തിനും ചിട്ടകളുണ്ട്. ഉറക്കെയുറക്കെ “ ഗോവിന്ദാ..ഗോപാലാ..” എന്ന വിളിയും മുഴങ്ങുന്നു.ഏറ്റവും ഒടുവിലത്തെ ക്ഷേത്രമായ തിരുനട്ടാലിലെത്തിയാൽ അവർക്ക് ഓട്ടം അവസാനിപ്പിയ്ക്കാം.
ഉപദേവതകളായ ശാസ്താവ്, ശ്രീകൃഷ്ണൻ, മുരുകൻ, ഹനുമാൻസ്വാമി എന്നിവരേയും ദർശിച്ചശേഷം നാളെ ശിവരാത്രി ദിവസമാകയാൽ ഇന്നു തൊഴാൻ സാധിച്ചതിലെ ഭാഗ്യമോർത്തും നാളെ ഈ നേരത്തുണ്ടാകാവുന്ന തിരക്കോർത്തും ഞങ്ങൾ പുറത്തു കടന്ന് പ്രസിദ്ധമായ ത്രിപ്പരപ്പ് ജലപാതം ആസ്വദിയ്ക്കാനായി മുന്നോട്ടു നടന്നു.

തൃപ്പരപ്പ് ജലപാതം

ഈ ജലപാതം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. യാതൊരു ഭയവും കൂടാതെ സ്ത്രീകൾക്കും പുർഷന്മാർക്കും വേവ്വേറെയായി തീർത്ത സ്ഥലങ്ങളിൽ നിന്നു സുരക്ഷയോടെ പ്രകൃതിയുടെ മിഴിവിൽ നനയാവുന്ന സ്ഥലം. ഇത്തരമൊരു ജലപാതത്തെക്കുറിച്ച് ആർക്കും അധികം അറിവില്ലെന്നു തോന്നുന്നു. ഒരു പക്ഷേ വെക്കേഷൻ കാലത്ത് ഇവിടെ നല്ല തിരക്കായിരിയ്ക്കാം. ഇപ്പോൾ അധികം തിരക്കില്ലെന്നു കാണാനായി.

പശ്ചിമഘട്ടത്തിൽ ജന്മം കൊണ്ട്, താഴോട്ടൊഴുകി തൃപ്പരപ്പിന്റെ പാറക്കൂട്ടങ്ങളെ ഉമ്മവച്ച് സൌമ്യമായി താഴോട്ടൊഴുകി കടലിൽ വിലയം പ്രാപിയ്ക്കുന്ന കോതയാറിന്റെ മുഖമാണിവിടെ കാണാനാകുന്നത്. കേരളത്തിന്റെ തലസ്ഥാനഗരിയിൽ അധികം ദൂരെയല്ലാത്ത, അതിർത്തിയിൽ നിന്നും പത്തുകിലോമീറ്റർ മാത്രം മാറി സ്ഥിതിചെയ്യുന്ന കുമാരി കുറ്റാലം. ഒരു ചെറിയ തടയണ തരുന്ന നയനസൌഖ്യം മാത്രമാണിത്. തൃപ്പരപ്പു മഹാദേവർ ക്ഷേത്രത്തിനു പിന്നിലൂടെ ഒഴുകുന്ന കോതയാർ പാറക്കൂട്ടങ്ങളിലൂടെ ഒഴുകി തടയണയ്ക്കു മുകളിലൂടെ തുളുമ്പി താഴോട്ടു പതിച്ച് വെള്ളച്ചാട്ടമായി മാറുന്നു.

കുറെ നേരം കമ്പിയഴികളിൽ പിടിച്ചു നിന്നും അല്ലാതെയും നനഞ്ഞും ഫോട്ടോയെടുത്തും നിമിഷങ്ങളെ ധന്യമാക്കിയപ്പോൾ കൂടുതൽ സമയം ചിലവഴിയ്ക്കാനായി ഇനിയൊരിക്കൽക്കൂടി ഇവിടെ വരണമെന്ന മോഹം മനസ്സിലുണ്ടാകാതിരുന്നില്ല.

അമ്പലത്തിനു പുറകിലൂടെ പരന്നു കിടക്കുന്ന പാറക്കൂട്ടങ്ങളും ദൂരെയുള്ള തുളുമ്പുന്ന തടയണയും മാർത്താണ്ഡവർമ്മ പണി കഴിപ്പിച്ച കൽമണ്ഡപവും അതിന്റെ തൂണുകളി ചാരി വിശ്രമിയ്ക്കുന്ന ഗോവിന്ദന്മാരും മനസ്സിൽ മറക്കാനാവാത്തൊരു നിറം പിടിപ്പിച്ച ക്യാന്വാസായി മാറി. വെള്ളത്തിൽ പൊന്തി നിൽക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലെ കൽമണ്ഡപവും അവിടെയെത്താൻ കരിങ്കല്ലിൽത്തന്നെ വിരിച്ചിരിയ്ക്കുന്ന വഴിയും, പട്ടവും ചരടും പോലെ കാണപ്പെട്ടു .പ്രദക്ഷിണ വഴിയിൽക്കണ്ട പാമ്പ് തവളയെ പിടിയ്ക്കുന്ന കൊത്തുപണി മനസ്സിൽ മായാതെ നിൽക്കുന്നു. അമ്പലത്തിനു പുറത്തുകൂടി വലംവെച്ച് റോഡിലേയ്ക്കെത്തുമ്പോൾ മലയാളത്തിൽ തന്നെ തൃപരപ്പ് മഹാദേവർ ക്ഷേത്രം എന്നെഴുതിവച്ച ബോർഡും കാണാനായി.

തിരികെ ശ്രീജയുടെ ഐസ് ക്രീം കൂൾ ബാർ ആയ കടയിൽ വന്നപ്പോൾ ശ്രീജ സ്നേഹപുരസ്സരം തന്ന ഐസ് ക്രീമും ഒട്ടനവധി സ്നാക്സും കൂൾ ഡ്രിംക്സുമെല്ലാം കഴിച്ചു കുറച്ചു നേരമിരുന്ന ശേഷം ശ്രീജയോടും കുടുംബത്തോടും ആതിഥ്യത്തിനു പ്രത്യേകം നന്ദി പറഞ്ഞ് കാറിൽ കയറുമ്പോൾ ഓർത്തു: ഇതു പോലെ നമ്മളറിയാത്ത എത്രയെത്ര കൊച്ചു അത്ഭുതങ്ങൾ നമ്മുടെ നാടിന്റെ ഏതൊക്കെ കോണിലൊളിച്ചിരിയ്ക്കുന്നുണ്ടാവും? ഭാഗ്യം ഒന്നു കൊണ്ടുമാത്രം നാം എത്തിച്ചേരപ്പെടുന്നവ നമ്മുക്കാസ്വദിയ്ക്കാനാവുന്നെന്നു മാത്രം.

ശംഭോ! മഹാദേവ! എല്ലാം അങ്ങയുടെ കടാക്ഷം! “ ഗോവിന്ദാ..ഗോപാലാ…”