Latest NewsNewsBusiness

സംസ്ഥാനത്ത് സഹകരണ ബാങ്കുകള്‍ അപ്രത്യക്ഷമാകുന്നു : പകരം കേരള ബാങ്ക് : സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് സഹകരണ മേഖലയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സഹകരണ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപം വന്‍തോതില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാറ്റത്തിന് കാരണമെന്ന് സംസ്ഥാന സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്ത് ജില്ലാസഹകരണ ബാങ്കുകള്‍ക്ക് പകരം ഇനി കേരളാ ബാങ്കാണ് നിലവില്‍ വരിക.

കേരള ബാങ്ക് രൂപീകരിക്കുന്നതിനു മുന്നോടിയായി ജില്ലാ സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി. ഇതു സംബന്ധിച്ച സഹകരണ നിയമഭേദഗതി ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കി. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ലയിപ്പിച്ചാണു കേരള ബാങ്ക് രൂപീകരിക്കുന്നത്. ഇതോടെ 14 ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ഭരണ സമിതികള്‍ അസാധുവായി.
ജില്ലാ സഹകരണ ബാങ്കുകളില്‍ 13 എണ്ണവും സംസ്ഥാന സഹകരണ ബാങ്കും യുഡിഎഫ് ഭരണത്തിലായിരുന്നു. ബാങ്ക് ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയെയോ അഡ്മിനിട്രേറ്ററെയോ നിയമിക്കാന്‍ സഹകരണ റജിസ്ട്രാര്‍ക്കു സര്‍ക്കാര്‍ അധികാരം നല്‍കി. എല്ലായിടത്തും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ഇന്നലെ തന്നെ ചുമതലയേറ്റു. അഡ്മിനിട്രേറ്റിവ് കമ്മിറ്റിയുടെ കാലാവധി പരമാവധി ഒരു വര്‍ഷമാണ്. അതിനു മുന്‍പു പുതിയ സമിതിയെ തിരഞ്ഞെടുക്കണം.
ഓര്‍ഡിനന്‍സ് പ്രാബല്യത്തിലാകുമ്പോള്‍ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ പിരിച്ചുവിടുകയല്ല, സ്വമേധയാ പിരിഞ്ഞുപോവുകയാണു ചെയ്യുന്നതെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മറ്റു സഹകരണ സംഘങ്ങള്‍ക്കും ജില്ലാ ബാങ്കില്‍ അംഗത്വമുണ്ടായിരുന്ന സ്ഥിതിയാണ് ഓര്‍ഡിനന്‍സോടെ മാറുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചു സഹകരണ റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു നിയമ ഭേദഗതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70% പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടേതാണ്. വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കാണ്. അതുകൊണ്ടാണു കൃഷിമേഖലയെ സഹായിക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയുന്നത്. കൃഷിമേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തെക്കാള്‍ ഫലപ്രദമായി സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടും. കാര്‍ഷിക സഹകരണസംഘങ്ങള്‍ ഒഴികെയുള്ള മറ്റു സൊസൈറ്റികള്‍ക്കു ജില്ലാ ബാങ്കില്‍ നോമിനല്‍ അംഗത്വം നല്‍കും. അവര്‍ക്കു വായ്പയ്ക്ക് അവകാശമുണ്ടാവും.
വാര്‍ഷിക പൊതുയോഗത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ പങ്കെടുക്കാതിരുന്നാലോ സംഘം നല്‍കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷം പ്രയോജനപ്പെടുത്താതിരുന്നാലോ സംഘത്തിന് അംഗത്വം നഷ്ടപ്പെടുന്ന വ്യവസ്ഥ ഒഴിവാക്കി. കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് തങ്ങളുടെ അപ്പക്‌സ് ബോഡിയായ ജില്ലാ സഹകരണ ബാങ്കില്‍നിന്നു മതിയായ പരിഗണന ലഭിക്കാതിരുന്ന സാഹചര്യത്തിലാണു ലളിതാംബിക കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നിയമഭേദഗതി കൊണ്ടു വന്നതെന്നു മന്ത്രി കടകംപള്ളി അറിയിച്ചു. യഥാര്‍ഥ അവകാശികള്‍ക്കു ത്രിതല സഹകരണ വായ്പ ലഭ്യമാക്കേണ്ടതുണ്ട്. മറ്റു സംഘങ്ങള്‍ക്കെല്ലാം അപ്പക്‌സ് സംഘങ്ങളുണ്ട്.
കണ്‍സ്യൂമര്‍ സംഘങ്ങള്‍ക്കു കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റിങ് സംഘങ്ങള്‍ക്കു വേണ്ടി മാര്‍ക്കറ്റ് ഫെഡ് എന്നതുപോലെ. എന്നാല്‍ കാര്‍ഷിക ബാങ്കുകള്‍ക്ക് അപ്പക്‌സ് ബോഡിയായ ജില്ലാ ബാങ്കില്‍നിന്നു പരിഗണന ലഭിച്ചിരുന്നില്ല. ഇതുകൂടാതെ പലവക സംഘങ്ങളുണ്ട്. ഇതിനെല്ലാം കൂടി ഒരു അപ്പക്‌സ് സംഘം ഉണ്ടാക്കണമെന്ന വ്യവസ്ഥയും നിയമഭേദഗതിയിലുണ്ട്.
കേരളത്തിന്റെ സ്വന്തം; എസ്ബിടിക്കു പകരം
കേരള ബാങ്ക് രൂപീകരണം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി 17,18 തീയതികളില്‍ യോഗം ചേര്‍ന്നു ശുപാര്‍ശകള്‍ക്ക് അന്തിമ രൂപം നല്‍കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടി. ബാങ്കിന്റെ പേര് ഉള്‍പ്പെടെ പിന്നീടു തീരുമാനിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിനു സ്വന്തമായൊരു ബാങ്ക് അത്യാവശ്യമാണെന്നു സര്‍ക്കാര്‍ വിലയിരുത്തുന്നു.

ലക്ഷ്യം ദ്വിതല സംവിധാനം
ജില്ലാ സഹകരണ ബാങ്കുകളെ ഒഴിവാക്കി പ്രാഥമിക സംഘങ്ങളും സംസ്ഥാന ബാങ്കും എന്ന ദ്വിതല സംവിധാനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജില്ലാ ബാങ്കുകളിലെ ഭരണസമിതി സര്‍ക്കാരിന് അനുകൂലമായാല്‍ മാത്രമേ ഇത് അനായാസം നടപ്പാക്കാനാവൂ. റിസര്‍വ് ബാങ്ക് അനുമതിയോടെ ജില്ലാ സഹകരണ ബാങ്കുകളുടെ ആസ്തി – ബാധ്യതകള്‍ നിര്‍ദിഷ്ട കേരള ബാങ്കിനു കൈമാറേണ്ടിവരും. അതിന് അതതു ബാങ്ക് ഭരണസമിതികളുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഇതുകൂടി ലക്ഷ്യമിട്ട് ഭരണസമിതി സര്‍ക്കാര്‍ അനുകൂലമാക്കുകയാണ് ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം. അടുത്ത വര്‍ഷം മേയ് മാസം വരെ കാലാവധി ഉണ്ടായിരിക്കെയാണ് ഭരണ സമിതികള്‍ പിരിച്ചുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button