പാസ്ക്വയും പാസ്ക്വെത്തയും

222

അമ്മു ആന്‍ഡ്ര്യൂസ്

“നതാലെ കോണ്‍ ഇ തുവോയ്, പാസ്ക്വ കോണ്‍ കി വോയ്…” എന്ന് വെച്ചാല്‍, ‘ക്രിസ്തുമസ് കുടുംബത്തോടൊപ്പം ആഘോഷിക്കൂ, ഈസ്റ്റര്‍ നിങ്ങള്‍ക്ക് ഏറെ ഇഷ്ടമുള്ളവരോടോപ്പവും’ (Spend Christmas with your family, and Easter with whomever you please’) എന്നതാണ് ഇറ്റലിയിലെ ഈസ്റ്റര്‍ ആപ്തവാക്യം. ‘പാസ്ക്വ’ എന്നാണു ഇറ്റാലിയന്‍ ഭാഷയില്‍ ഈസ്റ്റര്‍ അറിയപ്പെടുന്നത്. ഈസ്റ്റര്‍ പിറ്റേന്ന് ‘ലിറ്റില്‍ ഈസ്റ്റര്‍’ അല്ലെങ്കില്‍ ‘പാസ്ക്വെത്താ’ (Easter Monday) എന്ന പേരിലും പൊതുഅവധി ദിവസമായി ആഘോഷിക്കുന്നു. ഈ സമയത്ത് സൂപ്പര്‍മാര്‍ക്കെറ്റുകളും ഷോപ്പിംഗ്‌ മാളുകളും, കുട്ടികള്‍ക്കായി ഇഷ്ടപ്പെട്ട കാര്‍ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളോടുകൂടിയ, ഉള്ളില്‍ സമ്മാനങ്ങള്‍ ഒളിപ്പിച്ചുവെച്ച ചോക്ലേറ്റ് മുട്ടകളും, ചോക്ലേറ്റ് ബണ്ണികളും കൊണ്ട് നിറഞ്ഞിട്ടുണ്ടാവും. കടുംശൈത്യം അവസാനിച്ച് നല്ല തെളിഞ്ഞ വെയിലുള്ള, ദൈര്‍ഘ്യം കൂടിയ പകലുള്ള വസന്തകാലത്താണ് യൂറോപ്പിലെ ഈസ്റ്റര്‍ ആഘോഷമെന്നതിനാല്‍ ഈസ്റ്റര്‍ എന്ന പേര് സൂചിപ്പിക്കുന്നതു പോലെ പുതുജീവന്‍റെ പ്രതീകമായാണ് ഈസ്റ്റര്‍ മുട്ടയും ബണ്ണിയും ഈ ആഘോഷത്തിന്‍റെ ഭാഗമായി മാറുന്നത്…

ഓരോ പുല്‍നാമ്പിലും പൂക്കള്‍ വിരിയുന്ന വര്‍ണ്ണാഭമായ വസന്തകാല ആഘോഷമാണിത്. നാല്‍പതു ദിവസം ആഘോഷപരിപാടികളും, മംസവിഭവങ്ങളും വര്‍ജ്ജിച്ച്, ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും കുമ്പസാരത്തിലൂടെയും ആത്മാവിനെ പവിത്രമാക്കി ഈസ്റ്ററിനെ വരവേല്‍ക്കുന്നു. ക്രിസ്തുമസ് കഴിഞ്ഞാല്‍ ഏറെ ആഘോഷിക്കപ്പെടുന്ന ഒരു വലിയ ഉത്സവമാണ് ഈസ്റ്റര്‍ എന്നുതന്നെ പറയാം. പള്ളികളില്‍ പ്രത്യേകമായ ചടങ്ങുകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. കട്ടികൂടിയ ഇരുണ്ട കമ്പിളിവസ്ത്രങ്ങള്‍ക്ക് പകരം തെളിഞ്ഞ നിറങ്ങളുള്ള വസന്തകാല പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ആഘോഷിക്കുന്ന ഒരു ഉത്സവം. നിറമുള്ള ഈസ്റ്റര്‍ മുട്ടകള്‍ കുട്ടകളില്‍ നിരത്തി വീടുകള്‍ അലങ്കരിച്ചും, ഉറ്റബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ കൈമാറിയും ഇവര്‍ ഈസ്റ്ററിനെ അവിസ്മരണീയമാക്കുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ തീന്‍മേശകളില്‍ വീഞ്ഞും, വിവിധതരം ചീസുകളും, ബ്രെഡുകളും, നാനാതരം മാംസ്യവിഭവങ്ങളും നിരക്കുമെങ്കിലും പ്രധാന വിഭവം ആട്ടിറച്ചിയാണ് (മാട്ടിറച്ചി— lamp) എന്ന് പറയാതെ വയ്യ. മുട്ടയും ചീസുകളും പ്രധാന ചെരുവയാകുന്ന വിവിധയിനം ഉപ്പ് കേക്കുകളും (salt cakes) മേശകളില്‍ നിരന്നിട്ടുണ്ടാവും.

ഇറ്റലിയിലെ സിസിലിയില്‍ ആട്ടിന്‍കുട്ടിയുടെ ആകൃതിയിലുള്ള മധുരപലഹാരം (ല പേക്കോറെല്ല) തയ്യാറാക്കി നിറമുള്ള മുട്ടകള്‍, ചോക്ലേറ്റ് മുട്ടകള്‍ എന്നിവ കൊണ്ട് അലങ്കരിച്ച് സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന ഒരു ചടങ്ങ് കൂടെയുണ്ട്. ബദാമും പഞ്ചസാരയും കുഴച്ചുണ്ടാക്കുന്ന മാവ് ആട്ടിന്‍കുട്ടിയുടെ ആകൃതിയിലുള്ള മോള്‍ഡുപയോഗിച്ച് തയ്യാറാക്കി നിറം കൊടുത്ത് സമ്മാനിക്കുന്ന ഒരു ഈസ്റ്റര്‍ വിഭവമാണിത്.

ഈസ്റ്റര്‍ കേക്ക്;

ഇറ്റലിയിലെ ഈസ്റ്ററിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണം ‘ല കൊളോമ്പ’ (La Comlomba) എന്ന പേരില്‍ അറിയപ്പെടുന്ന പ്രാവിന്‍റെ ആകൃതിയിലുള്ള കേക്ക് ആണ്. ‘കൊളോമ്പ’ എന്നാല്‍ പ്രാവ് എന്നര്‍ത്ഥം. ഓറഞ്ച് തൊലികളും, വാനിലയും, ഉണക്കപഴങ്ങളും ചേര്‍ത്ത് ഉണ്ടാകുന്ന ഈ മാര്‍ദ്ദവമേറിയ കേക്കിനു പിന്നിലും ഒരു കഥയുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കഥയാണിത്..

AD 572 ഇല്‍ പാവിയ എന്ന ഇറ്റാലിയന്‍ പട്ടണം ഭരിച്ചിരുന്ന ലോമ്പാര്‍ദോ രാജാവ് ‘ആല്‍ബോയിന്‍’ (The Lombard Kind Alboin) തന്‍റെ പ്രജകളോട് സ്വര്‍ണ്ണവും, വിലകൂടിയ രത്നങ്ങളും, മുത്തുകളും, കൂടാതെ 12 മധുരപ്പതിനാറുകാരി പെണ്‍കുട്ടികളെയും സമ്മാനിക്കാന്‍ ആവശ്യപ്പെട്ടു. പ്രജകള്‍, രാജാവിന്‍റെ കല്‍പ്പന പ്രകാരം ആവശ്യപ്പെട്ട സമ്മാനങ്ങള്‍ അദ്ദേഹത്തിനു മുന്‍പില്‍ സമര്‍പ്പിച്ചു. സമ്മാനങ്ങളോടൊപ്പം രാജാവിന്‍റെ പാചകക്കാരന്‍ പ്രത്യേകമായി തയ്യാറാക്കിയ പ്രാവിന്‍റെ ആകൃതിയിലുള്ള ഒരു കേക്കും ഉണ്ടായിരുന്നു. ഭയാശങ്കകളാല്‍ കലുഷിതമായ പന്ത്രണ്ട് ജോഡി കണ്ണുകള്‍ കാണ്‍കെ രാജാവ് ആദ്യമേ ആ കേക്ക് മുറിച്ചുകഴിച്ചു. വളരെ മൃദുവും, മാധുര്യമാര്‍ന്നതുമായ ആ കേക്കില്‍ ആകൃഷ്ടനായ രാജാവ്, പാചകക്കാരനെ അനുമോദിക്കുകയും, ‘ഇനി മേലില്‍ പ്രാവുകളെ താന്‍ ഉപദ്രവിക്കുകയില്ല എന്നും, അവയെ സംരക്ഷിക്കു’മെന്നും പ്രഖ്യാപിച്ചു.

കേക്ക് കഴിച്ചുകഴിഞ്ഞ ഉടനെ അദ്ദേഹം ആദ്യത്തെ പെണ്‍കുട്ടിയെ തന്‍റെ അടുക്കലേക്ക് വിളിച്ചു, ‘നിന്‍റെ പേരെന്താ’ണെന്ന് ചോദിച്ചു. ഭയന്ന് വിറച്ച ആ പെണ്‍കുട്ടി വളരെ മൃദുവായ ശബ്ദത്തില്‍ പറഞ്ഞു, ‘കൊളോമ്പ’. അദ്ദേഹം അവളെ മാറ്റിനിറുത്തി. അടുത്ത പെണ്‍കുട്ടിയെ വിളിച്ചു. അവളും തന്‍റെ പേര് ‘കൊളോമ്പ’ എന്നു പറഞ്ഞു.

അതോടെ രാജാവ് വിഷമവൃത്തത്തിലായി. എന്നിരുന്നാലും തന്‍റെ വാക്ക് പാലിക്കാന്‍ രാജാവ് തീരുമാനിക്കുകയും ആ പന്ത്രണ്ട് പെണ്‍കുട്ടികളെയും സ്വതന്ത്രരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. അങ്ങനെ പ്രാവ് സ്വാതന്ത്രത്തിന്‍റെയും, സമാധാനത്തിന്‍റെയും ചിഹ്നമായി മാറുകയും കൊളോമ്പ എന്ന കേക്ക് പിന്നീട് ഇറ്റലിയുടെ ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മാറുകയും ചെയ്തു…

ഈസ്റ്റര്‍ മുട്ട;

ഈസ്റ്റര്‍ സമയത്ത് പല നിറങ്ങളില്‍ അലങ്കരിച്ച മുട്ടകള്‍ കുട്ടയിലാക്കി വീട് അലങ്കരിക്കുന്ന പതിവുണ്ട്. പതിമൂന്നാം നൂറ്റാണ്ട് മുതല്‍ ഈസ്റ്ററുമായി ബന്ധപ്പെട്ട് ‘ഈസ്റ്റര്‍ മുട്ട’കള്‍ പ്രചാരത്തിലുണ്ടെങ്കിലും അതിന്‍റെ പിന്നില്‍ പല കഥകളും പ്രചരിക്കുന്നുണ്ട്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ റഷ്യന്‍ ജനതയാണ് മുട്ടകളില്‍ നിറം കൊടുത്തും, അലങ്കാരപ്പണികള്‍ ചെയ്തും ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനങ്ങളായി കൈമാറി തുടങ്ങിയത് എന്ന് ചരിത്രം പറയുന്നു.

‘മുട്ട’ പുതുജീവന്‍റെ പ്രതീകമാണ്. മുട്ടയുടെ തോട് യേശുവിന്‍റെ കല്ലറയായും, മുട്ടത്തോട് പൊട്ടിച്ച് കോഴിക്കുഞ്ഞ് ജനിക്കുന്നത് പുനരുത്ഥാനത്തെയും പ്രതിനിധാനം ചെയ്യുന്നു എന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. എന്നാല്‍ ചിലര്‍ മുട്ടയെ ‘യേശുവിനെ അടക്കം ചെയ്ത കല്ലറയുടെ മൂടി’യായും സങ്കപ്പിക്കാറുണ്ട്.

അടുത്തത്, പ്രാചീന കാലത്ത് വലിയ നോമ്പില്‍ മുട്ട വര്‍ജ്ജിച്ചിരുന്നു എന്നും, അങ്ങനെ ഓരോ ദിവസത്തെയും മുട്ട സൂക്ഷിച്ചുവെച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഭക്ഷിക്കുക എന്ന രീതി നിലനിന്നിരുന്നു എന്ന വാദമാണ്.

ഈസ്റ്റര്‍ ബണ്ണി;

ഈസ്റ്റര്‍ ബണ്ണി എന്ന പേരില്‍ ഒരു മുയല്‍ക്കുഞ്ഞിന്‍റെ രൂപത്തിലുള്ള കളിപ്പാട്ടങ്ങളും, ചോക്ലേറ്റുകളും, അലങ്കാര വസ്തുക്കളും ഈസ്റ്റര്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണെങ്കിലും അതിന്‍റെ പിന്നിലെ കഥയും ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്‌. കൃത്യമായ ചരിത്രം അജ്ഞാതമാണെങ്കിലും യൂറോപ്പിലെ വിജാതീയ പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയായാണ് ഈസ്റ്റര്‍ ബണ്ണികള്‍ കരുതിപ്പോരുന്നത്.

ഏറെ പ്രചാരത്തിലുള്ള ഐതീഹ്യം, വസന്തത്തിന്‍റെയും പ്രത്യുല്‍പ്പാദനത്തിന്‍റെയും ദേവതയായ ‘ഈസ്തെര്‍’\’എസ്തേറു’മായി ബന്ധപ്പെട്ടതാണ്. (The Anglo— Saxon Goddess of Spring , Eastre\ Eostre or Oestre) കിഴക്കുദിക്കുന്നപ്രകാശം, അരുണശോഭയുള്ളവള്‍ എന്നൊക്കെ അര്‍ത്ഥംവരുന്ന ഈസ്തെര്‍ വിജാതീയ ദേവതയാണ്. ജര്‍മ്മന്‍ ഭാഷയില്‍ ഒസ്താര എന്ന് പേരുള്ള ഈ ദേവത സൂര്യോദയത്തിന്‍റെയും വസന്തകാലത്തിന്‍റെയും ദേവതയായി കണക്കാക്കപ്പെടുന്നു. ക്രിസ്തുമതം സ്വീകരിക്കുന്നതിനു മുന്‍പ് ഈ ദേവതയെ റോമന്‍ ജനത ആരാധിച്ചിരുന്നു എന്ന് പറയപ്പെടുന്നു. സ്ത്രീ ലൈംഗികഹോര്‍മോണായ ഈസ്ട്രോജന്‍ (Estrogen) എന്ന പേര്, ഈ ദേവതയുടെ പേരില്‍ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.
കടുത്ത ശൈത്യം അവസാനിച്ച് സൂര്യപ്രകാശമുള്ള, തെളിഞ്ഞ, ദൈര്‍ഘ്യം കൂടിയ ദിനങ്ങള്‍ സമാഗതമാകുന്ന വസന്തകാലത്ത് പുതുജീവന്‍ ഉത്പാദിപ്പിക്കാനുള്ള അല്ലെങ്കില്‍ പ്രത്യുല്പാദനത്തിനുള്ള ത്വര മനുഷ്യരിലും, മൃഗങ്ങളിലും, സസ്യങ്ങളിലും ജനിപ്പിക്കുന്നത് ഈ ദേവത ആണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. കാണാന്‍ അഴകും ഓമനത്തവുമുള്ള മുയല്‍ക്കുട്ടി എസ്തേര്‍ ദേവതയുടെ സന്തതസഹചാരിയാണെന്നും, ‘ഈസ്റ്റര്‍’ എന്ന പേരിനൊപ്പം മുയല്‍ക്കുട്ടിയും ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി മാറിയതാണെന്നും പറയപ്പെടുന്നു.

ഈസ്റ്റര്‍ ബണ്ണിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അനവധി കഥകളില്‍ ഒന്ന്, വസന്തകാലത്ത് നിറമുള്ള മുട്ടയിടുന്ന ‘ഒസ്തെര്‍ഹെസ്’ (Osterhase or Oschter Haws) എന്ന മുയലുമായി ബന്ധപ്പെട്ടതാണ്. കുട്ടികള്‍, ഈ സാങ്കല്‍പ്പിക മുയലിന് മുട്ടയിടാനായി പുല്‍ത്തകിടികള്‍ അല്ലെങ്കില്‍ “ഈസ്റ്റര്‍ ഗ്രാസ്” ഈസ്റ്ററിനു ദിവസങ്ങള്‍ക്ക് മുന്നേ ധാന്യങ്ങള്‍ പാകി മുളപ്പിച്ച് തയ്യറാക്കാറുണ്ട്. ഇങ്ങനെ തയ്യാറാക്കുന്ന പുല്‍ത്തകിടി ഒരു കുട്ടയില്‍ സെറ്റ് ചെയ്ത് മുയല്ക്കുഞ്ഞിനും, കോഴിക്കുഞ്ഞിനും ഒപ്പം ചോക്ലേറ്റ് മുട്ടകളും നിരത്തി കുട്ടികള്‍ക്കുള്ള ഈസ്റ്റര്‍ സമ്മാനം തയ്യാറാക്കുന്ന പതിവുണ്ട്