Latest NewsNewsIndia

പശുക്കിടാവിനെ കൊന്നതിന് പാപ പരിഹാരം: അഞ്ച് വയസുകാരിയായ മകളുടെ വിവാഹം നടത്താന്‍ പിതാവിനോട് പഞ്ചായത്ത്‌

ഭോപാല്‍•പശുക്കിടാവിനെ കൊന്ന പാപം തീരാന്‍ അഞ്ച് വയസുകാരിയായ സ്വന്തം മകളെ വിവാഹം കഴിപ്പിച്ചു അയക്കാന്‍ പിതാവിനോട് സമുദായ പഞ്ചായത്തിന്റെ (ഗ്രാമപഞ്ചായത്ത്‌ അല്ല ) നിര്‍ദ്ദേശം. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. ഇതിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ജില്ല ഭരണകൂടത്തെ സമീപിച്ചതോടെയാണ് ഈ വിചിത്രമായ സംഭവം പുറത്തുവന്നത്.

ബന്ജറ സമുദായത്തിന് ഭൂരിപക്ഷമുള്ള അരോണ്‍ താലൂക്കിലെ താരാപൂര്‍ ഗ്രാമത്തിലെ സമുദായ പഞ്ചായത്താണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹം തടയണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടിയുടെ മാതാവ്‌ ജില്ലാ ഭരണകൂടാതെ സമീപിച്ചത്. നാല് മാസം മുന്‍പാണ്‌ പഞ്ചായത്ത്‌ ഇത്തരമൊരു ഉത്തരവിട്ടതെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിയാസ് ഖാന്‍ പറഞ്ഞു.

മാതാവിന്റെ പരാതിയെത്തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥ സംഘം കഴിഞ്ഞദിവസം ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തി. സ്ഥലത്തെ അംഗന്‍വാടി ജീവനക്കാരിയോട് സംഭവത്തെക്കുറിച്ച് നിരീക്ഷിക്കാനും റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഖാന്‍ പറഞ്ഞു.

നാല് മാസം മുന്‍പ് തന്റെ ഭര്‍ത്താവ് പറമ്പില്‍ കയറിയ ഒരു പശുക്കുട്ടിയെ ഓടിക്കാന്‍ കല്ലെടുത്ത് എറിഞ്ഞിരുന്നു. പക്ഷേ, ഏറു കൊണ്ട പശുക്കിടാവ്‌ പിന്നീട് ചത്തുപോവുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

പ്രശ്നത്തില്‍ ഇടപെട്ട സമുദായ പഞ്ചായത്ത്‌ കുടുംബത്തിന് ഭ്രഷ്ട് കല്‍പ്പിച്ചു. കൂടാതെ തീര്‍ഥാടനത്തിന് പോകാനും പിന്നീട് ഗ്രാമത്തിലെ എല്ലാവര്‍ക്കും അന്നദാനം നടത്താനും നിര്‍ദ്ദേശിച്ചിരുന്നു.

കുടുംബം ഇക്കാര്യങ്ങള്‍ സമ്മതിച്ചെങ്കിലും ബഹിഷ്കരണം പിന്‍വലിക്കാന്‍ സമുദായം തയ്യാറായില്ല.

വിവാഹപ്രായമായ നിരവധി യുവാക്കള്‍ ഗ്രാമത്തില്‍ ഉണ്ടെങ്കിലും പശുക്കുട്ടിയുടെ മരണം മൂലം അവരുടെ വിവാഹങ്ങളെല്ലാം മുടങ്ങിപ്പോവുകയാണെന്നാണ് പഞ്ചായത്ത്‌ പറയുന്നത്.

ഗ്രാമത്തിലെ ഒരു എട്ടുവയസുകാരനുമായാണ് അഞ്ച് വയസുകാരിയുടെ വിവാഹം പഞ്ചായത്ത്‌ നിശ്ചയിച്ചിരിക്കുന്നത്.

വിവാഹം തടയണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ 14 നാണ് മാതാവ് അധികൃതരെ സമീപിച്ചത്. ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭാഗമായി പെണ്‍കുട്ടിയുടെ പിതാവ്, വരനായ 8 വയസുകാരന്‍ എന്നിവര്‍ ഉള്‍പ്പടെ നാല് പേരോട് 20,000 കെട്ടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഖാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button