കേന്ദ്രസര്‍ക്കാറിന്റെ അടുത്ത പിടി വീണത് ഭൂമി-വസ്തു കൈമാറ്റ രജിസ്‌ട്രേഷനില്‍ : നിയമം പ്രാബല്യത്തില്‍

25541

ന്യൂഡല്‍ഹി :  രാജ്യത്ത് നിന്ന് അഴിമതി തുടച്ചു നീക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത പടി വസ്തു-ഭൂമി കൈമാറ്റ രജിസ്‌ട്രേഷനില്‍.          വസ്തുകൈമാറ്റ രജിസ്‌ട്രേഷനില്‍  പണം കൈമാറ്റം ബാങ്കുവഴി മാത്രമാക്കുന്നതിന് രജിസ്േട്രഷന്‍ വകുപ്പ് പിടിമുറുക്കി. രണ്ടു ലക്ഷത്തിലധികമുള്ള കൈമാറ്റങ്ങളുടെ രജിസ്േട്രഷനാണ് വകുപ്പ് നിര്‍ബന്ധമാക്കിയത്. ഇതോടെ ഭൂമി കൈമാറ്റം ചെയ്യുന്ന ഭൂവുടമകള്‍ക്കും വസ്തു വാങ്ങുന്നവര്‍ക്കും ബാങ്ക് അക്കൗണ്ടില്ലാതെ രജിസ്േട്രഷന്‍ നടക്കാത്ത സ്ഥിതിയായി. എന്നാല്‍, 20,000 രൂപക്ക് മുകളിലെ ഇടപാടുകളെല്ലാം ബാങ്ക് അക്കൗണ്ട് വഴിയാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്േട്രഷന്‍ വകുപ്പിന് നല്‍കിയ നിര്‍ദേശം.

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്ന ആധാരത്തില്‍ വസ്തു വാങ്ങുന്ന ആള്‍ ഏതുവിധമാണ് പണം നല്‍കുന്നതെന്നും ബാങ്ക് ചെക്ക് -ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ മുഖേനയാണെങ്കില്‍ അതിന്റെ നമ്പറും ആധാരത്തില്‍ പ്രതിപാദിക്കണം. ഡിജിറ്റല്‍ ഇടപാടു വഴിയാണ് പണം കൈമാറ്റം നടത്തുന്നതെങ്കില്‍ ആ വിവരവും രേഖപ്പെടുത്തണം.

10 ലക്ഷത്തിലധികമുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2016 ജനുവരിയില്‍ സംസ്ഥാനത്തെ രജിസ്റ്ററിങ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ ഭൂമി ഇടപാടുകളുടെ പണം കൈമാറ്റം നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം നല്‍കിയിരുന്നു. അതിനെത്തുടര്‍ന്ന് ചില സബ് രജിസ്ട്രാര്‍മാര്‍ ഇടപാടുകള്‍ക്ക് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കൃഷിഭൂമി നല്‍കി പകരം താമസയോഗ്യമായ വീടുകളും സൗകര്യപ്രദമായ വസ്തുക്കളും വാങ്ങുന്ന രീതി നിലവിലുണ്ട്. ഇത്തരത്തിലെ കൈമാറ്റങ്ങള്‍ ബാങ്കു വഴിയാക്കുന്നത് കൈമാറ്റം ചെയ്യുന്നവരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. വസ്തു കൈമാറ്റ രജിസ്‌ട്രേഷനില്‍ പണമിടപാടുകള്‍ക്കു കൂടി രജിസ്േട്രഷന്‍ വകുപ്പ് പിടിമുറുക്കിയതോടെ വസ്തുക്കളുടെ കൈമാറ്റങ്ങളില്‍ ഗണ്യമായ തോതില്‍ കുറവ് വന്നു.

ഭൂമി വാങ്ങി പ്ലോട്ടുകളായി വില്‍പന നടത്തുന്ന സംഘങ്ങള്‍ പിന്‍വലിഞ്ഞതോടെ വസ്തുവിന് വന്‍ വിലക്കുറവ് നേരിട്ടിട്ടുണ്ട്. റബറിന്റെ വിലയിടവ് കാരണം തോട്ടങ്ങളുടെ വിലയിലും ഇടിവുണ്ടായി. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഏക്കര്‍ കണക്കിന് തോട്ടങ്ങള്‍ വില്‍പനക്കുണ്ടെന്ന് കാട്ടി ഉടമകള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.