Latest NewsIndiaNews

മാണിയും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക്….?

ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ ചര്‍ച്ചകള്‍ ഉപരാഷ്ട്രപതി പദത്തിലേക്ക് കടക്കുന്നു. രാജ്യത്തെ രണ്ടാമത് പൗരനാകുന്നതിനുള്ള മത്സരത്തില്‍ മലയാളികള്‍ ആണെന്നതാണ് കൗതുകകരം. എല്ലാവരും യുഡിഎഫ് രാഷ്ട്രീയമായി ബന്ധപ്പെട്ടവരും. രാഷ്ട്രപതി സ്ഥാനത്തേക്ക് എല്‍.കെ അദ്വാനിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്ന പക്ഷം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നോമിനിയെ പിന്തുണക്കാന്‍ ബിജെപിയും തയ്യാറാകും.

പക്ഷേ , അത് തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ ആളാകണമെന്ന് മാത്രം. പ്രത്യേകിച്ചും ക്രൈസ്തവ വിഭാഗത്തില്‍പെട്ട ഒരാളെ ഉപരാഷ്ട്രപതി ആക്കണമെന്നാണ് ബിജെപിയുടെ ഇംഗിതം എന്നറിയുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനാണ് ഇക്കാര്യത്തില്‍ പ്രഥമ പരിഗണന. സഭ നിയന്ത്രിച്ചുള്ള പരിചയവും സഭയില്‍ ബിജെപിക്ക് അനുകൂലമായി എടുത്ത നിലപാടുകളും കുര്യന് ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ പോലും ബിജെപിയോട് മൃദുസമീപനമാണ് കുര്യന്‍ സ്വീകരിച്ചിട്ടുള്ളതും.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായ സൂര്യനെല്ലി കേസില്‍ കുര്യന് വേണ്ടി ഹാജരായതും മുതിര്‍ന്ന ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്ലി ആയിരുന്നു. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ അഭിഭാഷകര്‍ കോണ്‍ഗ്രസില്‍ തന്നെ ഉള്ളപ്പോഴാണ് നിര്‍ണ്ണായകമായ കേസ് നടത്താന്‍ ജയ്റ്റ്ലി എന്ന ബിജെപി നേതാവിനെ കുര്യന്‍ ആശ്രയിച്ചത്. ഇന്ന് അതേ ജയ്റ്റ്ലിയാണ് മോദി മന്ത്രിസഭയിലെ രണ്ടാമന്‍.

കൂടാതെ മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരും. പഴയ കുര്യനാകട്ടേ ഇന്ന് രാജ്യസഭയുടെ ഉപാധ്യക്ഷനും! മാത്രമല്ല , രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന വ്യക്തിയും കുര്യന്‍ തന്നെ. കൂടാതെ ആര്‍എസ്എസിനും താല്‍പര്യമുള്ള നേതാവ്. മോഹന്‍ ഭഗവതുമായി ഏറ്റവും അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവുമാണ് പി ജെ കുര്യന്‍. ഈ ഘടകങ്ങളെല്ലാം കുര്യന് തുണയാകുമെന്ന് കരുതുന്നു.

എന്നാല്‍ അപ്രതീക്ഷിതമായ മറ്റൊരു കരുനീക്കത്തിന് അമിത് ഷാ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. കേരളത്തിന്റെ രാഷ്ട്രീയ ചാണക്യന്‍ സാക്ഷാല്‍ കെഎം മാണിയെ ഉപരാഷ്ട്രപതി ആക്കണമെന്ന ആഗ്രഹം അമിത്ഷാക്ക് ഉണ്ട്. ഇതുവഴി ലക്ഷക്കണക്കിന് വരുന്ന കത്തോലിക്ക വിശ്വാസികളുടെ പിന്തുണ നേടാമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു. കൂടാതെ , ഇത് സാധ്യമായാല്‍ കേരള കോണ്‍ഗ്രസ് കേരളത്തില്‍ എന്‍ഡിഎയുടെ ഭാഗമാവുകയും ചെയ്യും.

അങ്ങനെ സംഭവിച്ചാല്‍ അതിശക്തമായ ത്രികോണ മത്സരമാകും അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നടക്കുക. മാത്രമല്ല 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് 11 സീറ്റ് എന്ന ബിജെപി ലക്ഷ്യത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുകയും ചെയ്യും. പക്ഷേ , ഇത്തരമൊരു വമ്പന്‍ ‘ഓഫര്‍’ ലഭിച്ചിട്ടും കെഎം മാണി താല്‍പര്യം എടുത്തിട്ടില്ലെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്ന് അറിയുന്നത്. കാരണം, കത്തോലിക്ക സഭ ഇതുവരെയും ഈ നീക്കത്തിന് പച്ചക്കൊടി കാട്ടിയിട്ടില്ലത്രേ. അതേസമയം സഭ അനുകൂലമായാല്‍ മാണിക്കും താല്‍പര്യം എന്ന് തന്നെയാണ് സൂചനകള്‍.

എന്നാല്‍, നിലവിലെ എംപിയും മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറലുമായ ശശി തരൂരാണ് മോദിയുടെ മനസിലുള്ളതെന്നാണ് സൂചനകള്‍. അന്താരാഷ്ട്ര രംഗത്ത് തരൂരിന്റെ ദീര്‍ഘകാല അനുഭവം ഗുണകരമാകുമെന്ന് പ്രധാനമന്ത്രി കണക്ക് കൂട്ടുന്നു. രാജ്യാന്തര തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി ഏറ്റവും കൂടുതല്‍ പ്രസ്താവനകള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാവും തരൂരാണ്. ഇതൊക്കെ ബിജെപിയോട് അടുക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

അതേസമയം മുന്‍ പ്രതിരോധമന്ത്രി എകെ ആന്റണിയെ ഉപരാഷ്ട്രപതി ആക്കണമെന്ന ആഗ്രഹം കോണ്‍ഗ്രസ് ഹൈക്കമാന്റിനുണ്ട്. പക്ഷേ , ബിജെപി നേതൃത്വം ആന്റണിയുടെ കാര്യത്തില്‍ അശേഷം താല്‍പര്യം കാണിക്കാനുള്ള സാധ്യത ഇല്ല. ഇത് ആന്റണിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. മറിച്ച് സംഭവിക്കണമെങ്കില്‍ അത്ഭുതം സംഭവിക്കണം. എന്തായാലും അടുത്ത ഉപരാഷ്ട്രപതി ആരെന്ന ചോദ്യത്തിന് ഇരു പാര്‍ട്ടികളുടെയും മനസില്‍ ഉള്ളത് മലയാളികള്‍ ആണെന്നത് കേരളീയര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button