ഹജ്ജ് യാത്രയില്‍ രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുപോകരുതെന്ന് നിര്‍ദേശം

533
new-currency-banned
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചവര്‍ സൗദിയിലേക്ക് പോകുമ്പോള്‍ പുതിയ 2,000 രൂപയുടെ നോട്ട് കൈവശം വെക്കരുതെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിര്‍ദേശം. ഇതുസംബന്ധിച്ച് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മുംബൈയില്‍ കഴിഞ്ഞദിവസം സമാപിച്ച ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനക്ലാസില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പിന്നാലെ അയക്കും.

രാജ്യത്തിന്റെ കറന്‍സി സുരക്ഷ മുന്‍ നിര്‍ത്തിയാണ് 2000 രൂപയുടെ നോട്ടിന് തീര്‍ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്നാണ് വിവരം. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ കറന്‍സി ലഭ്യമാകുകയും അതുവഴി വ്യാജ നോട്ടുകള്‍ പുറത്തിറക്കുന്നത് തടയാനുമാണ് ഈ തീരുമാനമെന്ന് കരുതുന്നു. പുതിയ 500 രൂപ നോട്ട് കൊണ്ടുപോകുന്നതിന് നിരോധനമില്ല. ഒരു തീര്‍ഥാടകന് പരമാവധി 25,000 രൂപ വരെ കൈവശം വെക്കാനും അനുമതിയുണ്ട്. എന്നാല്‍ ഇതില്‍ 2000 രൂപ നോട്ട് അനുവദിക്കില്ല.