Latest NewsNewsIndia

പുത്രാവാകാശത്തര്‍ക്കം : ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനമെടുത്തു

ചെന്നൈ•പുത്രാവാകാശത്തര്‍ക്ക കേസില്‍ നടന്‍ ധനുഷിന് വിജയം. ധനുഷിന്റെ മാതാപിതാക്കള്‍ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

മധുര ജില്ലയിലെ മേലൂരിനടുത്തു മാലംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശന്‍(65)-മീനാക്ഷി (53) ദമ്പതികളാണു ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടു പോയതാണെന്നും തങ്ങളെ സംരക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. 65,000 രൂപ പ്രതിമാസം ധനുഷ് തങ്ങള്‍ക്ക് നല്‍കണമെന്നും ദമ്പതികള്‍ ആവശ്യം ഉന്നയിച്ചിരുന്നു.

ദമ്പതികൾ സമർപ്പിച്ച തെളിവികൾക്കെതിരെ മെഡിക്കൽ റിപ്പോർട്ടും നേരത്തെ പുറത്തുവന്നിരുന്നു. ദമ്പതികള്‍ അവകാശപ്പെടുന്ന തരത്തിലുള്ള അടയാളങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്.

ദമ്പതികള്‍ ഹാജരാക്കിയ രേഖകള്‍ പ്രകാരം താടിയില്‍ ഒരു കാക്കപ്പുള്ളിയും ഇടതു കൈത്തണ്ടയില്‍ ഒരു കലയുമുണ്ട്. ഇതിനിടെ ധനുഷ് ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതി ജൂലൈ 28, 1983 ആണ്. എന്നാല്‍, 10 വര്‍ഷത്തിനു ശേഷം 1993 ജൂണ്‍ 21നാണ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളത്. ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് രേഖപ്പെടുത്തിയിട്ടില്ല. 10 വര്‍ഷത്തിനു ശേഷം ജനനസര്‍ട്ടിഫിക്കറ്റ് വാങ്ങിയതും ഹരജിക്കാര്‍ സംശയം പ്രകടിപ്പിച്ചു.

1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ഥ പേര് കാളികേശവന്‍ എന്നാണെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു. ധനുഷിന്റെ സ്കൂള്‍ കാലഘട്ടങ്ങളിലെ യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കോടതി ദമ്പതികളോട് ഉത്തരവിട്ടിരുന്നു.

നടനില്‍ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമെന്നാണ് ധനുഷിന്റെ അഭിഭാഷകന്‍ ആരോപിച്ചത്.

ഹോസ്റ്റലില്‍ നിന്നും ഓടിപ്പോയ ധനുഷ് സംവിധായാകന്‍ കസ്തൂരി രാജയെ കണ്ട് മുട്ടിയെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരനായി മാറിയ ധനുഷിനെ പില്‍ക്കാലത്ത് രാജയുടെ കുടുംബം മകനായി അംഗീകരിക്കുകയായിരുന്നു എന്നുമാണ് വൃദ്ധ ദമ്പതികള്‍ അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button